ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍; ബംഗളൂരുവിലും പൊതുദര്‍ശനം
Tuesday, July 18, 2023 11:20 AM IST
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹം ഇന്ന് ബംഗളൂരുവില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്റെ വീട്ടിലായിരിക്കും പൊതുദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും.
മൃതദേഹം ബംഗളൂരുവിൽനിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചശേഷം പിന്നീട് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും.
പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.