തിരുനക്കര ഏറ്റുവിളിച്ചു, ഉമ്മൻ ചാണ്ടി അമർ രഹേ...
Friday, July 21, 2023 8:59 AM IST
സ്നേഹവലയത്തിന്റെ മനുഷ്യമതിലുകള്‍ തീര്‍ത്ത് ഒഴുകിയെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര ഇന്നലെ രാവിലെ തിരുനക്കരയുടെ തിരുമുറ്റത്ത് എത്തുമ്പോള്‍ ഒരു പകല്‍ കാത്തും ഒരു രാത്രി ഉറങ്ങാതെയുമിരുന്ന ജനക്കൂട്ടം “ഇല്ല.... ഇല്ല മരിച്ചിട്ടില്ല... ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല....”എന്ന മുദ്രാവാക്യം തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് അന്ത്യാഭിവാദ്യം നേര്‍ന്നത്.
ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയും കോട്ടയത്തിന്റെ എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചുകൊടുത്ത ഉമ്മന്‍ ചാണ്ടി അമര്‍ രഹേ എന്ന മുദ്രാവാക്യം തിരുനക്കര ഒന്നാകെയാണ് ഏറ്റുവിളിച്ചത്. മൈതാനത്തിന്റെ കിഴക്കേ ഗേറ്റിനു മുമ്പിലെത്തിയ കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ ബസില്‍ നിന്നും മകന് ചാണ്ടി ഉമ്മനും ഉമ്മന്‍ ചാണ്ടിയുമായി ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരും മൃതദേഹം ഏറ്റുവാങ്ങി ജനസാഗരത്തിനു നടുവിലൂടെ സ്റ്റേജിലെത്തിച്ചു.
നേതാക്കളും പൗരപ്രമുഖരും ഇവിടെയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. സേവാദള്‍ പ്രവര്‍ത്തകരും പോലീസും പാടുപെട്ടാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.
ബാരിക്കേഡുകളും മതിലും ചാടിക്കടന്നും പ്രവര്‍ത്തകര്‍ മൈതാനത്തേക്ക് ഇടിച്ചുകയറി. നേതാക്കളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും പോലീസിന്റെ നിര്‍ദേശങ്ങളും എല്ലാം അവഗണിച്ചായിരുന്നു ആളുകളുടെ പ്രവാഹം.