ഒരു കുഞ്ഞുവിളിയില് അതിഥിയായി കുഞ്ഞൂഞ്ഞെത്തിയ അദ്ഭുത കഥ
Tuesday, July 18, 2023 3:17 PM IST
കേരളത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടി വിട പറഞ്ഞിരിക്കുകയാണല്ലൊ. ഏറ്റവും ജനകീയനായ അദ്ദേഹത്തിന്റെ മേന്മയുടെ നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും ഇടംപിടിക്കുകയാണ്.
ഒരുപാട് ആളുകള്‍ അദ്ദേഹം തങ്ങള്‍ക്കായി ചെയ്ത കാര്യങ്ങള്‍ നിറകണ്ണുകളോടെ പങ്കുവയ്ക്കുന്നു. എന്നാല്‍ വേറിട്ടൊരു കുഞ്ഞൂഞ്ഞ് കഥ നെറ്റിസണെ അതിശയിപ്പിക്കുകയാണിപ്പോള്. ഈ സംഭവം ഡോക്ടര്‍ മാത്യു കണമലയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
അദ്ദേഹം പറയുന്നതിങ്ങനെയാണ് ഒരു ഞായറാഴ്ച രാവിലെ ആറിന് അദ്ദേഹത്തിന്റെ വീട്ടിലേക്കൊരു ഫോണ്‍ വന്നു. ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും "ഉമ്മന്‍ ചാണ്ടിയാ വിളിക്കുന്നത്' എന്ന് മറുപടി കേട്ടു.
മനസിലാകാതിരുന്നതിനാല്‍ സംശയിച്ചുനിന്നു. ഉടനെ വീണ്ടും മറുപടി "തിരുവനന്തപുരത്തുനിന്നും ഉമ്മന്‍ചാണ്ടിയാ. ഇത് ഔസേപ്പച്ചന്റെ വീടല്ലേ?' അമ്പരപ്പും അതിശയവും കലര്‍ന്ന ഭാവത്തില്‍ "അതേ സാര്‍ ' എന്ന് പറഞ്ഞൊപ്പിച്ചു.
തിരുവനന്തപുരത്തുനിന്നും സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ് ഫോണിന്റെ മറുതലയ്ക്കല്‍! എന്തിനാണ് വിളിച്ചതെന്ന് ഒന്നുമറിയില്ല. ഇതിനുമുമ്പ് വ്യക്തി ബന്ധവുമില്ല. രാഷ്ട്രീയ ബന്ധവുമില്ല. ഡോക്ടര്‍ മാത്യു കണമല അദ്ദേഹത്തിനോട് കാര്യം തിരക്കി.
മാത്യു കണമലയുടെ മകനാണ് ഔസേപ്പച്ചന്. ഈ ഔസേപ്പച്ചനും അയല്പക്കത്തെ 10 കൂട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ പാമ്പാടിയിലെ വീട്ടില്‍ എല്ലാം ഞായറാഴ്ചയും അഞ്ചിന് രഞ്ജിനി ബാലവേദി എന്ന ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
കുട്ടികളുടെ വ്യക്തിത്വവികാസത്തിനായിരുന്നു രഞ്ജിനി ബാലവേദി. സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ നമുക്ക് വേണ്ടി ഉള്ളവരാണെന്നും അവരെ എവിടെ വച്ച് കണ്ടാലും പരിചയപ്പെട്ട് സംസാരിക്കണമെന്നും ബാലവേദി കൂട്ടായ്മയില്‍ കുട്ടികള്‍ക്ക് ഇദ്ദേഹവും മറ്റുള്ളവരും നിര്‍ദേശം നല്‍കിയിരുന്നു.
