ജനനായകന്റെ സാരഥിയായി ശ്യാമും ബാബുവും
ജെവിന്‍ കോട്ടൂര്‍
Friday, July 21, 2023 7:38 AM IST
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയില്‍ ബസിന്റെ സാരഥിമാരായതു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ തിരുവനന്തപുരം സ്വദേശി കാരയ്ക്കാമണ്ഡപം വിളയില്‍ ബി. ശ്യാമും എറണാകുളം സ്വദേശി വടവുകോട് സി.വി. ബാബുവും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും ബുധനാഴ്ച രാവിലെ ഏഴിനു പുറപ്പെട്ട ബസ് കോട്ടയത്ത് എത്തിയതു 28 മണിക്കൂര്‍ സമയമെടുത്താണ്.
ബസ് പുറപ്പെടുന്നതിനു മുമ്പ് അഞ്ചോ ആറോ മണിക്കൂറില്‍ കോട്ടയത്ത് എത്താമെന്നാണ് ശ്യാമും ബാബുവും കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ അപ്പാടെ മാറ്റിമറിച്ചാണ് ബസ് കോട്ടയത്ത് എത്തിച്ചേര്‍ന്നത്.
തങ്ങളുടെ ജീവതത്തിലെ ഏറ്റവും വലിയ അനുഭവമാണിതെന്നും ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തിയുടെ വിലാപയാത്രയില്‍ സാരഥിയാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇരുവരും പറഞ്ഞു. ബസ് പുറപ്പെട്ട് ആദ്യത്തെ നാലര കിലോമീറ്റര്‍ പിന്നിടാന്‍ തന്നെ മൂന്ന് മണിക്കൂര്‍ സമയമെടുത്തു. ഇതോടെ കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ടു. ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നുണ്ടായിരുന്നു.
ഏറെ വൈകിയിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തിരുന്ന ജനങ്ങളുടെ ക്ഷമ കാരണമാകാം ഇത്രയും സമയം വണ്ടിയോടിച്ചിട്ടും ഞങ്ങള്‍ക്കു മടുപ്പു തോന്നാതിരുന്നതെന്നും ശ്യാമും ബാബുവും പറഞ്ഞു. വഴിയിലുടനീളം മഴയും വെയിലും പരിഗണിക്കാതെ രാത്രി ഏറെ വൈകിയിട്ടും ഉമ്മന്‍ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ വലിയ ജനപ്രവാഹമായിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതോടെ അക്ഷരനഗരിയില്നിന്ന് പുതുപ്പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടി അവസാന യാത്ര തുടങ്ങിയതും അണമുറിയാത്ത ജനപ്രവാഹത്തോടെയായിരുന്നു. പുതുപ്പള്ളിയില്‍ എത്തിയതോടെ ജനം തിങ്ങിക്കൂടി പലപ്പോഴും ബസ് റോഡില്‍ നിന്നും നീങ്ങുന്നതിനു ഏറെ സമയമെടുക്കേണ്ടിവരികയും ചെയ്തു.
ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ എത്തിയപ്പോള്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടശേഷം ആന്ത്യാഞ്ജലികള്‍ ആര്‍പ്പിക്കാന്‍ എത്തിയ വലിയ ജനക്കൂട്ടത്തെ മുന്നിലേക്കു കടത്തിവിടുകയായിരുന്നു.
ശ്യാമിനും ബാബുവിനും പുറമെ കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ടി.കെ. അലോഷ്യസും ആര്.ആര്. രഞ്ജിത്തും ബസിലെ ടെക്നീഷ്യന്മാരായി യാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശ്യാം 17 വര്‍ഷമായും ബാബു 16 വര്‍ഷമായും കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുകയാണ്.
മണിക്കൂറുകളോളം ബസോടിച്ചു പ്രിയ നേതാവിനെ പുതുപ്പള്ളിയില്‍ എത്തിച്ച ഡ്രൈവര്‍മാര്‍ക്കൊപ്പം നിരവധി പേര് സെല്‍ഫിയും പകര്‍ത്തുന്നുണ്ടായിരുന്നു.