മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് അനുമതി
Wednesday, October 24, 2018 10:49 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ പ്രതീക്ഷകൾ നൽകി കേന്ദ്രസർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യത പഠനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് പുതിയ അണക്കെട്ട്. 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമിക്കാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുന്നത്. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നൽകിയിരിക്കുന്നത്.
50 ഹെക്ടർ വനഭൂമിയാണ് അണക്കെട്ട് നിർമാണത്തിന് ആവശ്യമായി വരുന്നത്. നിർമാണ ഘട്ടത്തിലേക്ക് പോയാൽ തമിഴ്നാടിന്റെ അനുമതി കൂടി തേടേണ്ടി വരും. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്.
നേരത്തെ മുല്ലപ്പെരിയാർ സാധ്യത പഠനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കത്ത് നൽകയതോടെ കേന്ദ്രസർക്കാർ ആദ്യം നൽകിയ അനുമതി റദ്ദാക്കിയിരുന്നു. തുടർന്നു ഇതേ ആവശ്യം ഉന്നയിച്ചു കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് പുതിയ അനുമതി നൽകിയത്.