കാർഷിക ഗവേഷണത്തിലെ സൂര്യതേജസ്
ഡോ. ജോസ് ജോസഫ്
Thursday, August 7, 2025 12:22 AM IST
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ഭാരതരത്ന ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ശതകോടി നന്ദിയോടെ രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. ഏഴു പതിറ്റാണ്ടിലേറെക്കാലം രാജ്യത്തെ കാർഷിക ഗവേഷകർക്കും കർഷകർക്കും ഭരണാധികാരികൾക്കും മാർഗദീപമായിരുന്നു ഡോ. സ്വാമിനാഥൻ.
വിദേശ ഭക്ഷ്യസഹായത്തിനുവേണ്ടി കണ്ണുംനട്ടിരുന്ന ക്ഷാമകാലത്തിൽനിന്ന് രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും ഭക്ഷ്യധാന്യ കയറ്റുമതിയിലേക്കും നയിച്ചത് ഡോ. എം.എസ്. സ്വാമിനാഥന്റെ ദീർഘവീക്ഷണവും കാർഷിക ഗവേഷണത്തിന് അദ്ദേഹം നൽകിയ ഫലപ്രദമായ നേതൃത്വവുമായിരുന്നു. 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ഡോ. മങ്കൊന്പ് സാംബശിവന് സ്വാമിനാഥന്റെ ജനനം.
ഗോതമ്പിലെ ഹരിതവിപ്ലവം
1960കളുടെ മധ്യത്തിൽ ഇന്ത്യയിൽ ഹരിതവിപ്ലവം അരങ്ങേറുമ്പോൾ അതിനു നേതൃത്വം വഹിച്ചത് ഡോ. എം.എസ്. സ്വാമിനാഥനായിരുന്നു. 1961 മുതൽ 72 വരെ ന്യൂഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായിരുന്നു ഡോ. സ്വാമിനാഥൻ. ഇന്ത്യയിൽ അത്യുത്പാദന ശേഷിയുള്ള ഗോതമ്പ്, നെല്ല് വിത്തിനങ്ങളുടെ ഗവേഷണത്തിന് നേതൃത്വം നൽകിയത് ഡോ. സ്വാമിനാഥനാണ്.
നൊബേൽ സമ്മാന ജേതാവ് ഡോ. നോർമൻ ബോർലോഗ് മെക്സിക്കോയിൽ അത്യുത്പാദന ശേഷിയുള്ള കുള്ളൻ ഗോതമ്പ് ഇനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. ഈ ഇനങ്ങൾ ഇന്ത്യയിൽ പരീക്ഷിക്കാൻ ഡോ. നോർമൻ ബോർലോഗിന്റെ സഹകരണം ഡോ. സ്വാമിനാഥൻ തേടി. മെക്സിക്കോയിൽനിന്നു സോണോറ-64 എന്ന കുള്ളൻ ഗോതമ്പ് ഇനം ഡോ. സ്വാമിനാഥൻ ന്യൂഡൽഹിയിൽ എത്തിച്ചു. ഉൾപരിവർത്തനത്തിലൂടെ ഈ ഇനത്തിൽനിന്നു ഷർബതി സോണോറ എന്ന പുതിയ ഗോതമ്പിനം വികസിപ്പിച്ചെടുത്തു.
പഞ്ചാബിലാണ് ആദ്യം ഗോതമ്പിലെ ഹരിത വിപ്ലവം തുടങ്ങിയത്. പിന്നീട് അത് ഹരിയാനയിലേക്കും യുപിയിലേക്കും വ്യാപിച്ചു. 1947ൽ രാജ്യത്തെ ഗോതമ്പ് ഉത്പാദനം എഴു ദശലക്ഷം ടൺ മാത്രമായിരുന്നുവെങ്കിൽ 1968ൽ അത് 17 ദശലക്ഷം ടണ്ണായി ഉയർന്നു. പട്ടിണിയുടെ ഭീഷണി മാറിയതോടെ 1971ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്ത രാജ്യമായി പ്രഖ്യാപിച്ചു. ഇന്ന് 115 ദശലക്ഷം ടണ്ണോളമാണ് രാജ്യത്തെ ഗോതമ്പ് ഉത്പാദനം.
