രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
Saturday, September 16, 2023 11:04 PM IST
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്ലാ വർഷവും സെപ്റ്റംബർ 17 ലോകമെമ്പാടും രോഗീസുരക്ഷാദിനമായി ആചരിക്കുകയാണ്. രോഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
ചികിത്സയിലെ പിഴവും സുരക്ഷിതമല്ലാത്ത രീതികളുംവഴി ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും രോഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ദിവസം ആചരിക്കുന്നത്. രോഗീ സുരക്ഷയെപ്പറ്റി രോഗികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
ഈ വർഷത്തെ ലക്ഷ്യങ്ങൾ
രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അവരെ പരിചരിക്കുന്ന എല്ലാ ക്രമീകരണങ്ങളിലും എല്ലാ തലങ്ങളിലും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിചാരകരുടെയും സജീവമായ ഇടപെടൽ ആവശ്യമാണെന്ന അവബോധം വളർത്തുക.
രോഗികൾക്കായുള്ള സുരക്ഷിതമായ ആരോഗ്യ പരിപാലനത്തിനുള്ള നയങ്ങളും സമ്പ്രദായങ്ങളും രൂപപ്പെടുത്തുമ്പോൾ രോഗികളെയും അവരുടെ കുടുംബങ്ങളെയും അതിൽ പങ്കാളികളാക്കാൻ പോളിസി നിർമാതാക്കൾ, ആരോഗ്യ പരിപാലന നേതാക്കൾ, ആരോഗ്യ പരിചരണ പ്രവർത്തകർ, രോഗികളുടെ സംഘടനകൾ, സിവിൽ സൊസൈറ്റി എന്നിവർ ശ്രദ്ധിക്കുക.
സ്വന്തം ആരോഗ്യ പരിപാലനത്തിലും ആരോഗ്യ സംരക്ഷണത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും സജീവമായി ഇടപെടാൻ രോഗികളെയും കുടുംബങ്ങളെയും ശക്തീകരിക്കുക.
എല്ലാ ആരോഗ്യപ്രവർത്തകരും കൈക്കൊള്ളേണ്ട ഗ്ലോബൽ പേഷ്യന്റ് സേഫ്റ്റി ആക്ഷൻ പ്ലാൻ 2021-2030ന് അനുസൃതമായി രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യകാര്യങ്ങളിൽ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുക.
രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആശുപത്രി ജീവനക്കാരുടെ അറിവും കഴിവും മെച്ചപ്പെടുത്തണം. കൂടാതെ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പരിചരണത്തിലുള്ള അറിവ് മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കണം.
സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പ്രധാനമായും, മരുന്ന് ഉപയോഗത്തിലെ സുരക്ഷാ പ്രാധാന്യം തിരിച്ചറിയുക, ഡോക്ടറുടെ നിർദേശാനുസരണം മാത്രം പറയുന്ന അളവിൽ നിശ്ചയിച്ചിരിക്കുന്ന സമയത്തുമാത്രം മരുന്നു കഴിക്കുക, ഡോക്ടർ നിർദേശിക്കുന്നത് അനുസരിച്ചു ഭക്ഷണവും മരുന്നും തമ്മിലുള്ള ഇടവേളകൾ അറിയുകയും പാലിക്കുകയും ചെയ്യുക.അംഗീകൃതമല്ലാത്ത(വ്യാജ)ചികിത്സകരുടെ സേവനം ഉപയോഗിക്കാതിരിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.മരുന്ന് സൂക്ഷിക്കാൻ നിർദേശിക്കപ്പെട്ട ഊഷ്മാവിലും പരിതസ്ഥിതിയിലും ആണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തുക.മരുന്ന് ഉപയോഗത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിച്ചു ചികിത്സ തേടുക.ഉപയോഗശേഷം മരുന്നുകൾ മിച്ചം വന്നാൽ അത് വലിച്ചെറിയാതെ ശാസ്ത്രീയമായി നശിപ്പിക്കുകയോ സംസ്കരിക്കുന്നതിനായി അടുത്തുള്ള ആശുപത്രിയെ ഏൽപ്പിക്കുകയോ ചെയ്യുക.