നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
Friday, March 17, 2023 10:14 PM IST
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന്റെ പക്ഷം വിശദീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ...
തുടങ്ങി നിമിഷങ്ങൾക്കകം പിരിയുന്ന നിയമസഭ. പ്രതിപക്ഷ ബഹളത്തിൽ മുങ്ങിപ്പോകുന്ന സഭാ നടപടികൾ. കൈയാങ്കളി വരെ എത്തിയ ഭരണ-പ്രതിപക്ഷ സംഘർഷം. മുഖാമുഖം വാക്പോരാട്ടം നടത്തുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.
സമീപകാലത്തൊന്നും കാണാത്ത വിധത്തിൽ സംഘർഷത്തിലേക്കു നീങ്ങുകയാണു സംസ്ഥാന രാഷ്ട്രീയം. ബജറ്റിലെ നിരക്കുവർധനകൾക്കെതിരേ പ്രതിപക്ഷം തുടങ്ങിവച്ച സമരം പിന്നീട് സ്വർണക്കടത്തിനെതിരേയുള്ള പ്രതിഷേധമായും മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധമായും രൂപാന്തരം പ്രാപിച്ചു. സമരക്കാർക്കു നേരേയുള്ള പോലീസ് മർദനത്തിലും വ്യാപകപ്രതിഷേധമുയർന്നു.
ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ നിയമസഭയിൽ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. ഐജിഎസ്ടി, കെസ്ആർടിസി, ബ്രഹ്മപുരം സംഭവങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരേ കോർപറേഷനിൽ നടന്ന ലാത്തിച്ചാർജ്, ചെങ്കോട്ടുകോണത്തു പെണ്കുട്ടിക്കു നേരെയുണ്ടായ ആക്രമണം... ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. വാക്കൗട്ട് ബഹിഷ്കരണത്തിലേക്കും പിന്നീട് നടുത്തളത്തിൽ സമാന്തരസഭ സംഘടിപ്പിക്കുന്നതിലേക്കും വരെ നീണ്ടു. ഒടുവിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയപ്പോൾ വാച്ച് ആൻഡ് വാർഡും ഭരണപക്ഷത്തെ ഏതാനും അംഗങ്ങളും ചേർന്നു പ്രതിപക്ഷത്തെ കായികമായിത്തന്നെ നേരിട്ടു. വ്യാഴാഴ്ച സമ്മേളനം 17 മിനിറ്റുകൊണ്ടു പൂർത്തിയാക്കിയപ്പോൾ ഇന്നലെ അത് ഒൻപതു മിനിറ്റിലേക്കു ചുരുങ്ങി.
സഭയിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ ചില നീക്കങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും തിങ്കളാഴ്ച എന്തു സംഭവിക്കുമെന്നു പ്രവചിക്കാനാകില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:
?ഏറ്റുമുട്ടലിലേക്കു നീങ്ങാൻ പെട്ടെന്നുണ്ടായ പ്രകോപനം എന്താണ്.
=അടിയന്തരപ്രമേയം അനുവദിക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ എനിക്കു കടുത്ത നിലപാടെടുക്കേണ്ടിവന്നു. ജനകീയ വിഷയങ്ങൾ നിയമസഭയിൽ എത്തിക്കുന്നത് അടിയന്തരപ്രമേയത്തിലൂടെയാണ്. അത് ഒഴിവാക്കുന്നതിനു സമ്മതം മൂളിയാൽ ഞാൻ ജനങ്ങളുടെ മുമ്പിൽ പ്രതിക്കൂട്ടിലാകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയാറല്ല.
? പ്രതിപക്ഷത്തെ സർക്കാർ നിസാരമായി കാണുന്നതുകൊണ്ടാണോ അവകാശങ്ങൾ നിഷേധിക്കുന്നത്.
= അവരുടെ അസഹിഷ്ണുതയും അസ്വസ്ഥതയുമാണ് കാണിക്കുന്നത്. അവർ വല്ലാതെ പ്രതിരോധത്തിലാകുന്നു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് അവർക്കു മറുപടി പറയാനില്ല.
? സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണു ഭരണപക്ഷം പറയുന്നത്.
= തലേദിവസം ഞങ്ങൾ നിയമസഭയ്ക്കുള്ളിൽ സമാന്തരസഭ കൂടിയിരുന്നു. അടുത്ത ദിവസവും അടിയന്തരപ്രമേയം അനുവദിക്കാതെ വന്നപ്പോൾ പുതിയൊരു സമരമുറ എന്ന നിലയിലാണ് സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നത്. അതു പ്രതിഷേധം അറിയിക്കാൻ മാത്രമായിരുന്നു. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഇങ്ങനെ പ്രതിഷേധം പ്രകടിപ്പിക്കാൻ തീരുമാനിച്ചത്. സ്പീക്കറെ തടയില്ലെന്നും പറഞ്ഞിരുന്നു. മുക്കാൽ മണിക്കൂറിനു ശേഷം ഞാനും കുഞ്ഞാലിക്കുട്ടി സാഹിബും കൂടി വന്ന് സമരം അവസാനിപ്പിക്കാം എന്നു പറഞ്ഞാണ് ഞങ്ങൾ രണ്ടു പേർ ഒഴികെയുള്ളവർ പ്രതിഷേധിക്കാൻ പോയത്. അവിടെ ഭരണപക്ഷ എംഎൽഎമാർ എന്തിനാണു വന്നത്?
? പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് വാങ്ങി നല്ല മന്ത്രിയാകേണ്ടെന്നാണല്ലോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നത്.
= ഒരു കാലത്തും ഒരു മന്ത്രിയും പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയല്ല പ്രവർത്തിക്കുന്നത്. അങ്ങനെ പറയുന്നത് മറ്റു മന്ത്രിമാരെ ചെറുതാക്കാനാണ്. അവർ അങ്ങനെ ശ്രമിക്കുന്നവരാണെന്നു ധാരണ പരത്താനാണ്.
? പ്രതിപക്ഷം അത്ര പോരാ എന്ന വിമർശനമുണ്ടല്ലോ.
= പ്രതിപക്ഷം ഒരു കാലത്തുമില്ലാത്തതുപോലെ സജീവമാണ്. മുമ്പും നിയമസഭയ്ക്കകത്ത് നല്ല പെർഫോർമൻസ് എന്നുതന്നെയാണു പറഞ്ഞിരുന്നത്. പുറത്തു വേണ്ടത്ര സജീവമല്ലെന്നായിരുന്നു പരാതി. ഇപ്പോൾ പുറത്തും സമരപരമ്പരകളാണ് അഴിച്ചുവിടുന്നത്.
? സമരം തീരാൻ എന്താണു വഴി.
=സർക്കാർ വിചാരിക്കണം. ഞങ്ങൾക്ക് പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. പാർലമെന്ററികാര്യ മന്ത്രി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, അടിയന്തരപ്രമേയത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചു. സർക്കാരിന് ആത്മാർഥമായ ആഗ്രഹമുണ്ടായിരുന്നെങ്കിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് എടുക്കുമായിരുന്നോ?
? നിയമസഭ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിച്ചാൽ പ്രതിപക്ഷം എന്തു ചെയ്യും.
= ഞങ്ങൾ സമരം പുറത്തേക്കു വ്യാപിപ്പിക്കും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നു പ്രഖ്യാപിച്ചിട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാട്ടിയില്ലേ.
? യുഡിഎഫും ബിജെപിയുമായി ധാരണയിലായി എൽഡിഎഫ് സർക്കാരിനെതിരേ നീങ്ങുകയാണെന്ന ആരോപണമാണല്ലോ അവർ ഉയർത്തുന്നത്.
= അവരുടെ ആ ആരോപണം ആരു വിശ്വസിക്കും.
