നിത്യത
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, August 6, 2025 12:12 AM IST
വാർധക്യം ഒറ്റയ്ക്കല്ല വരുന്നത്. അതു മറവിയെയും മരണത്തെയും കൂട്ടിക്കൊണ്ടുവരുന്നു എന്നു പറയാറുണ്ട്. മരണം അനിവാര്യമായൊരു കാലനിയോഗമാണ്. അഭിനയിച്ചുകൊണ്ടിരിക്കേയാകും അതു യവനിക വീഴ്ത്തുന്നത്. ഏറെക്കുറെ ബോധരഹിതമാക്കിയശേഷം മാത്രമേ പിംഗളകേശിനിയായ മൃത്യു വന്നു പരലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുള്ളൂ എന്നാണ് മൃത്യുവിന്റെ കാവ്യനീതി. മനമുരുകി നാം എരിയിച്ച വിളക്കുകളെല്ലാം കെടുത്തിയുള്ള പോക്ക്.
ആ പോക്കിനെ മുൻകൂട്ടിക്കണ്ട് സ്വയം വരിച്ചവരുണ്ട്. അവരെ ആത്മഘാതികളെന്നു വിളിക്കാമെന്നു തോന്നുന്നു. വിഷാദസ്വരത്തിൽ കാലേകൂട്ടി ആ ശിരോലിഖിതം തിരുത്തിയെഴുതിയവരാണവർ. ഭൂമി വിട്ടുപോകുംമുമ്പ് സിൽവിയ പ്ലാത്ത് എഴുതി- “എന്റെ ചിറകുകൾ മുളച്ച് തൂവലുകൾ കിളിർത്തു പറക്കാൻ പാകമായിരിക്കുന്നു. എനിക്കിനി, നിങ്ങളുടെ ആകാശം വേണ്ട. ഞാനെന്റെ ആകാശത്തേക്കു പറന്നുപോകുന്നു’’ എന്ന്.
ഇത്രയേറെ വെന്തുനീറിയ വാക്ക് ഞാൻ മുൻപെങ്ങും വായിച്ചിട്ടില്ല. ഇതു വായിച്ച കാലത്ത് എന്നിലെ കാല്പനികനു വല്ലാതെ ഭ്രാന്തുപിടിച്ചിരുന്നു. കവിതയിലെനിക്കു മറ്റൊരു സ്വപ്നലോകം സൃഷ്ടിക്കാൻ കഴിയാതെവന്നു. അകാല്പനികമായ ഒരു ഭീതി എന്നെ ചുറ്റാൻ തുടങ്ങി. ഞാനാരുടെയും അനുഗാമിയായിരുന്നില്ലെങ്കിൽകൂടി ആരുടെയോ പിന്നാലെ മന്ദവേഗേന നടക്കുന്ന ഒരാളായി തോന്നി. കുറേക്കാലം ഞാനാ വിഷമവൃത്തത്തിനുള്ളിലായിരുന്നു. പിന്നീടെപ്പൊഴോ ആ പാശം എന്നെ വിട്ടൊഴിഞ്ഞ് എങ്ങോട്ടോ ഇഴഞ്ഞുപോയി.
മൃത്യുവിനേക്കാൾ ഭയക്കേണ്ടതു മറവിയെയാണ് എന്ന് ജെറാൾഡ് മാർട്ടിനുമായി സംസാരിക്കുമ്പോൾ മാർക്വേസ് പറയുന്നുണ്ട്. മാർക്വേസ് ഇതു പറയുന്നകാലത്ത് അദ്ദേഹത്തിനു മറവിരോഗം ബാധിച്ചു തുടങ്ങിയിട്ടില്ല. ഓർമകളെക്കുറിച്ച് അദ്ദേഹം നിരന്തരം എഴുതുന്ന കാലമായിരുന്നു അത്. ഓർമകളുടെ ഈ അദ്ഭുതഖനനം കണ്ടിട്ട് ലോകം മുഴുവൻ അന്ധാളിച്ചുനിൽക്കുകയായിരുന്നു. അപ്പോഴായിരുന്നു കടലിലെ ശാന്തതപോലെ അതു വായനക്കാരെ ഭയപ്പെടുത്താൻ തുടങ്ങിയത്.
പതിയെപ്പതിയെ മാർക്വേസിനുള്ളിലെ പെരുംതിരയടങ്ങിവന്നു. എഴുത്തിലേക്കൊഴുകിവന്ന ഭാവനയുടെ തരംഗാവലികൾ ഒന്നൊന്നായി നിലച്ചു. ദിവാസ്വപ്നങ്ങളും ഖേദഹർഷങ്ങളും ഇല്ലാതായി. ഉള്ളിലെ ഗൂഢപഥങ്ങളിലൂടെ എവിടേക്കെന്നില്ലാതെ അലയാൻ തുടങ്ങി. കടൽക്കോളുകണ്ട് ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു. ചപ്പിലകൾ കുമിഞ്ഞുകൂടിയ മനസിനെ വൃത്തിയാക്കാൻ മെഴ്സിഡസ് ആവുന്നത്ര ശ്രമിച്ചു. പക്ഷേ, ഓർമയുടെ തുറമുഖത്തൊന്നും നങ്കൂരമിടാനാകാത്തവിധം മറവിയുടെ ആ കപ്പൽ അഴിമുഖങ്ങളിലൂടെ ഒഴുകിമറയുകയായിരുന്നു.
