ധര്മഭൂമിയിലെ അസ്ഥിമാടങ്ങൾ
ശ്രീജിത് കൃഷ്ണന്
Wednesday, August 6, 2025 12:16 AM IST
ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് മംഗളൂരുവിനു സമീപം ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല. ഇവിടം ഹിന്ദു-ജൈന സംസ്കാരങ്ങൾ സമന്വയിക്കുന്ന ഇടമാണ്.
ധർമസ്ഥല ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്ര ട്രസ്റ്റിന്റെ തലവന്‍ ധര്‍മാധികാരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ് അര നൂറ്റാണ്ടിലേറെയായി ഈ സ്ഥാനത്തുള്ളത്. രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സമൂഹവിവാഹങ്ങളും വ്യാപകമായ അംഗീകാരം നേടിയിട്ടുള്ളതാണ്. ധര്‍മസ്ഥലയിലെ അന്നദാന ഹാളില്‍ ഓരോ ദിവസവും പതിനായിരത്തോളം പേര്‍ക്കാണ് സൗജന്യ ഭക്ഷണം നല്‍കുന്നത്.
സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ലോ കോളജുകള്‍ വരെയുള്ള 25 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നു. ആരോഗ്യമേഖലയിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഗ്രാമീണ വികസനം, കുടിവെള്ള വിതരണം തുടങ്ങിയ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ വേറെയും. ഇങ്ങനെയൊരു സ്ഥലമാണ് ഇപ്പോള്‍ ഒരു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദങ്ങള്‍ക്കു നടുവിലായിരിക്കുന്നത്.
വിവാദങ്ങള്‍ക്കു തുടക്കമിട്ട വെളിപ്പെടുത്തൽ
1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായാണ് മുന്‍ ശുചീകരണതൊഴിലാളി രംഗത്തെത്തിയത്. പണവും സ്വാധീനവുമുള്ളവർക്ക് കാഴ്ചവയ്ക്കാന്‍ വേണ്ടി പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന ക്രിമിനല്‍ സംഘങ്ങള്‍ കാലങ്ങളായി ഇവിടെ സജീവമാണെന്ന ആരോപണം നേരത്തേ പറഞ്ഞുകേട്ടിരുന്നതാണ്. ഇവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ വിസമ്മതിച്ചിരുന്ന പലരും കൊല്ലപ്പെട്ടതായും ഇതെല്ലാം മൂടിവയ്ക്കാൻ ധർമസ്ഥല ട്രസ്റ്റിലെ ഉന്നതർ ഒത്താശ ചെയ്തുകൊടുത്തിരുന്നതായും ആരോപണമുണ്ടായിരുന്നു. ഇവയെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
പഞ്ചായത്തും പോലീസുമുൾപ്പെടെ ധർമസ്ഥലയിലെ മിക്കവാറും എല്ലാ സംവിധാനങ്ങളും കാലങ്ങളായി ക്ഷേത്ര ട്രസ്റ്റിലെ ഉന്നതരുടെ സ്വാധീനത്തിലും നിയന്ത്രണത്തിലുമാണ്. ഇവരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് ഇവിടെ ഭൂമി വാങ്ങി താമസിക്കാൻപോലും ബുദ്ധിമുട്ടാണ്. വിധേയൻ സിനിമയിലെ ഭാസ്കര പട്ടേലരുടെയും തൊമ്മിയുടെയും കഥയുടെ മൂലസ്ഥാനം ഇതിനടുത്ത പ്രദേശമാണെന്നു പറയുമ്പോൾ സാഹചര്യങ്ങൾ മനസിലാക്കാൻ എളുപ്പമാകും. ചുറ്റുപാടും ഇരുൾമൂടിയ വനപ്രദേശങ്ങളാണ്. ഇങ്ങനെയൊരു സാഹചര്യമാണ് ധർമസ്ഥലയെ പുറംലോകമറിയാത്ത രഹസ്യങ്ങളുടെ നിലവറയാക്കിയത്.
ദുരൂഹതകളും ആരോപണങ്ങളും
കൊല്ലത്തുനിന്ന് കുടിയേറി വന്ന മലയാളി കുടുംബത്തിൽനിന്നുള്ള പദ്മലത എന്ന വിദ്യാർഥിനി 1986ൽ ഇവിടെവച്ച് കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ പ്രതികളെപ്പോലും കണ്ടെത്താനായില്ല. പദ്മലതയുടെ അടുത്ത ബന്ധുവായ ടി. ജയന്ത് ധർമസ്ഥലയിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റിയിൽ സജീവമാണ്. ഈ സംഭവത്തിനു മുമ്പ് 1977ല്‍ വേദവതി എന്ന അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ടും ധര്‍മസ്ഥലയിലെ സംവിധാനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു.
