അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടൽ
ഫാ. ജോസഫ് കളത്തിൽ
Thursday, August 7, 2025 12:19 AM IST
പ്രസിദ്ധ തത്വചിന്തകനായ ഇമ്മാനുവേൽ ലെവിനാസിന്റെ (1906-1995) അഭിപ്രായത്തിൽ ‘അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടൽ’ ആണ് ഏതൊരു തത്വചിന്തയ്ക്കും മുമ്പ് ഉണ്ടാകേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള പാശ്ചാത്യ തത്വശാസ്ത്രത്തെ വിമർശിക്കുന്ന ലെവിനാസ്, ഇത്തരം തത്വശാസ്ത്രം വ്യക്തിയിലേക്കും ലോകത്തോടുള്ള അവന്റെ ബന്ധത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മനുഷ്യൻ അധിവസിക്കുന്ന ചുറ്റുപാടിലെ ഗൗരവമേറിയ ധാർമികതലങ്ങളെ അവഗണിക്കുകയാണു ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു.
‘അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടൽ’ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നു പറയുന്ന അദ്ദേഹം ഇത് നമ്മിൽനിന്ന് ഒരു ധാർമിക പ്രതികരണവും ആവശ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ തത്വശാസ്ത്രവീക്ഷണമനുസരിച്ച് നാം ശ്രദ്ധിക്കേണ്ടവരും കടപ്പെട്ടിരിക്കുന്നവരുമാണ് അപരൻ. അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടലിലൂടെ ഒരു വ്യക്തി അവന്റെതന്നെ പരിമിതികളെക്കുറിച്ച് മനസിലാക്കുകയും ദൈവികമായ ഒരു തലത്തിലേക്ക് ഉയരുകയും ചെയ്യുന്നു. ഇപ്രകാരം തത്വശാസ്ത്രത്തിന്റെ പരമ്പരാഗതമായ നിർവചനത്തെ ‘വിജ്ഞാനത്തോടുള്ള സ്നേഹം’ എന്നതിൽനിന്ന് ‘സ്നേഹത്തോടെയുള്ള വിജ്ഞാനം’ എന്നാക്കി മാറ്റുകയാണ് ലെവിനാസ് ചെയ്തത്. ക്രൈസ്തവ കാഴ്ചപ്പാടിനോട് വളരെയധികം ചേർന്നുപോകുന്ന ഒന്നാണ് ലെവിനാസിന്റെ തത്വശാസ്ത്രം.
സമകാലിക കേരളീയസമൂഹത്തിൽ ലെവിനാസിന്റെ തത്വശാസ്ത്രത്തിനു വിരുദ്ധമായി ഫ്രഞ്ച് നിരീശ്വര തത്വചിന്തകനായ ജീൻപോൾ സാർത്രിന്റെ (1905- 1980) തത്വചിന്തയ്ക്ക് മേധാവിത്വം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും കാണുന്നത്. ‘No Exit’ എന്ന തന്റെ നാടകത്തിൽ സാർത്ര് ഇപ്രകാരം പറയുന്നു: “മറ്റുള്ളവർ നരകമാണ്.” അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടൽ നടത്തേണ്ടതിനു പകരം അപരൻതന്നെ നരകമാണെന്ന കാഴ്ചപ്പാടാണിത്! ഇന്ന് നമ്മുടെ സമൂഹത്തിൽ അപരൻ എന്നത് രാഷ്ട്രീയമായും മതപരമായും ജാതീയമായും പ്രാദേശികമായും വളരെയധികം വിഭജിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്.
സമകാലിക സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ഈയടുത്ത ദിവസങ്ങളിൽ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളും കൂടെയുള്ളവരും നിർദയമായ വിധത്തിൽ വിചാരണ ചെയ്യപ്പെട്ടപ്പോഴും തടങ്കലിലാക്കപ്പെട്ടപ്പോഴും ഇവിടെ പലരും സോഷ്യൽ മീഡിയയിലൂടെ കന്യാസ്ത്രീമാരെയും അവരെ മോചിപ്പിക്കാൻ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെയും വിചാരണ ചെയ്യുന്ന തിരക്കിലായിരുന്നു! കന്യാസ്ത്രീമാർ അകപ്പെട്ട അവസ്ഥയെയും അവരെ ഒരുപറ്റം ആളുകൾ ആൾക്കൂട്ട വിചാരണ ചെയ്തതിനെയും ഒട്ടും പരിഗണിക്കാതെയായിരുന്നു നിർഭാഗ്യകരമായ ഈ വിചാരണകൾ!