ഇത് കുട്ടികളുടെ മനസില്‍ പതിഞ്ഞിരുന്നു. അങ്ങനിരിക്കെ പാമ്പാടിയിലെ ഒരു സംഘടനയുടെ വാര്‍ഷികത്തിന് ഡോക്ടര്‍ മാത്യു കണമലയും കുടുംബവും പോയിരുന്നു. അന്ന് ഈ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും സുപ്രീം കോടതി ജസ്റ്റീസ് ആയിരുന്ന സിറിയക് തോമസും എത്തിയിരുന്നു
ഉമ്മന്‍ ചാണ്ടിയുമായി മൂന്നാം ക്ലാസുകാരനായ ഔസേപ്പച്ചനും മറ്റ് കുട്ടികളും സംസാരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കാര്യമെന്തന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ മാത്യു കണമല കുറിക്കുന്നു.
എന്നാല്‍ തങ്ങളുടെ ബാലവേദി മീറ്റിംഗിലേക്ക് ഈ കുട്ടികള്‍ ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകളൊ പ്രാധാന്യമൊ കുട്ടികള്‍ക്ക് അറിയില്ലല്ലൊ. പക്ഷേ കുട്ടികള്‍ക്ക് പ്രധാനം അവരുടെ ഞായറാഴ്ച കൂട്ടായ്മ ആണല്ലൊ.
ആ ക്ഷണം സ്വീകരിച്ച ഉമ്മന്‍ ചാണ്ടി ഈ കുട്ടികളില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നത്രെ. രണ്ടാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി താന്‍ കുട്ടികളോട് പറഞ്ഞ വാക്ക് കൃത്യമായി ഓര്‍ത്തു. അങ്ങനെയാണ് അദ്ദേഹം അന്നാ ഫോണില്‍ വിളിച്ചത്.
ഈ സംഭവം കേട്ട് മറുതലയ്ക്കല്‍ ഉള്ള മാത്യു കണമല ആകെ അദ്ഭുതപ്പെട്ടു. താന്‍ വരാന്‍ തയാറാണെന്നും സമയം പറയാനും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ സൗകര്യം പോലെന്ന് ഇദ്ദേഹം മറുപടി പറഞ്ഞു.
എന്നാല്‍ കുട്ടികളുടെ ബാലവേദിയുടെ സമയം ചോദിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി താന്‍ ആ സമയം എത്താമെന്നുറപ്പ് നല്കി. അദ്ദേഹം വരേണ്ട വഴിയും ചോദിച്ചറിഞ്ഞു.
അങ്ങനെ ഉമ്മന്‍ ചാണ്ടി കൃത്യമായി ആ മീറ്റിംഗില്‍ എത്തുകയും കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്തു. കുട്ടികള്‍ക്കായി അര മണിക്കൂര്‍ ക്ലാസും എടുത്തു. എല്ലാ കുട്ടികളും ഇതൊരു ആഘോഷമാക്കി.
പോകാന്‍ നേരം അദ്ദേഹം ചോദിച്ചു കുട്ടികളോട് "എന്താണ് വേണ്ടത് ? ' എന്ന് തിരക്കി. കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു : "ഞങ്ങളുടെ റോഡ് ടാര്‍ ചെയ്ത് തരണം'. ഒരു മാസത്തിനകം 200 മീറ്റര്‍ റോഡ് വീട് വരെ ടാര്‍ ചെയ്തു കിട്ടി .കുട്ടികള്‍ ബാലവേദി റോഡ് എന്ന് ഇതിന് പേരുമിട്ട്.
ഈ ദിവസം അദ്ദേഹം വിട പറയുമ്പോള്‍ ഒരു വലിയ മനുഷ്യന്റെ എളിമയും സ്നേഹവും പരിഗണനയും വിവരിക്കാനാവില്ലെന്നും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മാത്യു കണമല കുറിച്ചു.
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. "അദ്ദേഹത്തിന്റെ എളിമയാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയില്‍ എത്തിച്ചത്. അദ്ദേഹം ഇനി ജന മനസുകളില്‍ ജീവിക്കും' എന്നാണ് ഒരാള്‍ കുറിച്ചത്.