ആശുപത്രികളും മാനവരാശിയുടെ ഏകത്വവും
Tuesday, August 5, 2025 2:53 AM IST
ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലിൽ
“പള്ളികളേക്കാൾ ആത്മാർഥമായ പ്രാർഥനകൾ ആശുപത്രികളുടെ ചുമരുകൾ കേട്ടിട്ടുണ്ട്. വിമാനത്താവളങ്ങളേക്കാൾ ആത്മാർഥമായ ചുംബനങ്ങൾക്ക് അവ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.” ഈ വർഷം ഏപ്രിൽ 21ന് മരിക്കുന്നതിന് മുന്പ് ആശുപത്രിക്കിടക്കയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ അവസാന വാക്കുകളിൽ ഒന്നായിരുന്നു ഇത്. രോഗത്തിന്റെ നടുവിൽ അദ്ദേഹം നടത്തിയ ഈ വെളിപ്പെടുത്തലുകൾ ആഴത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുകയും എല്ലാ ഹൃദയങ്ങളെയും ഒട്ടും വേദനിപ്പിക്കാതെ തന്നെ, പരമമായ ഒരു സത്യം ലോകത്തെ അറിയിക്കുകയും ചെയ്യുന്നു. ആശുപത്രിയെ ഒരു മാധ്യമമായി ഉപയോഗിച്ചുകൊണ്ട് മനുഷ്യരാശിയുടെ ഏകീകരണം സാധ്യമാക്കുന്നതിന് വളരെ ആഴത്തിലുള്ള അദ്ദേഹത്തിന്റെ ഒരു വിടവാങ്ങൽ സന്ദേശമായി വേണം ഇതിനെ കാണാൻ.
മനുഷ്യർ അവരുടെ മുഖംമൂടികൾ നീക്കം ചെയ്ത് അവരുടെ യഥാർഥ സത്തയിൽ സ്വയം വെളിപ്പെടുത്തുന്ന ഒരു സ്ഥലമാണ് ആശുപത്രി എന്ന് അദ്ദേഹം നിരീക്ഷിച്ചു. താഴ്ന്ന ജാതിയിൽ ജനിച്ച ഒരു ഡോക്ടർ മേൽജാതിയിൽ പെട്ട ഒരു രോഗിയെ പരിചരിക്കുന്നതായി നാം കാണുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും തടവുകാരനും ഒരേ മുറിയിൽ പരിചരണം സ്വീകരിക്കുന്നതായി നാം കാണുന്നു. കരൾ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന ധനികനായ ഒരു രോഗി ദരിദ്രനായ ഒരു ദാതാവിൽനിന്ന് അവയവം സ്വീകരിക്കുന്നു.
വംശം, ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ പേരിൽ ആയിരക്കണക്കിന് ആളുകൾ അനുദിനം കൊല്ലപ്പെടുന്പോൾപോലും, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഒരു പുതുകാറ്റായി ലോകമെങ്ങും വീശുന്നു. മനുഷ്യ പ്രകൃതിയെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നു.
സാമൂഹ്യ-സാന്പത്തിക രാഷ്ട്രീയ വേർതിരിവുകൾക്ക് ഇത്രയധികം വേരോട്ടമുള്ള ഇന്നത്തെ ലോകക്രമത്തിൽ ഒരു ആശുപത്രിയിൽ ഡോക്ടറുടെയോ രോഗിയുടെയോ നഴ്സിന്റെയോ അറ്റൻഡറുടെയോ മതം, ജാതി, വംശം അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിറ്റിയെക്കുറിച്ച് ആരും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്?
ആശുപത്രികൾ അതിന്റെ തനത് സ്വഭാവം കൊണ്ടുതന്നെ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിൽകൂടി പൊതുവായ ശാരീരിക മാനസിക അവസ്ഥകളുള്ള ഒരു പറ്റം ആളുകളെ ഒരുമിപ്പിക്കുന്നു. അവരുടെ ഏക ലക്ഷ്യം തങ്ങളുടെ ആരോഗ്യസംരക്ഷണവും അതിജീവനവും മാത്രമാണ്. അത് അവരുടെ ഇടയിൽ അനുകന്പയും പരസ്പര ധാരണയും വളർത്തുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യത്തിനുള്ള അവകാശം ലോകത്തിലെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമായി പ്രഖ്യാപിച്ചതുവഴിയായി ലോകത്തിന്റെ ഏതൊരു ഭാഗത്തുണ്ടാകുന്ന ആരോഗ്യപ്രതിസന്ധിയെയും നേരിടുന്നതിന് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ഉറപ്പുവരുത്തുന്നു.
കോവിഡ് എന്ന മഹാമാരിയെ ലോകജനത ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിച്ചത് ഉദാഹരണം മാത്രമാണ്. ഒരു രാജ്യത്ത് കണ്ടുപിടിക്കപ്പെട്ട പ്രതിരോധ മരുന്നുകൾ ആ രാജ്യത്ത് മാത്രമല്ല ഉപയോഗിക്കപ്പെട്ടത്, മറിച്ച് മറ്റു രാജ്യങ്ങളിലുമാണ്. ഇത് ആഗോളപൗരത്വബോധവും ലോകജനതയുടെ കൂട്ടായ ഉത്തരവാദിത്വബോധവും വർധിപ്പിക്കുന്നു. ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ലോകജനതയുടെ എല്ലാ അതിർവരന്പുകൾക്കുമപ്പുറമുള്ള കൂട്ടായ പരിശ്രമങ്ങളെയും സഹകരണ മനോഭാവത്തെയുമാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അവസാന സന്ദേശത്തിലൂടെ സൂചിപ്പിച്ചത്.