രാഷ്ട്രീയ അന്ധതയും അടിമത്തവും
കന്യാസ്ത്രീമാർ എന്തിനാണ് ആദിവാസികളെ ഉദ്ധരിക്കാൻ ഉത്തരേന്ത്യയിലേക്ക് പോയത്... അവർക്ക് ഇവിടെ നിന്നാൽ പോരേ... തുടങ്ങിയ വിചിത്ര വാദങ്ങളുമായി രാഷ്ട്രീയതിമിരം ബാധിച്ച ചില ക്രൈസ്തവ നാമധാരികൾതന്നെ രംഗത്തിറങ്ങിയത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു! കന്യാസ്ത്രീമാരുടെ മോചനവുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ പ്രതിഷേധപ്രകടനങ്ങളെ മഹാ അപരാധമായി ചിത്രീകരിക്കാനും പലരും മുന്നിട്ടു നിന്നു. സഹജീവിയുടെ വേദനയോടും അവരെ മോചിപ്പിക്കാനുള്ള ന്യായമായ പ്രതിഷേധ പ്രകടനങ്ങളോടും പങ്കുചേരുന്നതിനു പകരമായി ഒരുതരം രാഷ്ട്രീയ അന്ധതയും അടിമത്തവുമാണ് ഈ വിഷയത്തിൽ പലരെയും നയിച്ചത്. ‘അപരന്റെ മുഖം’ ഇവിടെ അവഗണിക്കപ്പെടുകയാണ് ചെയ്തത്.
സമാനമായ ഒരു അവസ്ഥ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും കാണാം. നിമിഷപ്രിയയുടെ മോചനത്തിനായി ജാതിമത ഭേദമെന്യേ കേരള സമൂഹത്തിലെ ഒരു വിഭാഗം പരിശ്രമിച്ചപ്പോൾ മറുഭാഗത്ത് അവർക്ക് മാപ്പ് കൊടുക്കരുതെന്നും നിലവിലുള്ള രാജ്യത്തിന്റെ നിയമത്തിന് അവരെ വിട്ടുകൊടുക്കണമെന്നും ആക്രോശിച്ചവരും ഏറെയാണ്. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിൽ മധ്യസ്ഥശ്രമം തുടരുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ നടത്തിയ പ്രചാരണങ്ങൾ സ്ഥിതി സങ്കീർണമാക്കിയെന്ന റിപ്പോർട്ടുകൾ കുറച്ചുനാൾ മുമ്പ് പുറത്തുവന്നിരുന്നു. വർഗീയതയുടെ കണ്ണുകളിലൂടെ എല്ലാറ്റിനെയും നോക്കിക്കാണുന്ന ഒരു കൂട്ടർ മാധ്യസ്ഥ്യശ്രമങ്ങൾക്ക് മുൻകൈയെടുത്തവരെ സമൂഹമാധ്യമങ്ങളിലൂടെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയുമാണു ചെയ്തത്. ഏറെ സങ്കീർണമായ ഈ വിഷയത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിക്കാൻ മുൻകൈയെടുത്തവരെ മാറ്റിനിർത്താൻ ശ്രമിച്ചവരുടെ സമീപനം തീർത്തും മനുഷ്യത്വരഹിതമായിരുന്നു. ഇവിടെയും അപരന്റെ മുഖം കാണുന്നതിനു പകരമായി അപരവിദ്വേഷം ഒരു അലങ്കാരമായി കൊണ്ടുനടക്കുകയാണ് പലരും ചെയ്തത്.
