ട്രംപിനു ബദൽ സ്വദേശി
റ്റി.സി. മാത്യു
Tuesday, August 5, 2025 2:59 AM IST
ഡോണൾഡ് ജോൺ ട്രംപിനു മുമ്പിൽ കീഴടങ്ങാൻ ഇന്ത്യ തയാറല്ല. അതാണ് ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. വെറുതേ പറയുകയല്ല, കുറേക്കാലമായി ഉറക്കെ പറയാതിരുന്ന സ്വദേശി, നാടൻ, സ്വയം പര്യാപ്തത തുടങ്ങിയവ വീണ്ടും ഉച്ചത്തിൽ പറഞ്ഞുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ പൊതുയോഗത്തിൽ മോദി ആഹ്വാനം ചെയ്തത് ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണം എന്നാണ്. “കാരണം, ആഗോള സാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്”-മോദി പറഞ്ഞു.
ബദൽ കരുതിയില്ല
ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിത പ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണിത്. ഇങ്ങനെയാകും കാര്യങ്ങൾ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാൽ ബദൽ വഴികൾ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. സ്വാതന്ത്ര്യാനന്തര കാലത്തു ദശകങ്ങളോളം നാം ഉയർത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, കുറേക്കാലമായി അത് ഉപേക്ഷിച്ച മട്ടായിരുന്നു.
വിദേശബന്ധങ്ങൾ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. “നാടൻ വാങ്ങി നാടു നന്നാക്കൂ” എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുഃശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുന്നു.
ചൈനയ്ക്കു ബദലോ?
ട്രംപുമായി മോദിക്കുണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലിപ്പവും തീരുവ ചുമത്തൽ തീരുമാനത്തെ സ്വാധീനിച്ചില്ല. ചൈനയ്ക്കു ബദലായി ഇന്ത്യയെ സൈനിക സഖ്യകക്ഷിയാക്കിയാണു രണ്ടുദശകമായി അമേരിക്ക നീങ്ങിയിരുന്നത്.
ചൈനയിൽനിന്ന് പിന്മാറുന്ന കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുറക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നു നമ്മൾ വിശ്വസിച്ചു. അതെല്ലാം അസ്ഥാനത്താക്കിയാണ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം ചുങ്കം ചുമത്തിയത്. റഷ്യയോട് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെയും ബ്രിക്സ് കൂട്ടായ്മയിൽ നിൽക്കുന്നതിന്റെയും പേരിൽ പ്രഖ്യാപിച്ച, ഇനിയും നിരക്ക് വ്യക്തമാക്കാത്ത പിഴച്ചുങ്കവും വരും.
പാക്കിസ്ഥാന്റെ കളി
അയൽ രാജ്യങ്ങളേക്കാൾ കൂടിയ ചുങ്കം ഇന്ത്യക്കു നാണക്കേടായി. ഈ മുറിവ് കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തം കൂട്ടി. അവർക്കു ചുങ്കം 19 ശതമാനമായി കുറച്ചു. കരയിലും കടലിലും എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കി. കലാപമേഖലയായ ബലൂചിസ്ഥാനിലാണ് കരയിലെ പ്രധാന പര്യവേക്ഷണം. പാക്കിസ്ഥാൻ ചെെനയുമായി അടുത്ത ബന്ധം പുലർത്തുന്നതൊന്നും ട്രംപിനു പ്രശ്നമായില്ല. (നൊബേൽ പുരസ്കാരത്തിന് തന്റെ പേരു നിർദേശിച്ചതിന്റെ സന്തോഷം ട്രംപിനുണ്ടായിരിക്കും.) ഇതേപ്പറ്റി കടുത്ത വിമർശനംപോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
തന്റെ ഭീഷണിയെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി എന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ, ഇന്ത്യ അതു നിഷേധിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുമ്പു റഷ്യയിൽനിന്നു നാമമാത്രമായ എണ്ണ ഇറക്കുമതിയേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. ഉപരോധം മൂലം റഷ്യ ഗണ്യമായി വില കുറച്ചപ്പോൾ ഇന്ത്യ വാങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിയുടെ 30 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഈയിടെ റഷ്യ വില കൂട്ടിയപ്പോൾ അൽപം കുറച്ചെങ്കിലും റഷ്യതന്നെ മുഖ്യഎണ്ണ ദാതാവ്. ജൂലൈയിൽ 41 ശതമാനം എണ്ണ റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 17.5 ലക്ഷം ബാരൽ. ഇറാക്ക് ഒൻപതു ലക്ഷവും സൗദി അറേബ്യ ഏഴു ലക്ഷവും ബാരൽ ദിവസേന തന്നു.
