ഇന്ദിരയുടെ ഫ്രെയിം പ്രിയങ്കയ്ക്കു സമ്മാനിച്ച് എൽഎഫ് കോളജ്
Thursday, April 1, 2021 12:25 PM IST
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവായൂർ എൽഎഫ് കോളജ്.
1979ൽ ലിറ്റിൽ ഫ്ലവർ കോളജിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അന്നു പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ലാംബർട്ട് സ്വീകരിക്കുന്ന ചിത്രം മനോഹരമായി ഫ്രെയിം ചെയ്താണു പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസ് ഇന്ദിരയുടെ കൊച്ചുമകളായ പ്രിയങ്കയ്ക്കു സമ്മാനിച്ചത്.
ചാവക്കാട് നടന്ന പൊതുയോഗത്തിനുശേഷം കുന്നംകുളത്തെ റോഡ് ഷോയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണു പ്രിയങ്കയുടെ വാഹനവ്യൂഹം എൽഎഫ് കോളജിനു മുന്നിൽ നിർത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങിയില്ല. കാറിന്റെ ചില്ലുതാഴ്ത്തി പ്രിയങ്ക കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ചിത്രം കണ്ട പ്രിയങ്ക ഏറെ ആശ്ചര്യത്തോടെ ചിത്രം നോക്കി. പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
സിസ്റ്റർ ഉഷസ് പ്രിയങ്കയ്ക്കു ബൊക്കെ നല്കി. അധ്യാപകർ, വിദ്യാർഥികൾ, കോണ്ഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനു പേരാണു പ്രിയങ്കയെ വരവേൽക്കാൻ കോളജിനു മുന്നിൽ എത്തിയത്. ടി.എൻ. പ്രതാപൻ എംപിയാണ് എൽഎഫ് കോളജിന്റെ സ്വീകരണം സംബന്ധിച്ചുള്ള വിവരം പ്രിയങ്കയെ അറിയിച്ചത്.