""സുരക്ഷയെന്നത് ഭക്ഷ്യസുരക്ഷയാണ്''
Friday, September 29, 2023 2:27 AM IST
ഡോ. കെ.ജി. പത്മകുമാർ
ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു വിശ്വസിക്കുകയും അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ് കുട്ടനാടിന്റെ പ്രിയപുത്രനായ ഡോ. എം.എസ്. സ്വാമിനാഥൻ. "ജീവിക്കുന്ന ഇതിഹാസം’’ (Living Legend) എന്നാണ് അദ്ദേഹത്തെപ്പറ്റി നൊബേൽ പ്രൈസ് ജേതാവായ ഡോ. നോർമാൻ ബോർലാംഗ് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രസിദ്ധമായ ടൈംസ് വാരിക ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച വിശ്വപൗരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ആ പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നു പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. അത് ഗാന്ധിജിയും ടാഗോറും പിന്നെ ഡോ. എം.എസ്. സ്വാമിനാഥനുമാണ്.
കർമയോഗി
"വിശപ്പില്ലാത്ത ഇന്ത്യ’എന്ന സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടിയുള്ള കർമനിരതമായ ജീവതമാണ് ഹരിതവിപ്ലവത്തിന്റെ സൂത്രധാരനായി ഡോ. സ്വാമിനാഥനെ അറിയാനിട വരുത്തിയിട്ടുള്ളത്. നൊബേൽ സമ്മാനത്തിന് ഏതാണ്ട് തുല്യമായ വേൾഡ് ഫുഡ് പ്രൈസ് വഴി കിട്ടിയ സമ്മാനത്തുക യായ രണ്ടു ലക്ഷം ഡോളർ ഉപയോഗിച്ച് ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ എന്ന സ്ഥാപനം പടുത്തുയർത്തി ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഗ്രാമീണ മേഖലയിലെ പ്രവർത്തനങ്ങളുടെയും വഴിയിൽ അദ്ദേഹം യാത്ര തുടരുന്നു.
1952ൽ പിഎച്ച്ഡി നേടിയ സ്വാമിനാഥൻ അമേരിക്കയിൽ പോസ്റ്റ് ഡയറക്ടറൽ ഗവേഷണത്തിനു ക്ഷണിക്കപ്പെട്ടു. 1953ൽ ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം ഒറീസയിൽ കട്ടക്കിലുള്ള നെല്ലുഗവേഷണ കേന്ദ്രത്തിലും ഡൽഹിയിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും സേവനം അനുഷ്ഠിച്ചു. 1972 വരെയുള്ള ഗവേഷണ ഫലമായാണ് ഗോതന്പ് ഉത്പാദനത്തിൽ രാജ്യത്ത് ഒരു കുതിച്ചുചാട്ടത്തിനു വഴിവച്ച ഹരിതവിപ്ലവം നടപ്പിലാക്കാൻ കഴിഞ്ഞത്. 1968ൽ ഇന്ദിരാഗാന്ധി Wheat Revolution എന്ന പ്രത്യേക സ്റ്റാന്പ് പുറപ്പെടുവിച്ച് സ്വാമിനാഥന്റെ ഗവേഷണങ്ങളെ അംഗീകരിച്ചത് പിൽക്കാല ചരിത്രം.
ഉയരങ്ങളിലേക്ക്
ഇത്രയും സമ്മാന്യമായ ആ മഹത് വ്യക്തിത്വം ആലപ്പുഴയിലെ കുട്ടനാടിനു സ്വന്തം എന്നു പറയുന്പോൾ ഇവിടത്തുകാരുടെ വികാരത്തിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകുന്നത് സ്വാഭാവികം. കാരണം കുട്ടനാട്ടിലെ കർഷക പ്രമാണിയായിരുന്ന പിതാവ് കൃഷ്ണയ്യരുമൊത്ത് ഇവിടുത്തെ നോക്കെത്താത്ത നെൽവയലുകളും കൃഷി സന്പ്രദായങ്ങളും കണ്ടുപഠിച്ചു വളർന്ന ഒരു സംസ്കാരമാണ് സ്വാമിനാഥൻ എന്ന വിശ്വ ശാസ്ത്രജ്ഞനെ ലോകത്തിനു സംഭാവന ചെയ്തത് എന്നതു തന്നെ.
ലോകം പുതിയ വഴികളിലേക്കു നീങ്ങുകയാണിപ്പോൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമംപോലും പ്രവചിക്കപ്പെടുന്നു. കൃഷി ഉത്പാദനക്ഷമവും ആദായകരവും പരിസ്ഥിതിസൗഹൃദവും ആക്കാൻ ഉതകുന്ന "നിത്യഹരിത വിപ്ലവം’ എന്ന പ്രഫസർ സ്വാമിനാഥന്റെ ആശയം ഏറ്റവും പ്രസക്തമാകുന്ന കാലം.