എണ്ണ മാത്രമല്ല വിഷയം
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെനിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ഇന്ത്യ വിശദീകരിക്കുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കഴിഞ്ഞ ഒന്നര ദശകമായി കുറച്ചു വരുകയാണ്. അമേരിക്കയിൽനിന്നുള്ളതു കൂട്ടുന്നുമുണ്ട്. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2010-14ൽ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 72 ശതമാനമായിരുന്നത് 2015-19ൽ 55ഉം 2020-24ൽ 36ഉം ശതമാനമായി കുറഞ്ഞു.
റഷ്യ മാത്രമല്ല ട്രംപിന്റെ വിഷയം. അമേരിക്കയിൽനിന്നു ധാന്യങ്ങളടക്കം എല്ലായിനം കാർഷിക ഉത്പന്നങ്ങളും ക്ഷീര ഉത്പന്നങ്ങളും ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇന്ത്യ ഇറക്കുമതി ചെയ്യണം എന്ന ആവശ്യമുണ്ട്. ചുരുക്കം ചില ഇനങ്ങൾ മാത്രം അനുവദിക്കാം എന്നാണ് ഇന്ത്യൻ നിലപാട്. അതിനപ്പുറം അനുവദിച്ചാൽ ഇന്ത്യൻ കർഷക സമൂഹം ദുരിതത്തിലാകും. അമേരിക്കയുടെ മിക്ക കാർഷികോത്പന്നങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നുള്ളതാണ് എന്ന വിഷയവുമുണ്ട്. പരുത്തി ഒഴികെ ഒന്നിലും ജനിതകമാറ്റം വരുത്തിയവ ഇന്ത്യ അനുവദിച്ചിട്ടില്ല.
പേറ്റന്റും ടെക് ഭീമന്മാരും
ഔഷധമേഖലയിലടക്കം പേറ്റന്റ് നിയമങ്ങൾ അമേരിക്കൻ നിയമങ്ങൾക്കനുസരിച്ചു മാറ്റണം എന്നതാണു മറ്റൊരു ഡിമാൻഡ്. ആദ്യ പേറ്റന്റ് കാലാവധി കഴിയുമ്പോൾ നിർബന്ധിത ലൈസൻസിംഗിലൂടെ കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകളുണ്ടാക്കി ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും മലേഷ്യയുമൊക്കെ ഇത് സ്വീകരിച്ചിട്ടുണ്ട്. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ചെറിയ മാറ്റം വരുത്തി കാലാവധി നീട്ടിയെടുത്തു ജനറിക് നിർമാണം തടയാനുള്ള വ്യവസ്ഥയും ട്രംപ് ആവശ്യപ്പെടുന്നു.
ഗൂഗിളും മെറ്റായും പോലുള്ള ടെക്നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റണം, അവർക്കെതിരേ യൂറോപ്യൻ മാതൃകയിൽ നികുതി ചുമത്തരുത് തുടങ്ങിയവയാണ് ട്രംപിന്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല. കരാർ ഉണ്ടാക്കാൻ സാധിക്കും എന്ന ധാരണയിൽ അമേരിക്കൻ ഡിമാൻഡുകൾ പരസ്യപ്പെടുത്താതെയാണു ഗവൺമെന്റ് തുടക്കം മുതൽ നീങ്ങിയത്. ഇതു മൂലം വേണ്ടത്ര ജനാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ഇതുവരെ അമേരിക്കാ ബന്ധത്തെ പ്രകീർത്തിച്ചിരുന്നവർ പെട്ടെന്നു വിമർശകരാകുന്ന കൗതുക രംഗങ്ങൾക്കും രാജ്യം സാക്ഷിയാകും.