മതാന്തര ഐക്യത്തിൽ ശക്തമായി വിശ്വസിച്ച അദ്ദേഹം മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തുകയുണ്ടായി. 2012ൽ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാര ത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ജൂത, മുസ്ലിം, മറ്റ് ക്രിസ്ത്യൻ വിശ്വാസങ്ങളിലെ നേതാക്കളെ ഒരുമിച്ചു കൊണ്ടുവന്നു. പാലങ്ങൾ പണിയുന്നതിനും എല്ലാ ആളുകൾക്കും ഇടയിലുള്ള സൗഹൃദത്തിന്റെ യഥാർഥ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള ഒരു മാർഗമായി മാർപാപ്പ അത്തരം സംഭാഷണങ്ങളെ ഊന്നിപ്പറഞ്ഞു.
കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണത്തിനായും അദ്ദേഹം ശബ്ദിക്കുകയുണ്ടായി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തെ ഫ്രാൻസിസ് മാർപാപ്പ വിമർശിക്കുകയും കുടിയേറ്റക്കാരുടെ സംരക്ഷണം ‘സംസ്കാരത്തിന്റെ കടമ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സംസ്കാരത്തിന്റെ കടമ എന്ന ഒറ്റ പ്രയോഗത്തിലൂടെ ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. അത് വിവരവും വിദ്യാഭ്യാസവുമുള്ള നമ്മൾ ഓരോരുത്തരും സഹജീവികളോട് എപ്രകാരമാണ് പെരുമാറേണ്ടത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ്.
വംശം, മതം, ദേശീയത, നിറം, ജാതി എന്നിവയുടെ വ്യത്യാസങ്ങൾ തുടച്ചുനീക്കപ്പെടുന്നതും മുറിവേറ്റവരെയും രോഗികളെയും സുഖപ്പെടുത്താൻ ആളുകൾ ഒന്നിക്കുന്നതുമായ ഒരേയൊരു സ്ഥലമാണ് ആശുപത്രി. മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്താനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും ആശുപത്രികളുടെ മതിലുകൾക്ക് പുറത്തും നമുക്ക് സാധിക്കുമോ?
ആഴത്തിലുള്ള ധ്രുവീകരണത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെ ആധിപത്യത്തിന്റെയും ലോകത്ത് ഇത് ശക്തമായ ഒരു വെല്ലുവിളിയാണ്. കൊറോണ വൈറസിന്റെ ഏറ്റവും വിനാശകരമായ ആക്രമണത്തെ മറികടക്കാൻ നമുക്ക് കഴിഞ്ഞത് ഈ കാര്യത്തിൽ പ്രത്യാശ നൽകുന്ന ഒന്നാണ്. കൊറോണ രോഗികൾ ആശുപത്രികളിൽ തിങ്ങി നിറഞ്ഞപ്പോൾ, എല്ലാ ദിവസവും മൃതദേഹങ്ങൾ മോർച്ചറികളിൽ നിറഞ്ഞിരുന്നു. വാക്സിനുകൾ നൽകുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള നാഡീകേന്ദ്രമായി ആശുപത്രി മാറിയിരുന്നു. അതിജീവനത്തിന്റെ സഹജാവബോധവും മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും മുന്പെങ്ങുമില്ലാത്ത വിധം മനുഷ്യ സഹകരണത്തിന്റെ ചൈതന്യത്തെ നയിച്ചു.
ആശുപത്രികളെ മാനവരാശിയുടെ സാഹോദര്യത്തിന്റെ ഒരു പ്രതീകമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ കണ്ടത്. അതുകൊണ്ടാണ് പള്ളികളിലേതിനേക്കാൾ ആളുകൾ ഉള്ളുരുകി പ്രാർഥിക്കുന്നത് ആശുപത്രികളിലാണ് എന്ന് അദ്ദേഹം പറഞ്ഞത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേവാലയങ്ങളേക്കാൾ പരിപാവനമായ ഇടങ്ങളായിട്ടാണ് ആശുപത്രികളെ കാണേണ്ടത് എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളിൽ പോലും ആശുപത്രികളുടെ ഈ സവിശേഷ സ്ഥാനം ഉറപ്പുവരുത്തിയിട്ടുണ്ട്. 1949ലെ ജനീവ കണ്വൻഷന്റെ 18-ാം വകുപ്പ് പ്രകാരം, യുദ്ധവേളയിൽ പോലും, ഒരിക്കലും ആശുപത്രികൾ ആക്രമിക്കപ്പെടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആശുപത്രിയുടെ ശക്തിയെപ്പറ്റി അദ്ദേഹം തന്റെ അന്ത്യനാളുകളിൽ പങ്കുവച്ച പ്രതീക്ഷ ഒരു പുതിയ ലോകക്രമത്തെ ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു മാധ്യമമാക്കി മാറ്റാൻ നമുക്ക് കഴിയുമോ? ആളുകളെ ഒന്നിപ്പിക്കാനും സമാധാനത്തിനായി പോരാടാനും കഴിയുന്നത്ര ശക്തിയുള്ള ഒരു പ്രതീകം?