2012ല്‍ ധർമസ്ഥല എസ്ഡിഎം കോളജിലെ പിയുസി (കേരളത്തിലെ പ്ലസ്ടു) വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. 2012 ഒക്ടോബര്‍ ഒമ്പതിന് വൈകുന്നേരം കോളജ് വിട്ടിറങ്ങിയ സൗജന്യയെ തൊട്ടടുത്ത ദിവസം നേത്രാവതി പുഴക്കരയിലെ വനത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റുമായി അടുത്ത ബന്ധമുള്ള മൂന്ന് യുവാക്കള്ക്കുനേരേയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. എന്നാല്‍, കേസന്വേഷണം നടത്തിയ പോലീസും പിന്നീട് സിബിഐയും സന്തോഷ് റാവു എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പ്രതിയാക്കിയത്. തെളിവുകളുടെ അഭാവത്തിൽ സിബിഐകോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. കേസന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന കൃത്യമായ നിരീക്ഷണം കോടതിവിധിയിൽ ഉണ്ടായിരുന്നു. എന്നിട്ടും ഈ കേസിൽ പുനരന്വേഷണമോ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടികളോ ഉണ്ടായില്ല. ഈ കേസുമായി ബന്ധപ്പെട്ട് ധർമസ്ഥല ആക്ഷൻ കമ്മിറ്റിയും വിവിധ സംഘടനകളും സമരം തുടരുന്നതിനിടയിലാണ് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
അന്വേഷണത്തിന് പ്രത്യേക സംഘം
സൗജന്യയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ അഭിഭാഷകർ മുഖേന എഴുതി സമർപ്പിച്ച പരാതിയിൽ പറയുന്നത്. തുടക്കത്തിൽ ഇയാളുടെ വെളിപ്പെടുത്തലുകളെ അവഗണിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ആക്ഷൻ കമ്മിറ്റിയും അഭിഭാഷകരും മാധ്യമങ്ങളുമെല്ലാം ഉണർന്നു പ്രവർത്തിച്ചതോടെ കർണാടക സർക്കാർ ഇടപെട്ട് ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൃതദേഹങ്ങള്‍ മറവുചെയ്തതായി കരുതുന്ന 15 സ്ഥലങ്ങള്‍ പരാതിക്കാരൻ അന്വേഷണസംഘത്തിന് കാണിച്ചുനൽകി. നേത്രാവതി പുഴക്കരയിലെ വനമേഖലയിലായിരുന്നു ഈ സ്ഥലങ്ങളെല്ലാം.
വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ 22 വർഷം മുമ്പ് ധർമസ്ഥലയിൽ കാണാതായ എംബിബിഎസ് വിദ്യാർഥിനി അനന്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ സുജാത ഭട്ട് പരാതിയുമായെത്തി. 15 വർഷം മുമ്പ് ധർമസ്ഥല വനമേഖലയിൽ കണ്ടെത്തിയ മറ്റൊരു പെൺകുട്ടിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റോ പോസ്റ്റ്മോർട്ടമോ നടത്താതെ മറവുചെയ്തതിന് താൻ സാക്ഷിയാണെന്ന് വെളിപ്പെടുത്തി ആക്ഷൻ കമ്മിറ്റി ഭാരവാഹിയായ ജയന്ത് മറ്റൊരു പരാതിയും നൽകി.
പരാതിക്കാരൻ കാണിച്ചുനൽകിയ ഓരോ സ്ഥലത്തും പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ മണ്ണുനീക്കി പരിശോധന നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ആദ്യം പരിശോധന നടത്തിയ സ്ഥലങ്ങളെല്ലാം നേത്രാവതി പുഴക്കരയിൽ അധികം ആഴത്തിലല്ലാത്ത ഇടങ്ങളിലായിരുന്നു. മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുന്ന പ്രദേശങ്ങളായതിനാൽ ഇവിടങ്ങളിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പരിശോധന വനത്തിനുള്ളിലേക്ക് മാറിയപ്പോഴാണ് മനുഷ്യാസ്ഥികളുടെ അവശിഷ്ടങ്ങൾ ലഭിച്ചുതുടങ്ങിയത്.
ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്തുനിന്നാണ് ആദ്യമായി അസ്ഥികൾ കിട്ടിയത്. അത് ഒരു പുരുഷന്റെ അസ്ഥികൂട ഭാഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പതിനൊന്നാമതായി അടയാളപ്പെടുത്തിയ ഭാഗത്തുനിന്ന് അല്പമകലെ വനത്തിൽനിന്ന് ഒന്നിലേറെ പേരുടെ അസ്ഥികളും തലയോട്ടികളുമുൾപ്പെടെ കണ്ടെത്തി. ധർമസ്ഥല-സുബ്രഹ്മണ്യ റോഡരികിലെ വനത്തിൽ തറനിരപ്പിൽനിന്ന് അധികം ആഴത്തിലല്ലാതെ മണ്ണു നീക്കിത്തുടങ്ങിയപ്പോൾ തന്നെ അസ്ഥികൾ കണ്ടെത്തുകയായിരുന്നു. സ്ത്രീകളുടെ വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയതോടെ പരാതിക്കാരന്റെ വെളിപ്പെടുത്തലുകൾക്ക് കൃത്യമായ തെളിവായി. വരുംദിവസങ്ങളിലും വനത്തിനുള്ളിൽ പരിശോധനകൾ തുടരുമ്പോൾ കൂടുതൽ പേരുടെ അസ്ഥികളും ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന മറ്റു തെളിവുകളും ലഭ്യമാകുമെന്നാണ് സൂചന.
2012ലെ സൗജന്യ കേസ് ധര്‍മസ്ഥലയുടെ സത്പേരിനും വിശ്വാസ്യതയ്ക്കും വലിയ തോതില്‍ മങ്ങലേല്‍പിച്ചതോടെ ഇവിടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഉന്നതതലത്തില്‍തന്നെ ഇടപെടലുകള്‍ നടന്നിരുന്നതായാണ് സൂചന. ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെല്ലാം അതിനുമുമ്പു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. പക്ഷേ, സ്വർണത്തളികകൊണ്ട് മൂടിവച്ചാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന വിശ്വാസമാണ് ഇപ്പോൾ വീണ്ടും ശരിയാകുന്നത്.