ക്രൂരത ഒരു ലഹരി!
Friday, May 19, 2023 10:18 PM IST
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്
2021 ഡിസംബർ 11ന് ആ രംഗം മാധ്യമങ്ങൾ വഴി കണ്ട കേരളം വിറങ്ങലിച്ചുനിന്നു. സമീപകാല ചരിത്രങ്ങളിലൊന്നും പറഞ്ഞുപോലും കേട്ടിട്ടില്ലാത്ത ക്രൂരതയും ഭീകരതയുമായിരുന്നു അത്. തിരുവനന്തപുരം കല്ലൂരിലായിരുന്നു ആ നടുക്കുന്ന രംഗം.
ആർത്തട്ടഹസിച്ച് ഒരു സംഘം യുവാക്കൾ ബൈക്കുകളിൽ പാഞ്ഞുവരുന്നതു കണ്ടാണ് പലരും വഴിയിലേക്കു കണ്ണുപായിച്ചത്. കൈയിൽ പിടിച്ചിരിക്കുന്ന എന്തോ മുകളിലേക്ക് ഉയർത്തിക്കാണിച്ച് ആർത്തുവിളിച്ചാണ് വരവ്. എന്നാൽ, അതെന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം നോക്കിയവർക്ക് പിന്നെ ഒരിക്കൽക്കൂടി നോക്കാൻ ശക്തി ലഭിച്ചില്ല. അത്രയ്ക്കു ഭീതിജനകമായിരുന്നു ആ കാഴ്ച.
ഒരു മനുഷ്യന്റെ വെട്ടിയെടുക്കപ്പെട്ട, ചോരയൊലിക്കുന്ന കാൽ ആയിരുന്നു ആ യുവാക്കളുടെ കൈയിൽ. കൊലവിളി നടത്തി മുന്നോട്ടുപോയ സംഘം ആ കാൽ വഴിയിലേക്കു വലിച്ചെറിഞ്ഞിട്ട് പാഞ്ഞുപോയി. വൈകാതെ ആ വാർത്തയും പിന്നാലെ എത്തി. പോത്തൻകോട് ചെന്പകമംഗലം ഉൗരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷ് (32) എന്ന ചെറുപ്പക്കാരനാണ് ഭീതിജനകമായവിധം കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ സുധീഷ് താമസിച്ചിരുന്ന കല്ലൂർ പാണംവിള സ്വദേശി സജീവിന്റെ വീട്ടിലായിരുന്നു അരുംകൊല അരങ്ങേറിയത്.
പട്ടാപ്പകൽ
രാത്രിയുടെ മറവിലോ ആരുംകാണാതെ ഒളിച്ചോ ഒന്നുമല്ല കൊലയാളിസംഘമെത്തിയത്. പട്ടാപ്പകൽ ഉച്ചയ്ക്ക് 2.30ഒാടെ കല്ലൂരിലെ ഏതോ വീട്ടിൽ സുധീഷ് ഒളിവിൽ കഴിയുന്നതായി എതിരാളികൾക്കു വിവരം ലഭിച്ചിരുന്നു. വെട്ടുകത്തി, വാൾ, മഴു തുടങ്ങിയവയുമായിട്ടാണ് സംഘം കല്ലൂരിലേക്ക് എത്തിയത്.
പല വീടുകളിലും സുധീഷിനെ തെരഞ്ഞെത്തിയ പതിനൊന്നംഗ സംഘം കുട്ടികൾ നോക്കിനിൽക്കെ സ്ത്രീകളുടെ കഴുത്തിൽ വാൾവച്ച് ഭീഷണിപ്പെടുത്തി. തെരച്ചിലിനൊടുവിൽ സുധീഷ് ഒളിച്ചുകഴിഞ്ഞിരുന്ന വീട് മനസിലാക്കിയ സംഘം കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പ്രകടനം നടത്തി ആർത്തുവിളിച്ചു മടങ്ങിയത്.
