കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
Tuesday, March 7, 2023 11:06 PM IST
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്ങളുടെ എല്ലാ സ്വഭാവങ്ങളും സ്വന്തമാക്കിയിട്ടും മാലിന്യ സംസ്കരണം കൊച്ചിക്ക് ഇപ്പോഴും കീറാമുട്ടിയാണ്. മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ ലംഘിച്ചതിന് 14.92 കോടി രൂപ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു പിഴയൊടുക്കേണ്ടിവന്ന നഗരമാണ് 2023ലും കൊച്ചി!
ആറു ലക്ഷം ജനസംഖ്യയുള്ള കൊച്ചി കോര്‍പറേഷനിലെയും സമീപത്തെ ഏതാനും നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥാപിച്ച ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതലേ പരാതികളുടെയും വിവാദങ്ങളുടെയും വിളഭൂമിയായിരുന്നു. മാറിമാറിവന്ന ഭരണസമിതികള്‍ക്കു ബ്രഹ്മപുരത്തിന്റെ പേരില്‍ പരിക്കേറ്റു. ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് ബയോമൈനിംഗിനായി 54 കോടി രൂപയുടെ കരാര്‍ നല്‍കിയതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും നീറിപ്പുകയുന്നു.
നഗരമാലിന്യം ഗ്രാമത്തിലേക്ക്
കൊച്ചിയുടെ മാലിന്യമെല്ലാം സംസ്കരിക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കൊച്ചി കോര്പറേഷന് പരിധിയിലല്ല. വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ കോര്‍പറേഷന്റെ 110 ഏക്കര്‍ ഭൂമിയിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കോര്പറേഷന് ഓഫീസില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ.
കോര്‍പറേഷനു പുറമേ, തൃക്കാക്കര, കളമശേരി, ആലുവ നഗരസഭകളുടെയും ചേരാനല്ലൂര്‍, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തുകളുടെയും മാലിന്യവണ്ടികള്‍ ഉള്‍പ്പെടെ പ്രതിദിനം 310 ടണ്‍ മാലിന്യങ്ങള്‍ ഇവിടേക്കെത്തുന്നുണ്ട്.
ഇതില്‍ അമ്പതു ടണ്ണോളം മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കിയുള്ള 250 ടണിലധികം മാലിന്യങ്ങള്‍ സംസ്കരിക്കാതെ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ഈ മാലിന്യമലകളിലാണ് ഇപ്പോള്‍ തീ പടര്‍ന്നത്. 4.58 ലക്ഷം ഘനമീറ്റര്‍ മാലിന്യങ്ങള്‍ ഇവിടെ കെട്ടിക്കിടന്നിരുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഈ മാലിന്യങ്ങള്‍ കത്തിയുണ്ടായ വിഷപ്പുകയുടെ ദുരിതം പേറുകയാണ് കൊച്ചി നഗരവാസികള്‍.
ചേരാനല്ലൂര്‍ മുതല്‍ ബ്രഹ്മപുരം വരെ
നേരത്തേ നഗരത്തോടു ചേര്‍ന്നുള്ള ചേരാനല്ലൂരിലായിരുന്നു കോര്‍പറേഷന്റെ മാലിന്യ സംസ്കരണം. പിന്നീട് ദക്ഷിണ നാവികസേന ആസ്ഥാനത്തിനടുത്തുള്ള വാത്തുരുത്തിയിലേക്കു മാറി. ഇരുസ്ഥലങ്ങളിലും പ്രാദേശികമായ എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ ഫാക്ടിന്റെ അമ്പലമേട്ടിലുള്ള ഭൂമിയാണ് മാലിന്യസംസ്കരണത്തിനു കോര്പറേഷന് കണ്ടെത്തിയത്. 1998ല്‍ ബ്രഹ്മപുരത്ത് കോര്പറേഷന് സ്വന്തമായി വാങ്ങിയ ഭൂമിയിൽ മാലിന്യ സംസ്കരണം തുടങ്ങി. പ്ലാന്റിനെതിരേ ഇവിടെയും തദ്ദേശവാസികള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. കൂടുതല്‍ ഭൂമി ഏറ്റെടുത്താണു പ്രശ്നം പരിഹരിച്ചത്.