കാലാവസ്ഥാ അഭയാർഥികൾ
2013ൽ തിരുവനന്തപുരത്ത് നടന്ന ഒരു ചർച്ചാസദസിൽ പ്രഫസർ ഉപയോഗിച്ച പദപ്രയോഗം "കാലാവസ്ഥാ അഭയാർഥികൾ’ എത്രയോ പ്രസക്തമായിരിക്കുന്നു. കുട്ടനാടിനെ ആഗോള കാർഷിക പൈതൃക മേഖല ആക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ കുട്ടനാട്ടിലെ കർഷകസമൂഹത്തിന്റെ കർമകുശലതയും കർഷകത്തൊഴിലാളികളുടെ കൈക്കരുത്തും വിശദമാക്കുന്നുണ്ട്. കുട്ടനാട് പാക്കേജിന്റെ ആമുഖത്തിൽ പ്രഫസർ പറയുന്നുണ്ട് - എല്ലാ ദുരന്തങ്ങളും ഓരോ അവസരങ്ങളാണ്. കാര്യക്ഷമമായി ഉൾക്കൊണ്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെങ്കിൽ.
കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാധി വികസനത്തിനും മുൻകൈ നൽകുന്ന നിർദേശങ്ങളാണ് കുട്ടനാട് പാക്കേജിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഇന്ത്യയിലെ കർഷകരുടെ പ്രശ്നങ്ങളും പരിഹാരനിർദേശങ്ങളും അടങ്ങിയ ദേശീയ കാർഷിക കമ്മീഷൻ റിപ്പോർട്ട് കർഷകർ അവകാശപത്രികയായാണ് കാണുന്നത്.
ഏതു പരുത്ത അനുഭവങ്ങളും സ്വാഭാവികമായി നേരിടാനുള്ള ഉൾക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രകൃതിയിൽനിന്നു പരമാവധി മാന്തിയെടുക്കുന്ന മൃഗീയ ആസക്തിയുടെ പാർശ്വഫലങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. അതുകൊണ്ടാണ് കുട്ടനാടിനുവേണ്ടി സമർപ്പിച്ച പാക്കേജിൽ പരിസ്ഥിതി പുനഃസ്ഥാപന പാക്കേജ് എന്നു നാമകരണം ചെയ്തത്.
എന്നാൽ പ്രകൃതിയിൽ ഒരു ഇടപെടലും നടത്താൻ പാടില്ല എന്നോ എല്ലാ ഇടപെടലുകളും മോശമാണെന്നോ വിനാശകരമാണെന്നോ ഉള്ള നിലപാട് അദ്ദേഹത്തിനില്ല. കൃഷി ഒരു പുണ്യപ്രവൃത്തിയാണ്. മനുഷ്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന പ്രവർത്തനം എന്നതുകൊണ്ട് കൃഷിയെ സ്നേഹിച്ചു, ബഹുമാനിച്ച് അതിൽനിന്നു കിട്ടുന്ന ആനന്ദം അനുഭവിക്കുന്നവൻ ഏറ്റവും ഭാഗ്യവാൻ എന്ന് പ്രഫസർ ഉറച്ചു വിശ്വസിച്ചു.
കർഷകക്ഷേമം പ്രഥമം
ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും കർഷകന്റെ ക്ഷേമവുംകൂടി ഉറപ്പുവരുത്തുന്ന നിർദേശങ്ങളാണ് ദേശീയ കമ്മീഷൻ റിപ്പോർട്ടിൽ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നിർദേശിച്ചത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പ്രതിരോധവഴികൾ ആസൂത്രണം ചെയ്യാനും കൃഷിക്രമങ്ങളും സമീപനങ്ങളും ഉണ്ടാകണമെന്ന് കുട്ടനാട് കായൽകൃഷി ഗവേഷണകേന്ദ്രത്തിന്റെ രക്ഷാധികാരികൂടിയായിരുന്ന പ്രഫ. സ്വാമിനാഥൻ കൃത്യമായി നിർദേശങ്ങൾ നൽകിയിരുന്നു. രാജ്യത്തിന്റെ കാർഷികവിഹായസിൽ നിത്യവിസ്മയമായി തിളങ്ങിയ, ശാസ്ത്രസമൂഹത്തിന് ആവേശമായിരുന്ന ഒരു പ്രകാശഗോപുരമാണ് പൊലിഞ്ഞത്.