എന്തു ക്രൂരതയും
കൊല്ലപ്പെട്ട സുധീഷിന്റെ ഒരു ബന്ധുവും കൊല്ലാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നായിരുന്നു പോലീസിന്റെ വെളിപ്പെടുത്തൽ. ലഹരി ഇടപാടു സംബന്ധിച്ച തർക്കമാണ് പകപോക്കലിൽ എത്തിയത്. എന്നാൽ, നാട്ടുകാരെയും പോലീസ് ഉദ്യോഗസ്ഥരെയും കൂടുതൽ ഞെട്ടിച്ച സംഭവം പ്രതികൾ തെളിവെടുപ്പ് സമയത്തും മറ്റും യാതൊരു കൂസലും കൂടാതെയാണ് സംഭവങ്ങൾ പോലീസിനോടു വിവരിച്ചുകൊണ്ടിരുന്നതെന്നതാണ്. മാത്രമല്ല, കൊലപാതകം സംബന്ധിച്ചു പോലീസിൽ മൊഴി നൽകാനെത്തിയവരെ ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ കൃത്യമായ മൊഴി നൽകാൻ എത്ര പേർ ധൈര്യപ്പെടുമെന്നു പറയേണ്ടതില്ലല്ലോ. അക്രമികളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയുമൊക്കെ വലിയ ഇന്ധനമായി ഇന്നു മയക്കുമരുന്ന് മാറിയിരിക്കുകയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ടു പല രീതിയിൽ അക്രമങ്ങൾ പെരുകുകയാണ്. ലഹരിയിൽ നടത്തുന്ന അതിക്രമങ്ങൾ, ലഹരിക്കുള്ള പണത്തിനായി നടത്തുന്ന അതിക്രമങ്ങൾ, ലഹരിവില്പനയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ.. എന്നിങ്ങനെ വളരുന്നു ഇവ.
നടുറോഡിലെ നൃത്തം
ലഹരി തലയ്ക്കു പിടിച്ചാൽ എന്തു ക്രൂരതയ്ക്കും മടിയില്ലാത്തവിധം വ്യക്തികൾ മാറ്റപ്പെടുന്നുവെന്നതാണ് ദുരന്തം. കേരളത്തിലെ യുവതലമുറയിൽ രാസലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതു നമ്മുടെ ഭാവിക്കുതന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. രാജ്യത്തിനും നാടിനും കുടുംബത്തിനും മുതൽക്കൂട്ടാകേണ്ട തലമുറയാണ് ഇങ്ങനെ ലഹരിക്കുപിന്നാലെ പാഞ്ഞു ജീവിതം ഹോമിക്കുന്നത്. ലഹരിക്കെതിരേ പ്രചാരണം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെപ്പോലും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്യുന്നു എന്നതാണ് വിചിത്രം.
2021 ജൂലൈ അവസാനത്തിലെ ഒരു പുലർച്ചെ തൃശൂർ ചിറങ്ങര ദേശീയപാത ജംഗ്ഷനിൽ നടുറോഡിൽ ഒരു യുവാവ് നൃത്തം ചെയ്യുന്നതായി പോലീസിനു വിവരം ലഭിച്ചു. പോലീസ് എത്തിയപ്പോഴും ഡാൻസ് തുടരുകയായിരുന്നു. മട്ടും ഭാവവും കണ്ടപ്പോഴേ ആൾ മയക്കുമരുന്നു ലഹരിയിലാണെന്നു വ്യക്തമായി. എറണാകുളം പള്ളിമുക്ക് സ്വദേശിയായ ഈ 34കാരനിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് അന്പരന്നത്. നിരവധി ലഹരിവിരുദ്ധ ഹ്രസ്വചിത്രങ്ങൾ നിർമിച്ചയാളും അവയുടെ കാമറാമാനും ആയിരുന്നു ഈ യുവാവ്. ലഹരി ഉപയോഗിക്കുന്നതിനെതിരേ യുവാക്കളെ ബോധവത്കരിക്കുന്നതായിരുന്നു പല ഹ്രസ്വചിത്രങ്ങളും! പുതിയ ചിത്രത്തിന്റെ കഥാകൃത്തിനെ കാണാൻ പോകുന്ന വഴിക്കായിരുന്നു ഡാൻസും അറസ്റ്റും. യുവാക്കൾക്കു പിന്നാലെ യുവതികളും മയക്കുമരുന്നിലേക്കു വഴുതിവീഴുന്നതാണ് കേരളത്തിലെ ദുരന്തക്കാഴ്ച.
നിരന്തര പോരാട്ടം
ലഹരി, അതുപയോഗിക്കുന്നവർക്കു മാത്രമല്ല സമൂഹത്തിനാകെ ഭീഷണി സൃഷ്ടിക്കുകയാണ്. ലഹരി ഭരിക്കുന്ന തലച്ചോറുകളുടെ എണ്ണം കൂടിവരുന്നതനുസരിച്ചു പ്രശ്നങ്ങളും വർധിക്കും. പുറത്തിറങ്ങിയാൽ ഒരാളോടും വാക്കുതർക്കത്തിനു പോലും പോകരുതെന്നാണ് ഈ രംഗത്തു പഠനം നടത്തുന്നവർ പറയുന്നത്. കാരണം, പലരും ലഹരിയിൽ മയങ്ങിയാണ് നടക്കുന്നത്. അവർ എങ്ങനെ പ്രതികരിക്കുമെന്നത് ആർക്കും ഉൗഹിക്കാൻപോലും കഴിയില്ല.
