പ്രിയപ്പെട്ട ഇടം അന്ത്യവിശ്രമത്തിനും
Thursday, July 20, 2023 2:22 PM IST
സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ ചാണ്ടിക്ക് അന്ത്യവിശ്രമം.
ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുറ്റത്ത് വൈദികരുടെ കബറിടത്തോടു ചേര്‍ന്ന് പ്രത്യേക കബറിടം തയാറായിക്കഴിഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും നല്കിയ സേവനത്തിന് ആദരസൂചകമായിട്ടാണു പ്രത്യേക കബറിടം.
കരോട്ട് വള്ളക്കാലില്‍ കുടുംബക്കല്ലറ നിലനില്‍ക്കെയാണു പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതുപ്പള്ളിയെന്ന നാട് ഉമ്മന്‍ ചാണ്ടിയുടെ വികാരമായിരുന്നെങ്കില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എക്കാലവും ഉമ്മന്‍ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു.
എവിടെയാണെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം. ദേവാലയത്തില്‍ എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎല്‍എയുടെയോ രാഷ്ട്രീയക്കാരുടെയോ മേല്‍വിലാസമില്ലായിരുന്നു.
തീര്‍ത്തും സാധാരണക്കാരന്. പള്ളിയുടെ പിന്‍ഭാഗത്തെ വശത്തെയോ വാതിലിനോടു ചേര്‍ന്നാണു നിന്നിരുന്നത്. ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുമ്പിലെ കുരിശിന്ചുവട്ടലോ എത്തി പ്രാര്‍ഥിക്കുക പതിവായിരുന്നു.