19 കോടി രൂപ ചെലവഴിച്ച് ബ്രഹ്മപുരത്ത് പ്ലാന്റ് നിര്‍മിച്ചപ്പോള്‍ തന്നെ അഴിമതി ആരോപണങ്ങളും കോലാഹലങ്ങളും അകമ്പടിയായി. പ്ലാന്റിന്റെ തൂണുകളുടെ ബലക്ഷയമായിരുന്നു ആദ്യത്തെ വിവാദം. തുടര്‍ന്നിങ്ങോട്ട് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളെത്തി.
സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ പേരിലുള്ള കമ്പനിക്കാണ് ബയോമൈനിംഗിനായി 54 കോടിയുടെ കരാര്‍ നല്‍കിയതെന്ന പ്രതിപക്ഷ ആക്ഷേപത്തോടെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു രാഷ്ട്രീയമാനവും കൈവന്നു.
കണ്ടുപഠിക്കണം ഇന്‍ഡോറിനെ
നേരത്തേ സൂചിപ്പിച്ച മാലിന്യസംസ്കരണ പഠനങ്ങളുടെ പേരില്‍ കോര്പറേഷന് പ്രതിനിധികള്‍ നിരവധി നഗരങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും അതെല്ലാം യാത്രകളിലൊതുങ്ങി. എങ്കിലും ആ നഗരപട്ടികയിലുള്ള ഇന്‍ഡോറിനെ, കൊച്ചി കണ്ടു പഠിക്കേണ്ടതു തന്നെയാണ്.
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോര്‍ ഇന്ന് ഇന്ത്യയിലെ മാലിന്യനിര്‍മാര്‍ജനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ദിനംപ്രതി 1250 ടണ്‍ ഈര്‍പ്പരഹിത മാലിന്യവും 750 ടണ്‍ ഈര്‍പ്പമുള്ള മാലിന്യവും ഉത്പാദിപ്പിക്കപ്പെടുന്ന നഗരമാണ് ഇന്‍ഡോര്‍. എന്നാല്‍ മാലിന്യക്കൂമ്പാരങ്ങളും വഴിയോരങ്ങളിലെ മാലിന്യം വലിച്ചെറിയലും ഇല്ലാത്ത നഗരം. മാലിന്യസംസ്കരണം കൃത്യമായും കാര്യക്ഷമമായും നടക്കുന്നുവെന്നു മാത്രമല്ല, അതിലൂടെ ഇന്‍ഡോര്‍ നഗരസഭ വരുമാവും ഉണ്ടാകുന്നുണ്ട്. സംസ്കരിച്ച മാലിന്യങ്ങള്‍ വിവിധ ഉത്പന്നങ്ങളായി മാറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.45 കോടി രൂപയാണ് മാലിന്യസംസ്കരണത്തിലൂടെ ഇന്‍ഡോര്‍ നഗരസഭ നേടിയത്.
35 ലക്ഷം ജനസംഖ്യയുള്ള ഒരു മഹാനഗരത്തിന്റെ മാലിന്യം കാര്യക്ഷമമായി സംസ്കരിക്കുന്ന ഇന്‍ഡോറിനു സാധിക്കുന്നത്, 6.20 ലക്ഷം മാത്രം ജനസംഖ്യയുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ മെട്രോ നഗരമായ കൊച്ചിക്കു സാധിക്കുന്നില്ലെന്നതിന്റെ ദയനീയകഥകള്‍ കൂടിയാണ് ബ്രഹ്മപുരത്തുനിന്നുയരുന്ന വിഷപ്പുക വിളിച്ചുപറയുന്നത്.