പൂക്കളാല്‍ അലങ്കരിച്ച കബറിടത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്ര
Friday, July 21, 2023 9:53 AM IST
കേരളത്തെ പുതുപ്പള്ളിയാക്കി പുതുപ്പള്ളിയുടെ മഹാജനസമ്പര്ക്കവും ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടി എല്ലാവരോടും യാത്ര പറഞ്ഞു. ഇനി ജനഹൃദയങ്ങളില്‍ ഓര്മ. പള്ളിയിലെ പൊതുദര്‍ശനം കഴിഞ്ഞ് ശുശ്രൂഷയ്ക്കായി ദേവാലയത്തിലേക്ക് കൊണ്ടുപോയത് രാത്രി വൈകി. എട്ടോടെയാണ് വീട്ടില്‍നിന്നു പള്ളിയിലേക്കു വിലാപ യാത്രയായി മൃതദേഹം എത്തിച്ചത്.
സന്തത സഹചാരി എ.കെ. ആന്റണി, ഭാര്യ എലിസബത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ അവസാനമായി ഒന്നു കാണാന്‍ പള്ളിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയ ആള്‍ക്കൂട്ടം പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞു.
കോട്ടയത്തുനിന്നെത്തിയ വിലാപ യാത്ര നേരെ തറവാട്ടു വീടായ കരോട്ടുവള്ളക്കാലില്‍ വീട്ടിലേക്കാണ് എത്തിയത്. കരോട്ട് വള്ളക്കാലില്‍ എത്തിച്ചപ്പോള്‍ ബന്ധുക്കളെ മാത്രം വീടിനുള്ളില്‍ പ്രവേശിപ്പിച്ച് സംസ്കാര ശുശ്രൂഷയുടെ ഒരുക്രമം നടത്തി. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ദീയസ്കോറോസ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പുതുപ്പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക്. ഇവിടെ ശുശ്രൂഷയുടെ മറ്റൊരു ക്രമവും നടത്തി.
ഭാര്യയും മക്കളും പള്ളിയിലേക്ക് നീങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ വിലാപയാത്ര പള്ളിയിലേക്ക് നീങ്ങി. പള്ളിയിലെത്തിയപ്പോള്‍ ആംബുലന്‍സില്‍നിന്നു പൊതുദര്‍ശന സ്ഥലത്തേക്ക് ഉമ്മന്‍ ചാണ്ടിയെ സംവഹിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘമായിരുന്നു. തുടര്‍ന്നു 10.30 വരെ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നാടിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മന്ത്രിമാരും സമുദായ നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു പ്രസംഗിച്ചു. രാഹുല്‍ ഗാന്ധി പുഷ്പചക്രം അര്‍പ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു മടങ്ങി. അന്തിമോപചാരത്തിനുശേഷം മോര്‍ച്ചറിയില്‍നിന്നു മൃതദേഹം പെട്ടിയിലേക്ക് മാറ്റി. തുടര്‍ന്നു ശുശ്രൂഷയ്ക്കായി പള്ളിക്കുള്ളിലേക്ക്.
പുതുപ്പള്ളി മാനേജിംഗ് കമ്മിറ്റിയംഗങ്ങളാണ് പൊതുദര്‍ശന വേദിയില്‍നിന്നു പള്ളിക്കുള്ളിലേക്ക് ഉമ്മന്‍ ചാണ്ടിയും വഹിച്ചുള്ള പേടകം സംവഹിച്ചത്. പള്ളിയുടെയും സഭയുടെയും വിവിധ ഭക്തസംഘടനകളുടെയും ഭാരവാഹികള്‍ ഈ സമയം അന്തിമോപചാരം അര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചു. ഈ സമയങ്ങളില്‍ ശുശ്രൂഷ സംബന്ധിച്ചും കബറടക്കം സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങള്‍ വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നല്കികൊണ്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ പിടിച്ച് മകന് ചാണ്ടി ഉമ്മനും തൊട്ടടുത്തായി ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയം, അച്ചു എന്നിവരുമുണ്ടായിരുന്നു.
പള്ളിക്കുള്ളില്‍ അടുത്ത ബന്ധുക്കളെയാണ് പ്രവേശിച്ചത്. പള്ളിയില്‍ നടന്ന ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ശുശ്രൂഷാ മധ്യേ മകന് ചാണ്ടി ഉമ്മന്‍ പള്ളിക്കുള്ള റീസിസ പണവും നേര്‍ച്ചയായി എണ്ണയും സമര്‍പ്പിച്ചു.
തുടര്‍ന്ന് പിതാവിന്റെ മുഖം മൂടി സംസ്കാര ശുശ്രൂഷയുടെ അവസാന കര്‍മവും നടത്തി. തുടര്‍ന്ന് പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേകം തയാറാക്കിയ പൂക്കളാല്‍ അലങ്കരിച്ച കബറിടത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്ര.