ലഹരിക്കെതിരേ ശക്തമായ പ്രചാരണവുമായി കഴിഞ്ഞ ഒക്ടോബറിൽ കേരളം രംഗത്തിറങ്ങിയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോൾ എല്ലാവരും അതു വിട്ടു. എന്നാൽ, ലഹരിക്കെതിരേയുള്ള പോരാട്ടം ഏതാനും ആഴ്ചകൾക്കൊണ്ടോ ഒരു മാസംകൊണ്ടോ അവസാനിപ്പിക്കാനുള്ളതല്ല. നിരന്തരപോരാട്ടമാണു വേണ്ടത്. ലഹരിയുടെ ലഭ്യത നിയന്ത്രിക്കാതെ ഈ ദുരന്തത്തിൽനിന്നു നമ്മുടെ തലമുറകളെ രക്ഷിച്ചെടുക്കാനാവില്ലെന്നതാണ് യാഥാർഥ്യം. അതിനു സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളും പൊതുസമൂഹവുമൊക്കെ ഒന്നിച്ചു കൈകോർക്കണം.
മനസിന്റെയും മരണം!
ഡോ. സി.ജെ. ജോൺ
മാനസികാരോഗ്യ വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
യുവാക്കൾ ചേരുന്ന ഉല്ലാസ സാഹചര്യങ്ങളിലും അപകടത്തിലോ അടിപിടിയിലോ ഉൾപ്പെടുന്ന ചെറുപ്പക്കാരിലും ലഹരിപദാർഥങ്ങളുടെ സാന്നിധ്യം വളരെ കൂടുതലാണ്. നിസാരമായ പ്രകോപനങ്ങൾ മതി ഇവരിലെ ആക്രമണോത്സുകത ഉണരാൻ. മദ്യം കഴിക്കുന്നവരെ തിരിച്ചറിയാൻ കഴിയുന്നതുപോലെ ഇവരെ തിരിച്ചറിയാൻ പറ്റില്ലെന്നത് ഒരു പ്രശ്നമാണ്. പെട്ടെന്ന് പ്രകോപിതരാവുകയും ആക്രമണസ്വഭാവം കാട്ടുകയും പെരുമാറ്റവൈകല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമായി ഇടപെടുമ്പോൾ ജാഗ്രത പുലര്ത്തണം.
പരിശീലനം വേണം
ഇങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോൾ പോലീസിനും വേണം. ലഹരിക്ക് അടിമപ്പെട്ടവരെയും അതു ശീലിക്കുന്നവരെയും മൊത്തത്തിൽ ക്രിമിനലുകളായി കണക്കാക്കരുത്. അവരുടെ അക്രമവാസനകളെ നിയന്ത്രിച്ചു നിർത്തി മറ്റുള്ളവരുടെയും ആ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലാകണം ഇടപെടലുകൾ. ആ വ്യക്തിയെ ഉചിതമായ ചികിത്സയിലേക്കു പ്രേരിപ്പിക്കുകയും വേണം.
ക്രൈം സാധ്യത തടഞ്ഞ്, ആ വ്യക്തിയെ വീണ്ടെടുക്കാനുള്ള അവസരമാകണം. ഇതിനുള്ള പരിശീലനം പോലീസിനും ഹൈ റിസ്ക് സാഹചര്യങ്ങളിലുള്ളവർക്കും നല്കണം. ലഹരിശീലം നേരത്തേ കണ്ടുപിടിക്കാനും തിരുത്താനും കഴിയണം. ലഹരിലോബി ലക്ഷ്യമിടുന്ന ഗ്രൂപ്പുകൾ, പ്രത്യേക വിഭാഗങ്ങൾ, പ്രായക്കാർ എന്നിവർക്കു ബോധവത്കരണം മാത്രം പോര; തിരിച്ചറിയൽ, ചികിത്സ, പുനരധിവാസം എന്നീ കാര്യങ്ങളും വേണം.
