കൂടുതൽ കാമറകൾ മിഴിചിമ്മിയ വിലാപയാത്ര
Friday, July 21, 2023 8:49 AM IST
ഒരു പക്ഷേ, കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം കാമറകൾ ദൃശ്യങ്ങൾ പകർത്തിയ വിലാപയാത്രയായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്നു പറയാം.
നൂറുകണക്കിനു മാധ്യമപ്രവർത്തകർ തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്താൻ എത്തിയിരുന്നു.
മൃതദേഹം ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്ത് എത്തിച്ച നിമിഷം മുതൽ ഊണും ഉറക്കവുമില്ലാതെ അവർ ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. ഇടതടവില്ലാതെ തത്സമയ ദൃശ്യങ്ങൾ ചാനലുകളിൽ നിറഞ്ഞു. അതുപോലെ പത്രങ്ങളുടെ പേജുകളിൽ മുഴുനീള ചിത്രങ്ങളും ഹൃദയസ്പർശിയായ വിവരണങ്ങളും.
മാധ്യമങ്ങളെ കൂടാതെ, വിലാപയാത്രയുടെ ദൃശ്യങ്ങൾ പകർത്താൻ നിരവധി യു ട്യൂബർമാരും നിരന്നു. ഇതുകൂടാതെയാണ് ഉമ്മൻ ചാണ്ടിയെന്ന ജനപ്രിയ നായകനെ ഒരു നോക്കുകാണാൻ തലസ്ഥാന നഗരിമുതൽ കോട്ടയം വരെയുള്ള വീഥിയുടെ ഇരുവശങ്ങളിലും ഇരന്പിയെത്തിയ ലക്ഷക്കണക്കിനു ജനങ്ങൾ. മൊബൈൽ ഫോണിൽ ഒരു ചിത്രമെങ്കിലും പകർത്താതെ മടങ്ങിയവർ ചുരുക്കം.