പിൽക്കാലത്ത് മാർക്വേസിനെ വായിച്ചപ്പോഴെല്ലാം ഞാൻ വല്ലാതെ ഭയന്നിരുന്നു. ഉള്ളിലെ ജലാശയങ്ങൾ വറ്റി, കാറ്റുനിലച്ച്, ഇലകൾ തോർന്നു നിൽക്കുന്ന ഒരാളായിത്തീരുമോ എന്ന ഭയം. അതു മനസിനെ ക്ഷണവേഗേന തരിശുഭൂമിയാക്കിത്തീർക്കുന്ന ഒന്നാണ്. മാർക്വേസിന്റെ സ്മൃതിനാശം അത്തരമൊരുപാട് ആലോചനകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അതിലെന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയതും സന്തോഷിപ്പിച്ചതും മറ്റൊരനുഭവമായിരുന്നു.
സ്മൃതിനാശം സംഭവിച്ചുകഴിഞ്ഞാൽ മൃത്യുവിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്ക് അറുതിവരും എന്നുള്ളതായിരുന്നു അത്. മാർക്വേസിന്റെ മകൻ റോദ്രീഗോ ഗാർസിയ പിതാവിനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ (A Farewell to Gabo and Mercedes) അതു പറയുന്നുണ്ട്. ഭൂതത്തിലേക്കും ഭാവിയിലേക്കും ഒരേകാലം ഭാവനയുടെ കുതിരയോടിച്ചുപോയ മാർക്വേസാണ് മരണത്തെ മറന്നുപോകുന്നത്. ‘ഏകാന്തതയുടെ നൂറുവർഷങ്ങ’ളിൽ ആറു തലമുറകളുടെ ജീവിതവും മരണവും കണ്ട എഴുത്തുകാരനാണ് ഇതെല്ലാം മറന്നുപോകുന്നത്. ഇത് ദുഃഖത്തേക്കാളേറെ ഭയപ്പെടുത്തുന്ന ഒന്നാണ്.
നാളുകൾക്കുശേഷം ഞാൻ വീണ്ടും ‘കോളറാക്കാലത്തെ പ്രണയം’ വായിക്കാനെടുത്തു. അത് ചില്ലലമാരിക്കു പുറത്ത് ഊഷരമായ ഒരിടത്ത് അലക്ഷ്യമായി കിടക്കുകയായിരുന്നു. നാരകത്തിന്റെ ഇല തിരുമ്മി പച്ചമുളകും ഇഞ്ചിയും ഉപ്പും കൂട്ടി ചതച്ചിട്ട് കുഞ്ഞിരാമൻനായർ ഉണ്ടാക്കുന്ന സംഭാരംപോലെയാണ് എനിക്കീ നോവൽ ആദ്യ വായനയിൽ അനുഭവപ്പെട്ടത്. ആ ‘സംഭാരം’ പുനർവായനയിലും രുചിച്ചു.
‘കോളറാക്കാലത്തെ പ്രണയം’ മാർക്വേസിന്റെ തണ്ണീർപ്പന്തലാണെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻ ഫെർമിന ദാസയും ഫ്ളോറന്റീന അരിസയും കണ്ടുമുട്ടുന്ന ഒരു നിമിഷം ഞാൻ അനുഭവിക്കുകയാണ്. അവർക്കിടയിൽ അനിതരദിവ്യവിഭൂതിയാർന്ന സ്വപ്നാത്മകലോകം പതിയെ പ്രത്യക്ഷമാകുന്നത് ഞാനറിയുന്നു. “മരണത്തിനല്ല; ജീവിതത്തിനാണ് അതിരുകളില്ലാത്തത്” എന്നവർ തിരിച്ചറിയുന്നു.
ഈ തിരിച്ചറിവാണ് മൃത്യുവിനെ അരിഞ്ഞുവീഴ്ത്തി മുന്നേറുന്ന ജീവിതത്തിന്റെ കൊടിപ്പടം. നിമിഷങ്ങളിൽ ജീവിച്ചുകൊണ്ട് നിത്യതയുമായി സംവദിക്കുന്ന ഒരനുഭവം. മാർക്വേസ് കടന്നുപോയിട്ടും ആ അനുഭവം നിലനിൽക്കുന്നു. മൃത്യുവും സ്മൃതിനാശവും പൂർണമല്ല എന്ന് ആ കഥാപാത്രങ്ങളെപ്പോലെ വായനക്കാരനും കാരുണ്യത്തോടെ തിരിച്ചറിയുന്നു.