ശശികുമാറിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു, കരുതലിന്റെ ആ വാക്കുകള്‍
Friday, July 21, 2023 8:31 AM IST
"ഭയപ്പെടേണ്ട മകള്‍ക്ക് ആപത്തൊന്നും കൂടാതെ സുരക്ഷിതമായി നാട്ടിലെത്തും.' ഇറാക്കിലെ ഭീകരാക്രമണത്തില്‍ കുടുങ്ങിയ നഴ്സുമാരിലൊരാളായ തൃക്കോതമംഗലം വാനപ്രഭ ശ്രുതിയുടെ അച്ഛനായ ശശികുമാറിന്റെ കാതുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഇപ്പോഴും പ്രതിധ്വനിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പും കരുതലും വഴിയാണ് തന്റെ മകള്‍ക്ക് ജീവനോടെ നാട്ടിലെത്താന്‍ കഴിഞ്ഞതെന്നും ശശികുമാര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗ വാര്‍ത്ത ശശികുമാറിനും മകള്‍ക്കും താങ്ങാനായിട്ടില്ല. ഇന്നലെ രാവിലെ പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തിയ ശശികുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിനു മുമ്പില്‍നിന്നു വിതുമ്പി.
2014 ജൂണിലാണ് ഇറാക്കില്‍ ഭീകരാക്രമണം പൊട്ടിപ്പുറപ്പെട്ടത് തിക്രത്തിലെ ഹോസ്പിറ്റലില്‍ 46 മലയാളി നഴ്സുമാരാണ് കുടുങ്ങിയത്. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന അവസ്ഥയിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടു നില്‍ക്കുമ്പോഴാണ് നഴ്സുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ സഹായം തേടിയത്.
ശശികുമാറും പുതുപ്പള്ളി വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയോടു മകളുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ മകളുടെ ജീവന് തിരിച്ചുലഭിക്കാന്‍ മുന്‍കൈയെടുത്ത ഉമ്മന്‍ ചാണ്ടി തങ്ങള്‍ക്കു ദൈവമാണെന്നാണ് ശശികുമാര്‍ പറയുന്നത്.
ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കു കാണുന്നതിനായി ഇന്നലെ രാവിലെ മുതല്‍ ശശികുമാര്‍ പുതുപ്പള്ളിയിലെ വീട്ടിലുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ശ്രുതി മാധ്യമങ്ങളിലൂടെ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയും മറ്റും വീക്ഷിക്കുകയും അച്ഛന് ശശികുമാറിനോട് സങ്കടം അറിയിക്കുകയും ചെയ്തു.