അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
Wednesday, December 11, 2019 11:53 AM IST
മംഗലവാർത്തക്കാലം പല കണ്ടുമുട്ടലുകളുടെയും കാലമാണ്. സഖറിയായുടെയും ദൈവദൂതന്റെയും കണ്ടുമുട്ടൽ (ലൂക്ക 1:12), മറിയത്തിന്റെയും ദൈവദൂതന്റെയും കണ്ടുമുട്ടൽ (ലൂക്ക 1:2627), മറിയത്തിന്റെയും എലിസബത്തിന്റെയും കണ്ടുമുട്ടൽ (ലൂക്ക 1:40), ആട്ടിടയന്മാരുടെയും ദൈവദൂതരുടെയും കണ്ടുമുട്ടൽ (ലൂക്ക 2:89) തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ഇവയിൽ ദൈവാനുഗ്രഹം ലഭിച്ച രണ്ടു സ്ത്രീകൾ തമ്മിലുള്ള കണ്ടുമുട്ടൽ ഏറെ ശ്രദ്ധേയമാണ്.
മറിയത്തിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്ത് വന്ധ്യതയെന്ന ശാപത്തിൽനിന്നു വിമുക്തയായി, ദൈവകൃപയാൽ ഗർഭവതിയായി എന്നു ഗബ്രിയേൽ ദൂതൻ മറിയത്തെ അറിയിച്ചപ്പോൾ എലിസബത്തിന്റെ അടുക്കലേക്ക് ഒരു സന്ദർശനം നടത്താൻ മറിയം ആഗ്രഹിച്ചു. ദൈവദൂതന്റെ വെളിപ്പെടുത്തലിനുള്ള മറിയത്തിന്റെ ഭാവാത്മകമായ ഒരു പ്രതികരണമാണിത്. നസ്രത്തിൽനിന്ന് ഏകദേശം 145 കി. മീ. അകലെയുള്ള യൂദയായിലെ മലന്പ്രദേശത്തുള്ള പട്ടണത്തിലേക്ക്- ഐൻ കാരേം -ആണ് മറിയം യാത്ര ചെയ്യുന്നത്.
എലിസബത്തിന്റെ അടുക്കലേക്കു മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടുവെന്നാണ് സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത് (ലൂക്ക 1:39). ഇത് ഗ്രീക്ക് ഭാഷയിലെ സ്പൗദെ (spoude) എന്ന വാക്കിന്റെ വിവർത്തനമാണ്. ഈ വാക്കിന് അത്യുത്സാഹം, തീക്ഷ്ണത, ഔത്സുക്യം തുടങ്ങിയ അർഥങ്ങളുമുണ്ട്. യഥാർഥത്തിൽ എലിസബത്തിനെ ശുശ്രൂഷിക്കാനുള്ള മറിയത്തിന്റെ യാത്ര തിടുക്കത്തിലായിരുന്നു എന്നതിനെക്കാൾ അത്യുത്സാഹത്തോടും അതീവ താത്പര്യത്തോടും സന്തോഷത്തോടും കൂടെ ആയിരുന്നു.
യൂദയായിലെ സഖറിയായുടെ ഭവനത്തിലെത്തിയ മറിയം ഗർഭവതിയായ എലിസബത്തിനെ അഭിവാദ്യം ചെയ്തു (ലൂക്ക 1:40). മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി, എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു (ലൂക്ക 1:41). മറിയത്തിന്റെ അഭിവാദനത്തിന്റെ സ്വരം മറ്റൊരാൾക്ക് സന്തോഷദായകവും അഭിഷേകം നൽകുന്നതുമാണ്.
എലിസബത്തിന്റെ ഉദരത്തിലെ ശിശുവിന്റെ കുതിച്ചുകാട്ടം കായികമെന്നതിനെക്കാൾ സന്തോഷത്തിന്റെ പ്രകാശനമാണ്. ഗ്രീക്ക് ഭാഷയിലെ സ്കീർത്താവോ (skirtavo) എന്ന പദത്തിന് സന്തോഷത്താൽ ചലിക്കുക എന്ന ആന്തരാർഥം കൂടിയുണ്ട്. മറിയത്തിന്റെ വാക്ക് മറ്റൊരാൾക്കു സന്തോഷദായകമാണ് എന്നു സാരം.
രണ്ടാമതായി, മറിയത്തിന്റെ സ്വരം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധത്മാവിനാൽ നിറഞ്ഞു. മറിയത്തിന്റെ വാക്കുകൾ അഭിഷേകം നൽകുന്നതും ദൈവിക ചൈതന്യം പ്രദാനം ചെയ്യുന്നതുമാണ്. ചുരുക്കത്തിൽ, ദൈവകൃപ നിറഞ്ഞ രണ്ടു സ്ത്രീകളുടെ കണ്ടുമുട്ടൽ ഇരുവർക്കും രക്ഷയുടെയും സന്തോഷത്തിന്റെയും അനുഭവമായി മാറി.
റവ.ഡോ. തോമസ് വടക്കേൽ