കാഷ്മീർ വിഭജനം: ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് മെഹബൂബ
Monday, August 5, 2019 4:22 PM IST
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നീക്കങ്ങളെ ശക്തമായെതിർത്ത് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും 370ാം അനുച്ഛേദം റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തീർത്തും ഏകപക്ഷീയമാണെന്നും അവർ കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ നടപടികൾ നിയമ വിരുദ്ധവും ഭരണഘടനാന വിരുദ്ധവുമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാർലമെന്റ് വഞ്ചിക്കപ്പെട്ടുവെന്നും അവർ പറഞ്ഞു.
1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിര്‍ത്ത് ഇന്ത്യക്കൊപ്പം നില്ക്കാം എന്ന കാഷ്മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. കാഷ്മീരിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും മുഫ്തി കുറിച്ചു.
നേരത്ത, ആഭ്യന്തരമന്ത്രി അമിത് ഷായാണ് കാഷ്മീർ സംബന്ധിച്ച നിർണായക ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുക, ഭരണഘട നയിലെ ആർട്ടിക്കിൾ 35എയിൽ നൽകിയിരിക്കുന്ന ആനുകൂല്യങ്ങൾ റദ്ദാക്കുക, ജമ്മു കാഷ്മീരിനെ പുനഃസംഘടിപ്പിക്കുക എന്നീ ബില്ലുകളാണ് ഷാ അവതരിപ്പിച്ചത്.
ഇതിൽ 370ാം അനുച്ഛേദം സംബന്ധച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്.