ഭായിമാർ ഇല്ല
ശേഷം എന്ത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം കണ്ടിട്ടില്ല. ട്രംപിനെ ഏകധ്രുവ ലോകം എന്ന മായയിൽനിന്നു മാറ്റി ബഹുധ്രുവ ലോകം എന്ന യാഥാർഥ്യത്തിലേക്കു വരുത്താൻ തത്കാലം ശ്രമിച്ചിട്ടു കാര്യമില്ല. റഷ്യ പഴയ ബദൽ ശക്തിയായ സോവ്യറ്റ് യൂണിയന്റെ നിഴൽ മാത്രമാണ് - സൈനികമായും സാമ്പത്തികമായും. രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന നമുക്കു ‘ഭായി’ ആക്കാൻ പറ്റിയതുമല്ല. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈയിടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ചൈന സന്ദർശിച്ചതു പ്രധാന കാര്യമാണ്.
റഷ്യയുമായുള്ള ബന്ധം കുറേക്കൂടി ബലപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനം മാത്രവുമാകാം അത്.
മറുപടി നൽകിയില്ല
“റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന” തുടങ്ങിയ പരിഹാസങ്ങൾക്കോ, 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ ഇന്ത്യ ഇനിയും മറുപടി നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷയിലാകാം അത്. യുഎസ് ബന്ധത്തിൽ ഉലച്ചിൽ നീണ്ടുനിന്നാൽ ഇന്ത്യൻ സമ്പദ്ഘടനയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽനിന്നുള്ള നിക്ഷേപസ്ഥാപനങ്ങൾ വിപണിയിൽനിന്നും വ്യവസായങ്ങളിൽനിന്നും പിന്മാറുന്നതടക്കം പലതും സംഭവിക്കാം. നമ്മുടെ ദീർഘകാല സ്വപ്നങ്ങൾക്ക് അതു ഭീഷണിയാകും. സ്വദേശികൊണ്ടു മാത്രം വികസിത ഭാരതം സാധ്യമാവില്ല.
തീരുവയുദ്ധം തുടർന്നാൽ...
തീരുവയുദ്ധം തുടർന്നാൽ ഇന്ത്യൻ സാമ്പത്തിക വളർച്ച എന്താകും? സാരമില്ലെന്നു സർക്കാർ പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതി ഇനങ്ങൾക്കേ പ്രശ്നമുള്ളൂ. 8,500 കോടി ഡോളർ കയറ്റുമതി ഒരു വർഷം നടക്കുന്നതിൽ 4,500 കോടിക്കു താഴെ മാത്രമേ ഉയർന്ന ചുങ്കത്തിൽ വരൂ. അതുമൂലം അങ്ങോട്ടുള്ള കയറ്റുമതി 30 ശതമാനം വരെ കുറയാം. അതു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ 0.30 ശതമാനം കുറവേ വരുത്തൂ. 6.4 ശതമാനം വളർച്ച പ്രതീക്ഷിച്ചത് 6.1 ശതമാനമാകാം. അത്ര വിഷമിക്കാനില്ല. ഇതാണു സർക്കാർ ഭാഷ്യം.
അത്ര ലളിതവും നിസാരവുമാണോ വിഷയം? 1998 മേയിൽ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യ ശക്തികൾ ഇന്ത്യക്ക് ഉപരോധം പ്രഖ്യാപിച്ചപ്പോഴും സർക്കാർ പറഞ്ഞതു വളർച്ചയ്ക്കു കോട്ടം വരില്ല എന്നായിരുന്നു. കണക്കുകൾ കാണിച്ചതു മറിച്ചാണ്. 1994-95ലും 95-96ലും 7.3ഉം 96-97ൽ 7.8ഉം ശതമാനം വളർച്ച ഇന്ത്യക്കുണ്ടായി.
1997ലെ പൂർവേഷ്യൻ തകർച്ചയെ തുടർന്ന് 97-98ൽ വളർച്ച 4.8 ശതമാനമായി കുറഞ്ഞു. 98-99ൽ ഇന്ത്യ 6.5 ശതമാനം വളർന്നു. തലേ വർഷം മോശമായതും കാർഷികോത്പാദനം ബംപർ അടിച്ചതും സഹായിച്ചു. പിന്നങ്ങോട്ടു തളർച്ച തന്നെ. 1999-2000ൽ വളർച്ച 6.1 ശതമാനമായി കുറഞ്ഞു. പിറ്റേ വർഷം 4.4%, 2001-02ൽ 5.8%, 2002-03ൽ 4.0% എന്നിങ്ങനെ വളർച്ച കൂപ്പുകുത്തി. ചരിത്രം ആവർത്തിക്കുമോ?