ഫലപ്രദമായിട്ടില്ല
നിലവിലെ ലഹരിവിരുദ്ധ പ്രവർത്തനം മാറ്റം സൃഷ്ടിക്കാവുന്ന സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്ന സൂചനയാണ് വരുന്നത്. അത് ഏതു രീതിയിൽ പരിഷ്കരിക്കണമെന്ന് സർക്കാരടക്കം ചിന്തിക്കണം. ലഹരിമരുന്ന് പ്രചരിപ്പിക്കുന്നവർ നൽകുന്ന പ്രലോഭന സന്ദേശങ്ങളുടെ മുനയൊടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നതും സംശയമാണ്. ഉല്ലാസവേളകൾ ആനന്ദകരമാക്കാൻ ലഹരിമരുന്നു വേണമെന്ന തെറ്റായ ധാരണ ചെറുപ്പക്കാരുടെ ഇടയിലേക്കു കയറ്റിവിടാൻ മയക്കുമരുന്നു ലോബിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ പോലും മാറ്റം വരണം.
ഇനി സന്ദേശം ഇങ്ങനെ
* ലഹരി ഉല്ലാസത്തിലേക്കും ആനന്ദത്തിലേക്കുമുള്ള വഴിയല്ല, സർവനാശത്തിലേക്കും ഉന്മൂലനത്തിലേക്കുമുള്ള ചതിയാണ്.
* ലഹരി ആകുലതകളിലെ മിത്രമല്ല, ജീവിതം തകർക്കുന്ന ശത്രുവാണ്.
* ലഹരി സർഗശക്തിയും ബുദ്ധിയും ഉണർത്തുന്ന ഔഷധമല്ല,അവയെയൊക്കെ മെല്ലെ കൊല്ലുന്ന വിഷമാണ്.
* ലഹരി ചങ്ങാത്തങ്ങളിൽ കേമത്തം നേടാനുള്ള കുറുക്കുവഴിയല്ല, ഒറ്റപ്പെടലിലേക്കും ഉന്മാദത്തിലേക്കുമുള്ള യാത്രയാണ്.
ഭൂരിപക്ഷത്തെയും കെണിയിൽ പെടുത്തുന്ന അബദ്ധധാരണകളെ മറികടക്കാൻ ഈ സന്ദേശങ്ങൾ ഉപകരിക്കും. അതിനാൽ നമ്മുടെ ലഹരിവിരുദ്ധ പരിപാടികളും പദ്ധതികളും ഇത്തരം സന്ദേശങ്ങളിൽ ഊന്നി വേണം മുന്നോട്ടുപോകാൻ.
ചികിത്സ ബുദ്ധിമുട്ട്, പ്രതിരോധമാണ് പ്രധാനം
ഡോ. ടോണി തോമസ് (സൈക്യാട്രിസ്റ്റ്, ഗവ. ജനറൽ ആശുപത്രി കോട്ടയം, നോഡൽ ഒാഫീസർ ജില്ലാ മാനസിക ആരോഗ്യപരിപാടി)
സിന്തറ്റിക് ലഹരികൾ, ചെറിയ അളവിൽ പോലും മനുഷ്യന്റെ മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ ദോഷമായി ബാധിക്കും. രാസലഹരികൾ മനുഷ്യനെ മൃഗമാക്കാൻ ശേഷിയുള്ളവയാണ്.
ലഹരികൾ മൂലമുണ്ടാകുന്ന മാനസിക അസുഖങ്ങൾ ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടായതിനാൽ ലഹരികളുടെ ഉപയോഗം തടയുന്നതാണ് ഏറ്റവും നല്ലത്. ലഹരികളുടെ ലഭ്യത, ലഹരിയുടെ സ്രോതസുകൾ എന്നിവ നിയമപരമായി സർക്കാരും പോലീസും മുഖാന്തരം തടയുകയാണ് ഇതിനുള്ള ഒരു പോംവഴി. ലഹരിക്കേസിൽ ഉൾപ്പെടുന്നവർക്കെതിരേ ഫലപ്രദമായ നടപടികളെടുത്തു ശിക്ഷ ഉറപ്പാക്കിയാൽ ഒരു പരിധിവരെ ഇതിനെ പ്രതിരോധിക്കാം.
കുട്ടികൾക്കിടയിൽ ബോധവത്കരണവും സഹായകമാകും. ഒരു വ്യക്തി ലഹരിക്ക് അടിപ്പെടുകയും സ്വഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമാവുകയും ചെയ്താൽ എത്രയും വേഗം ഒരു മാനസികാരോഗ്യവിദഗ്ധന്റെ സേവനം ലഭ്യമാക്കുകയെന്നതാണ് പ്രധാനം.
(അവസാനിച്ചു)