? മറ്റു വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് നികുതിവർധന ഉൾപ്പെടെയുള്ള യഥാർഥ വിഷയങ്ങളിൽനിന്നു സർക്കാർതന്നെ ജനശ്രദ്ധ തിരിച്ചു വിടുകയാണെന്നു തോന്നാറുണ്ട്. യുഡിഎഫ് ആ കെണിയിൽ വീഴുകയാണോ.
= എല്ലാ പ്രശ്നങ്ങളിലും സമരം ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. നികുതിവർധനയ്ക്കെതിരേ വളരെ ഫലപ്രദമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നു. ഇപ്പോൾ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതു ഞങ്ങൾ നടത്തിയ സമരങ്ങളുടെയും പ്രചാരണങ്ങളുടെയും ഫലമാണ്. യുഡിഎഫ് പ്രതിപക്ഷത്തിരുന്ന ഏതു കാലയളവിലാണ് ഇത്രയേറെ സമരങ്ങൾ നടന്നിട്ടുള്ളത്.
? ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടന്നാൽ.
= സംശയമില്ല. ഞങ്ങൾ ജയിക്കും. ഈ സർക്കാരിനെ ജനങ്ങൾ അത്രമേൽ വെറുത്തു കഴിഞ്ഞു. ഈ സർക്കാർ വന്നതിനു ശേഷം മൂന്നു തവണ തദ്ദേശ ഉപതെരഞ്ഞെടുപ്പുകൾ നടന്നു. മൂന്നിലും ഞങ്ങൾ വലിയ മുന്നേറ്റം നടത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻവിജയം നേടി. അതു മറക്കരുത്. ഇപ്പോൾ ഞങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയല്ല തയാറെടുക്കുന്നത്. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണിപ്പോൾ നടക്കുന്നത്.
? ജനകീയ വിഷയങ്ങൾ ഉയർത്തേണ്ട സമയത്ത് സംഘടനയിൽ പ്രശ്നങ്ങളല്ലേ.
= അതൊക്കെ ഡൽഹിയിൽ പറഞ്ഞുതീർത്തു. ഇനി ചെറിയ ചില തർക്കങ്ങളേയുള്ളൂ. അതും ഉടൻ പരിഹരിക്കും. പുനഃസംഘടന പൂർത്തിയാക്കേണ്ടതുണ്ട്. അതു വൈകാതെ തീർക്കാൻ സാധിക്കും. അതുകഴിഞ്ഞാൽ ഞങ്ങൾ കുതിച്ചു മുന്നേറും.
? കേരളവും ബിജെപി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്തു പറഞ്ഞല്ലോ. ബിജെപി യുഡിഎഫിനു ഭീഷണിയാകുമോ.
= ബിജെപിക്കു കേരളത്തിൽ സ്പേസ് ഇല്ലാതായിരിക്കുകയാണ്. അവർക്കു 12 ശതമാനം വോട്ട് മാത്രമാണുള്ളത്. കേരളത്തിലെ ഹിന്ദുക്കളിൽ പോലും ഭൂരിപക്ഷവും അവരെ എതിർക്കുന്നു എന്നാണിതു കാണിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഭരണം പിടിക്കുമെന്നാണിപ്പോൾ പറയുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിച്ചു തകർക്കുന്നത് സംഘപരിവാർ സംഘടനകളാണ്. ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നു എന്നു പറഞ്ഞാണ് അക്രമങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ അവർക്കൊപ്പം കൂടുമെന്നു കരുതാനാകുമോ.
? നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഭയമുണ്ടോ.
= അതുകൊണ്ടു കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാകും എന്നു കരുതുന്നില്ല. ഭരണപക്ഷത്തിന്റെ ഭീഷണിരാഷ്ട്രീയത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നും വരുംദിനങ്ങളിലും വൻ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നും പറഞ്ഞാണ് പ്രതിപക്ഷനേതാവ് അഭിമുഖം അവസാനിപ്പിച്ചത്.