ഇന്ത്യാബന്ധം പൊളിക്കാൻ ട്രംപ്
റ്റി.സി. മാത്യു
Wednesday, August 6, 2025 1:33 AM IST
ഇന്ത്യയോടുള്ള ബന്ധത്തിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ചൈനയോട് അടുക്കാൻ പോകുകയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു. ഇന്ത്യയോടു തീരുവവിഷയത്തിൽ കാണിക്കുന്ന എതിർപ്പ് വ്യാപാരവിഷയത്തിൽ മാത്രം ഉള്ളതല്ലെന്നും ചൈനയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ഇന്നലെ ഒരു അഭിമുഖത്തിലെ ട്രംപിന്റെ പ്രസ്താവനകൾ കാണിച്ചു.
24 മണിക്കൂറിനകം ഇന്ത്യയുടെ മേൽ കനത്ത ചുങ്കം ചുമത്തുമെന്ന് ട്രംപ് ഇന്നലെ വെെകുന്നേരം സിഎൻബിസി ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാളെയാണ് ട്രംപിന്റെ പുതിയ തീരുവകൾ നടപ്പിൽവരിക.ചൈനയുമായി വ്യാപാരകരാർ ഉടനെ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
വഴിത്തിരിവ്
അമേരിക്കൻ വിദേശനയത്തിലെ ഒരു വഴിത്തിരിവാണ് ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനയിലുള്ളത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപ് ചൈനയുമായി തീരുവകാര്യത്തിൽ പോരടിച്ചു തുടങ്ങിയ ഭരണം ഇപ്പോൾ അവരെ പ്രീതിപ്പെടുത്തുന്ന നിലയിലേക്കു മാറുകയാണ്.
അമേരിക്കയുടെ ആശ്രിത രാജ്യമായി നിൽക്കുന്ന തായ്വാന്റെ പ്രസിഡന്റും പ്രതിരോധമന്ത്രിയും ഈയിടെ അമേരിക്ക വഴി ദക്ഷിണ അമേരിക്കയിലേക്കു പോകാൻ പ്ലാനിട്ടത് റദ്ദാക്കേണ്ടി വന്നു. ചൈനയുടെ എതിർപ്പ് മൂലം, ട്രംപ് ഭരണകൂടം അവർക്ക് അമേരിക്കയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതാണ് കാരണം.
നിർമിതബുദ്ധിയും
നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും നവീനവും ശക്തവുമായ എച്ച്20 ചിപ്പുകൾ ചൈനയ്ക്കു വിൽക്കുന്നതിനുണ്ടായിരുന്ന വിലക്ക് ട്രംപ് ഈയിടെ മാറ്റി. സിവിലിയൻ, പ്രതിരോധ ഉപയോഗങ്ങൾ ഉള്ളതാണ് എൻവിഡിയ കമ്പനി നിർമിക്കുന്ന ഈ പ്രോസസറുകൾ. പ്രതിരോധ വകുപ്പിന്റെ എതിർപ്പ് മറികടന്നാണു നടപടി. നിർമിതബുദ്ധിയിൽ ചൈനയെ മുന്നിലെത്തിക്കാൻ ഇതു വഴിതുറക്കും.
വ്യാപാരയുദ്ധം മുറുകിയപ്പോൾ അപൂർവധാതുക്കൾ നൽകുന്നതു ചൈന നിർത്തിവച്ചു. ഇതു ഭാഗികമായി പുനരാരംഭിക്കാനാണ് എച്ച്20 വിൽപ്പന അനുവദിച്ചത് എന്നു വ്യാഖ്യാനമുണ്ട്. അപൂർവധാതുക്കൾ കിട്ടാതെ വന്നാൽ വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ നിർമിക്കാൻ പറ്റാതെവരും.
വെടി നിർത്തൽ
ചൈനയ്ക്കു യുഎസ് പ്രഖ്യാപിച്ച 145 ശതമാനം തീരുവ 30 ശതമാനമായി കുറച്ചും യുഎസ് സാധനങ്ങൾക്കു 10 ശതമാനം ചുങ്കം ചുമത്താൻ ചൈനയെ അനുവദിച്ചും ആണ് വ്യാപാരയുദ്ധത്തിൽ ആദ്യ വെടിനിർത്തൽ ഉണ്ടായത്. അതു സ്ഥിരമാക്കാനുള്ള ചർച്ച നിർണായക ഘട്ടത്തിലെത്തി എന്നാണ് ട്രംപ് പറഞ്ഞത്.
ചൈന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ ട്രംപ് ഈ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ മാത്രമാണു കുറ്റപ്പെടുത്തിയതും പിഴച്ചുങ്ക ഭീഷണി മുഴക്കിയതും. ചൈനയ്ക്കു ബദൽ ആയി ഇന്ത്യയെ കണക്കാക്കി ബന്ധം നന്നാക്കാൻ തുടങ്ങിയത് ജോർജ് ബുഷിന്റെ കാലത്താണ് (2001-09). തുടർന്നു വന്ന പ്രസിഡന്റുമാർ (ട്രംപ് അടക്കം) അതു തുടർന്നു.
ഇന്തോ-പസഫിക്കിലെ മലബാർ സൈനിക അഭ്യാസവും ക്വാഡ് (യുഎസ്, ഇന്ത്യാ ജപ്പാൻ, ഓസ്ട്രേലിയ) കൂട്ടായ്മയുമൊക്കെ അതിന്റെ ഫലമാണ്. അതെല്ലാം മാറ്റിവച്ചോ മറന്നോ ആണ് ട്രംപ് നീങ്ങുന്നത്.
അഴിച്ചുപണി തുടങ്ങുന്നു
വ്യാപാരതർക്കം ആഗോള ശാക്തിക ബന്ധങ്ങളെ അഴിച്ചു പണിയുന്നതിന്റെ പുതിയ തുടക്കമാകും ഇത്.
ആഗോളവത്കരണത്തെ നിരാകരിക്കുന്ന ട്രംപ് വ്യാപാര ഉദാരവത്കരണം വഴി ഉണ്ടായ വലിയ സാമ്പത്തിക വളർച്ചയ്ക്കും കോട്ടം വരുത്തുകയാണ്. അതിന്റെ തുടക്കം ഇന്ത്യയിലാക്കിയതും ചൈനയെ പ്രീണിപ്പിക്കാനാണോ എന്നു സംശയിക്കണം. ചൈനയുടെ ചട്ടുകമായി വർത്തിക്കാറുള്ള പാക്കിസ്ഥാനോടുള്ള ട്രംപിന്റെ വർധിച്ച സ്നേഹവും ഇതോടു കൂട്ടിച്ചേർത്തു മനസിലാക്കണം.