ഉള്ളതു പറഞ്ഞാൽ അടൂരിനും കിട്ടും!
പായിപ്ര രാധാകൃഷ്ണൻ
Tuesday, August 5, 2025 2:57 AM IST
ആളും തരവും സദസും സന്ദർഭവും നോക്കിയുംകണ്ടും നല്ല മെയ്വഴക്കത്തോടെ സംസാരിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിലും വരുന്ന കാലമാണിത്. പ്രത്യേകിച്ച് സർക്കാർവേദികൾ. അധികാരികളെ മുഖംനോക്കാതെ വിമർശിക്കാവുന്ന ജനാധിപത്യമൊന്നുമല്ല ഇവിടെ പുലരുന്നത്.
കവികളും സാഹിത്യകാരന്മാരും കലാകാരന്മാരുമൊക്കെ ഈ സൗവർണ പ്രതിപക്ഷമെന്നൊക്കെ പറയുന്നത് പണ്ട്. ബുദ്ധിജീവികളും കവികളും സാഹിത്യകാരന്മാരും ഭൂരിപക്ഷവും അധികാരത്തിന്റെ പുറംതിണ്ണയിൽ വെയിൽകായുന്ന കാലം. എം. മുകുന്ദനെപ്പോലെ എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്നൊക്കെപ്പറയുന്നതിൽ കുഴപ്പമില്ല. അത്തരം ഉദ്ദേശ്യാധിഷ്ഠിത പ്രശംസകളല്ലാതെ അഭ്യുദയകാംക്ഷികൾക്കുപോലും ഉള്ളതു പറയാൻ വയ്യാത്ത കാലംകൂടിയാണിത്.
ശ്രീകുമാരൻ തന്പിയായാലും അടൂർ ഗോപാലകൃഷ്ണനായാലും ഡോ. ഹാരിസായാലും ജി. സുധാകരനായാലും ടി. പത്മനാഭനായാലും, ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടരായാലും ഉള്ളതു പറഞ്ഞാൽ പണികിട്ടും. സർവീസിലുള്ള ഡോ. ഹാരിസിനെപ്പോലെ സാംസ്കാരികരംഗത്തുനിന്ന് സസ്പെൻഡ് ചെയ്യാൻ മന്ത്രിക്കധികാരമുണ്ടായിരുന്നെങ്കിൽ കളി കാണാമായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയുടെയും പൊയ്ക്കാലുകളിൽ കിട്ടിയ ഔന്നത്യമല്ല അടൂരിനോ ശ്രീകുമാരൻ തന്പിക്കോ ഉള്ളത്.
ആരംഭകാലത്ത് അപഹസിച്ചും ആക്രമിച്ചും അവഗണിച്ചും മലയാളികൾ അടൂർസിനിമകളെ നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ചലച്ചിത്ര മലയാളത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് അടൂർ. ശ്രീകുമാരൻ തന്പി കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തിലല്ല വളർന്നത്. വയലാറിനോടും പി. ഭാസ്കരനോടും ഒഎൻവിയോടും തോളുരുമ്മിനിന്നാണ് തന്പി തഴച്ചത്.
വേദിയിലും സദസിലും വൈതാളികരെക്കൊണ്ടു നിറച്ച ഏകമുഖ സദസുകളെയാണ് കോൺക്ലേവിൽ പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ ഔദാര്യത്തിൽ നടത്തുന്ന ഇത്തരം മാമാങ്കങ്ങളിൽ പൊന്നാടയും ആറന്മുള കണ്ണാടിയും വാങ്ങി ഉരിയാടാപ്പയ്യനായി അടങ്ങിയൊതുങ്ങി നിൽക്കുന്നതാണ് ബുദ്ധി. അവാർഡിനും സ്ഥാനമാനങ്ങൾക്കുമുള്ള ക്യൂവിൽ കാത്തുനിൽക്കുന്നവരല്ലാത്തതുകൊണ്ട് ഇവർക്ക് അപ്രിയ യാഥാർഥ്യങ്ങൾ തുറന്നുപറയാനും ചോദ്യങ്ങൾ ഉന്നയിക്കാനും ആരുടെയും പിൻബലം വേണ്ട.
അടൂരും തന്പിയും അതിരുവിട്ടൊന്നും പറഞ്ഞതായി കേരളീയ നിഷ്പക്ഷ സമൂഹത്തിന് അനുഭവപ്പെട്ടിട്ടില്ല. നാളെ പറയേണ്ടിവരുന്ന പൊള്ളുന്ന യാഥാർഥ്യങ്ങൾ ഇന്നേ പറഞ്ഞുവച്ചുവെന്ന് വേണമെങ്കിൽ കുറ്റം ചാർത്താം. കേരളം കണ്ട മികച്ച ഫലിതങ്ങളിൽ ഒന്നായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ടെന്ന് ആർക്കാണറിയാത്തത്? ആ റിപ്പോർട്ട് ഇത്തരത്തിലൊരു നിഷ്ഫല കോൺക്ലേവിന് ജന്മം നൽകിയെന്നാണ് മന്ത്രിയുടെ അവകാശവാദം.
പങ്കെടുക്കുന്നവർക്കും പരസ്പരം താലോലിക്കുന്നവർക്കും മാത്രം സുഖശീതളിമ ലഭിക്കുന്ന ഒരു കോൺക്ലേവ്! ഉള്ളടക്ക നിയന്ത്രണം, മനഃസാക്ഷിക്കു നിരക്കുന്ന കഥയെന്നൊക്കെ സർക്കാരിന് പറയാം. ജനകീയപ്രശ്നങ്ങളെയും വികസനത്തെയും സെമിനാർ നടത്തി നേരിടുന്ന ജനകീയാസൂത്രണശൈലിയുടെ പുത്തൻ പതിപ്പാണീ കോൺക്ലേവ്.
ഒരു റിപ്പോർട്ടുണ്ടാക്കാനാണോ ഇങ്ങനെയൊരു കോൺക്ലേവ് നടത്തുന്നതെന്ന അടൂരിന്റെ മർമവേധിയായ ചോദ്യം, വേദിയിലിരിക്കുന്ന വിനീതവിധേയരെയും സദസിലെ ഗുണഭോക്താക്കളെയും അസ്വസ്ഥപ്പെടുത്തിയെങ്കിൽ അദ്ഭുതമില്ല. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ സമരം ചെയ്ത് ഇല്ലാതാക്കിയതും ഒന്നരക്കോടിയുടെ കണക്കും ഇങ്ങനെ പരസ്യമായി പറയാൻ പാടില്ലായിരുന്നു.
അടൂരും തന്പിയും ഹാരിസും ഇനിയെങ്കിലും ഉള്ളത് വിളിച്ചുപറയാതിരിക്കാൻ ശ്രദ്ധിക്കണം. എത്ര വലയ അന്താരാഷ്ട്ര അംഗീകാരങ്ങളെയും ഫെയ്സ്ബുക്കിൽ കമന്റിട്ട് പരിഹസിക്കുന്ന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയെയും കരുതിയിരിക്കണം. വേദിയിലിരുന്ന മറ്റുള്ളവരെ കണ്ടുപഠിച്ചാൽ അടുത്ത കോൺക്ലേവിൽ ക്ഷണിക്കപ്പെടും. അല്ലെങ്കിൽ അടൂരിന്റെയും ശ്രീകുമാരൻ തന്പിയുടെയും പേരു വെട്ടും!