ആദരാഞ്ജലി, പ്രണാമം... നിറമിഴികളോടെ പാലാ
Thursday, April 11, 2019 3:49 PM IST
പാലാ: അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ മുതൽ പാലായിലെയും പരിസരപ്രദേശങ്ങളിലെയും പ്രവർത്തകരും നാട്ടുകാരും കരിങ്ങോഴയ്ക്കൽ വീട്ടിലും പാലായിലും എത്തിക്കൊണ്ടേയിരുന്നു. വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാൻ പാലാ ഒന്നാകെ കാത്തുനിന്നു. ആൾക്കൂട്ടത്തെ ആവേശമായി കണ്ട ജനനായകന് അന്ത്യയാത്രാമൊഴിയേകാൻ വൻജനാവലിയാണ് കാത്തുനിൽക്കുന്നത്.
പ്രിയങ്കരനായ ജനനേതാവിന് ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡുകളാണ് എവിടെയും ഉയർന്നിരിക്കുന്നത്. നഗരത്തിൽ മാത്രമല്ല നാടിന്റെ മുക്കിലും മൂലയിലും വരെ ജനനായകന് പ്രണാമം അർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നിട്ടുണ്ട്. താഴ്ത്തിക്കെട്ടിയ പാർട്ടി കൊടികൾക്കൊപ്പം ദുഃഖസൂചകമായി കരിങ്കൊടിയും ഉയർന്നിരിക്കുന്നു. ആരും പറയാതെ തന്നെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ആദരാഞ്ജലി ബോർഡുകൾ സ്ഥാപിക്കുന്ന കാഴ്ചയാണുള്ളത്. പാലായിലെ വ്യാപാരികളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും സംഘടനകളും തൊഴിലാളി യൂണിയനുകളും എല്ലാം കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്ളക്സ് ബോർഡുകളും ബാനറുകളും ഉയർത്തിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളും ചിത്രങ്ങളും മാണിസാറിന്റെ ഹൃദയഭേദകമായ കുറിച്ച വാക്കുകളും പതിച്ച ബോർഡുകൾ സ്ഥാപിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തിയതോടെ പാലാ നഗരം ഇന്നലെ ഗതാഗതക്കുരുക്കിലായിരുന്നു.
കേരള കോണ്ഗ്രസ്-എമ്മിന്റെ ട്രേഡ് യൂണിയൻ ഓഫീസുകളിലും തൊഴിലാളി ഓഫീസുകളിലും ഓട്ടോ - ടാക്സി സ്റ്റാൻഡുകളിലും കേരള കോണ്ഗ്രസ് സംഘടകളുടെ കൊടിമരങ്ങളിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും കരിങ്കൊടി ഉയർത്തുകയും ചെയ്തിരുന്നു. മാണിസാർ ചരിത്രമായി മാറുന്പോൾ ആ ചരിത്രത്തിന് സാക്ഷികളായി മാറുകയാണ് പാലാക്കാർ. വെറുമൊരു പാർലമെന്റേറിയനോ മന്ത്രിയോ രാഷ്ട്രീയ നേതാവോ ആയിരുന്നില്ല കെ.എം. മാണി. ആർക്കും എവിടെയും എപ്പോഴും സമീപിക്കാവുന്ന വിശാല വീക്ഷണത്തിന്റെയും ഉന്നതമായ വ്യക്തിത്വത്തിന്റെയും ഉടമയായിരുന്ന അദ്ദേഹത്തോടുള്ള സ്നേഹം കക്ഷിരാഷ്ട്രീയങ്ങൾക്കും മറ്റു വേർതിരിവുകൾക്കും അതീതമാണ്.