അവരും ഞങ്ങളും
ഈ കാലഘട്ടത്തിലെ ഒരു സാമൂഹ്യ നിരീക്ഷകൻ തന്റെ ഒരു ലേഖനത്തിന്റെ തലക്കെട്ട് എഴുതിയത് ഇപ്രകാരമാണ്: “സംഭാഷണം കുറയുന്നു, വെറുപ്പ് കൂടുന്നു.” ഇന്ന് അസഹിഷ്ണുത സാർവത്രികമായി മാറിയിരിക്കുന്നുവെന്നും താനല്ലാത്ത ഒന്നിനെയും സഹിക്കാൻ ആരും തയാറല്ലാത്ത ഒന്നായി ലോകം മാറിയിരിക്കുന്നുവെന്നും തന്റെ ലേഖനത്തിൽ അദ്ദേഹം കുറിച്ചുവച്ചു. അതായത്, ഇന്ന് എല്ലാ ഇടങ്ങളിലും വേദികളിലും സമൂഹങ്ങളിലും ജനങ്ങൾ ‘അവരും ഞങ്ങളും’ ആയി തിരിയുകയാണ്! മാത്രമല്ല, ‘അവരെ’ തുരത്താനും ഒറ്റപ്പെടുത്താനും ഓടിക്കാനും ‘ഞങ്ങൾ’ ശ്രമിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. സമൂഹത്തിൽ സംഭാഷണവും സംവാദവും ഇല്ലാതാകുന്ന അവസ്ഥയാണിത്. ഭൗതിക തുറവിയും വ്യത്യസ്തതകളെ ഉൾക്കൊള്ളാനുള്ള മനസും ഇവിടെ നഷ്ടമാകുന്നു. തന്മൂലം വിവാദങ്ങൾ മാത്രം നിലനിൽക്കുന്നു. ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണം സോഷ്യൽ മീഡിയയാണ്. സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും അനിഷ്ടകാര്യം പറഞ്ഞാൽ അടുത്തതായി വരുന്നത് തെറിയും തന്തയ്ക്കുവിളിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു! ഇപ്രകാരം, ഒരു കാര്യം ചർച്ച ചെയ്ത് നാനാവശങ്ങൾ പഠിച്ച് യുക്തമായ തീരുമാനത്തിലെത്താൻ സമൂഹമാധ്യമങ്ങൾ അനുവദിക്കാത്ത സ്ഥിതിയാണ് ഇന്ന് പലപ്പോഴും സംജാതമാകുന്നത്!
സമകാലിക സമൂഹത്തിൽ ലെവിനാസിന്റെ തത്വശാസ്ത്രത്തിന് വളരെയേറെ പ്രസക്തിയുണ്ട്. അസഹിഷ്ണുതയും വർഗീയതയും ഇതര മതവിദ്വേഷവും വ്യക്തിഹത്യയും കാൻസർപോലെ പടർത്തുന്ന ഒരു സമൂഹം സ്വാമി വിവേകാനന്ദൻ വർഷങ്ങൾക്കു മുമ്പ് കേരളത്തെ വിശേഷിപ്പിച്ച വിശേഷണത്തിന് അർഹമായ ഒരു സമൂഹമായി മാറും. ഇപ്രകാരം, കേരളം ഒരു ഭ്രാന്താലയമായി മാറാതിരിക്കണമെങ്കിൽ എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന മഹിതമായ മതേതര പാരമ്പര്യം കേരളീയ സമൂഹം ഉയർത്തിപ്പിടിച്ചേ തീരൂ. അതിനെതിരായ എല്ലാ ഭീഷണികളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനും ഈ സമൂഹത്തിനു സാധിക്കണം. അപരന്റെ മുഖവുമായുള്ള കണ്ടുമുട്ടൽ 2018ലെ പ്രളയദുരിതക്കെടുതികളിലും പിന്നീട് ലോകമൊന്നാകെ രോഗക്കിടക്കയിലായ കോവിഡ് - 19ന്റെ അവസരത്തിലും കേരളസമൂഹം തെളിയിച്ചിട്ടുള്ളതാണ്.
സാർത്രിന്റെ അപരവിദ്വേഷ തത്വശാസ്ത്രത്തിൽനിന്ന് ലെവിനാസിന്റെ അപരബഹുമാന തത്വശാസ്ത്രത്തിലേക്കുള്ള ഒരു വളർച്ച സമകാലിക കേരളസമൂഹത്തിൽ സംഭവിക്കേണ്ടതുണ്ട്. ഇപ്രകാരം ‘അപരന്റെ മുഖ’വുമായുള്ള ആരോഗ്യകരമായ ഒരു കണ്ടുമുട്ടലും സംവാദവും ഈ സമൂഹത്തിൽ നടക്കുമെന്ന് പ്രത്യാശിക്കാം.