ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അത്യുത്സാഹത്തോടെയും പ്രാര്‍ഥനകളോടെയും പതിനായിരങ്ങള്‍ രാത്രി മുതല്‍ അബുദാബിയിലെത്തി തുടങ്ങി. സഈദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി പാപ്പാ മൊബീല്‍ വാഹനത്തില്‍ മാര്‍പാപ്പ സ്റ്റേഡിയത്തിലെത്തിലെ ജനക്കൂട്ടത്തിനിടയിലൂടെയെത്തി ആശീര്‍വാദം നല്‍കും.

ഭൂരിപക്ഷം പേര്‍ക്കും മാര്‍പാപ്പയെ തൊട്ടടുത്തു കാണാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാകും മാര്‍പാപ്പ വരുക. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയിട്ടുള്ളത്. മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിട്ടുണ്ട്.

ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെത്തുന്ന വിശ്വാസികൾ അവിടുത്തെ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. വേദിയിലേക്ക് പ്രവേശിക്കുമ്പോൾ ചില വസ്തുക്കൾ നിങ്ങളുടെ കൈവശമില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരം വസ്തുക്കൾ സുരക്ഷാ ചെക്പോയിന്‍റിൽ നടത്തുന്ന പരിശോധനയിൽ പിടിച്ചെടുക്കുന്നതായിരിക്കും.

നിയന്ത്രണങ്ങൾ

$ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള പാസും ട്രാന്‍സ്‌പോര്‍ട്ട് ടിക്കറ്റും ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല. രണ്ടു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റും പാസും നിര്‍ബന്ധമാണ്.
$ സ്വന്തമായി ഭക്ഷണവും വെള്ളവും കരുതാവുന്നതാണ്. സ്റ്റേഡിയത്തിലെ സുരക്ഷാ പരിശോധന ഗേറ്റ് വരെ ഇവ കൈവശം വയ്ക്കാം. സ്റ്റേഡിയത്തില്‍ ലഘുഭക്ഷണവും വെള്ളവും വില്‍പനയ്ക്കു ലഭ്യമാകും.
$ ബസില്‍ നിന്ന് ഇറങ്ങി സുരക്ഷാ പരിശോധന കഴിഞ്ഞ് നിര്‍ദിഷ്ട ബ്ലോക്കുകളിലെത്തി നിലയുറപ്പിക്കണം.
$ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാരിന്റെ കര്‍ശന സുരക്ഷ പരിശോധന ഉണ്ടായിരിക്കും. പൊതുസുരക്ഷയ്ക്കു ഭീഷണിയോ, ഹാനികരമോ ആകാവുന്ന ഒന്നും സ്‌റ്റേഡിയത്തില്‍ അനുവദിക്കില്ല.

സുരക്ഷാ നിര്‍ദേശങ്ങൾ

ഒരു കാരണവശാലും കൊണ്ടുവരാന്‍ പാടില്ലാത്തവ

o ലൈറ്ററുകള്‍, തീപ്പെട്ടികള്‍, മറ്റു പുകവലി, തീ കത്തിക്കല്‍ സാധനങ്ങള്‍.
o എല്ലാവിധ ആയുധങ്ങളും, കത്തികള്‍, ബ്ലേഡ്, മൂര്‍ച്ചയുള്ള സാധനങ്ങള്‍, തോക്ക് അടക്കമുള്ളവ.
o ഗ്യാസ് സ്‌പ്രേകള്‍, തീ കത്താവുന്നവ വസ്തുക്കൾ, ഡൈകള്‍, ഹാനികരമായ മറ്റുള്ളവ.

o വിവിധ കുപ്പികള്‍, ഗ്ലാസുകള്‍, പൊട്ടാവുന്ന മറ്റുള്ളവ, ടെട്രാ പാക്ക്, കൂളര്‍ ബോക്‌സുകള്‍.
o ബലൂണുകള്‍, വലിയ അളവില്‍ പേപ്പര്‍ റോളുകള്‍ തുടങ്ങിയവ.
o പടക്കങ്ങള്‍, വെടിമരുന്നുകള്‍, പുക ബോംബുകള്‍, സ്‌മോക് കാനിസ്‌റ്റേഴ്‌സ്, പൈറോടെക്‌നിക്കുകള്‍ തുടങ്ങിയവ.
o മെഗാഫോണുകള്‍, ഹൂട്ടറുകള്‍, ഹോണുകള്‍, ചെണ്ടകള്‍ അടക്കമുള്ള ശബ്ദ ഉപകരങ്ങള്‍.
o എല്ലാ വിധത്തിലുള്ള മദ്യം, ലഹരി വസ്തുക്കള്‍.
o ലേസര്‍ പോയിന്‍ററുകള്‍, ലേസര്‍ ലൈറ്റുകള്‍.
o വംശീയമോ, വര്‍ഗീയമോ, സംഘര്‍ഷവും ആശങ്കയും വളര്‍ത്തുന്നതോ ആയ ബാനറുകള്‍, തുണികള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍, ചിഹ്നങ്ങള്‍, മറ്റു സൈനുകള്‍, ലഘുലേഖകള്‍ അടക്കം ദിവ്യബലിയുടെ പവിത്രതയ്ക്കു ദോഷം വരുന്നവ.
o വീഡിയോ കാമറകള്‍, വീഡിയോ, ശബ്ദ റിക്കോര്‍ഡിംഗ് ഉപകരണങ്ങള്‍, ഒന്നിലേറെ ഫോട്ടോ കാമറകള്‍. (സ്വകാര്യ ഉപയോഗത്തിനുള്ള ചെറിയ കാമറകളും അവയുടെ ഒരു സെറ്റ് ബാറ്ററിയും അനുവദിച്ചിട്ടുണ്ട്.)
o എല്ലാവിധ മൃഗങ്ങള്‍.
o ശബ്ദം, ഫോട്ടോ, വീഡിയോ തുടങ്ങിയവ സംപ്രേക്ഷണം ചെയ്യാവുന്ന കംപ്യൂട്ടറുകള്‍, മറ്റ് സമാന ഉപകരണങ്ങള്‍.
o എല്ലാ വിധത്തിലുള്ള വാണിജ്യ, പരസ്യ, പ്രമോഷണല്‍ ബാനറുകൾ, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, ലഘുലേഖകള്‍.
o വലിയ അളവുകളില്‍ ഭക്ഷണ, പാനീയങ്ങള്‍. (അവശ്യത്തിന് ചെറിയ അളവിലുള്ള ഭക്ഷണം സുരക്ഷാ ഗേറ്റ് വരെ അനുവദിച്ചിട്ടുണ്ട്.)
o സ്യൂട്ട് കേസുകള്‍, വലിയ ബാഗുകള്‍, സ്‌പോര്‍ട്‌സ് ബാഗുകള്‍, ഏണികള്‍, പെട്ടികള്‍, പേപ്പര്‍ ബോക്‌സുകള്‍, കസേരകള്‍. (സീറ്റിനടിയില്‍ വയ്ക്കാവുന്ന 25 സെന്‍റിമീറ്ററില്‍ കൂടാത്ത വീതിയും ഉയരവുമുള്ള ബാഗുകളും മടക്കിവയ്ക്കാവുന്ന 60 x 40 സെന്‍റിമീറ്റര്‍ വരെയുള്ള കസേരകളും അനുവദിക്കും).