നെല്ലുത്പാദനം അഞ്ചിരട്ടിയായി
ആഗോള നെല്ലുത്പാദനത്തിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന അവസരത്തിലാണ് രാജ്യം ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ എസ്റ്റിമേറ്റുകൾ പ്രകാരം 2024-25ൽ രാജ്യത്തെ നെല്ലുത്പാദനം 149.07 ദശലക്ഷം ടണ്ണാണ്. യുഎസ്ഡിഎയുടെ കണക്കുകൾ പ്രകാരം 2024-25ൽ ചൈനയുടെ നെല്ലുത്പാദനം 145.25 ദശലക്ഷം ടണ്ണും. ഹരിതവിപ്ലവം അരങ്ങേറുന്നതിനു തൊട്ടുമുമ്പ് 1965-66ൽ 31 ദശലക്ഷം ടണ്ണായിരുന്ന സ്ഥാനത്തുനിന്നാണ് ആറു പതിറ്റാണ്ടുകൊണ്ട് രാജ്യത്തെ നെല്ലുത്പാദനം അഞ്ചിരട്ടിയായി കുതിച്ചുയർന്നത്. ഉയർന്ന ജലസേചനം, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവയോട് അനുകൂലമായി പ്രതികരിച്ച് അത്യുത്പാദനം നൽകുമെന്നതാണ് ഡോ. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത അദ്ഭുതവിത്തുകളുടെ പ്രത്യേകത.
ഹരിതവിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുത്പാദന ശേഷിയുള്ള ഇനങ്ങൾ വ്യാപിച്ചു. ഐആർ 8 പോലുള്ള അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങൾ തെക്കുകിഴക്കേഷ്യയിൽനിന്ന് ഇന്ത്യയിലെത്തി. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ 50 ദശലക്ഷം ടൺ മാത്രമായിരുന്നു രാജ്യത്തെ ഭക്ഷ്യ-ധാന്യ ഉത്പാദനം. ഇന്നത് 350 ദശലക്ഷം ടണ്ണിലധികമാണ്. ഏഴര പതിറ്റാണ്ടുകൊണ്ട് ഭക്ഷ്യോത്പാദനം ഏഴ് ഇരട്ടിയിലേറെ വർധിച്ചുവെങ്കിൽ അതിന് രാജ്യം നന്ദി പറയേണ്ടത് ഡോ. സ്വാമിനാഥനോടും അദ്ദേഹത്തിന്റെ തണലിൽ വളർന്ന കാർഷിക ഗവേഷകരോടുമാണ്. ഹരിതവിപ്ലവ കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കൃഷിമന്ത്രി സി. സുബ്രഹ്മണ്യവും നൽകിയ ഉറച്ച പിന്തുണയും വിസ്മരിക്കാനാവില്ല.
പരിസ്ഥിതിസൗഹൃദ കാർഷിക വികസനം
ഹരിതവിപ്ലവത്തിന്റെ പാർശ്വഫലങ്ങളായ അമിതമായ രാസവള പ്രയോഗവും രാസ കീടനാശിനി പ്രയോഗവും ജലചൂഷണവും സൃഷ്ടിച്ച പാരിസ്ഥിതിക വിനാശത്തെക്കുറിച്ച് ഡോ. സ്വാമിനാഥൻ മറ്റാരേക്കാളും ബോധവാനായിരുന്നു. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര കാർഷിക വികസനത്തിന്റെയും സുസ്ഥിരമായ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെയും ഏറ്റവും വലിയ വക്താവായി പിന്നീട് അദ്ദേഹം മാറി.
ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും കൂടിച്ചേർന്ന നിത്യഹരിത വിപ്ലവമാണ് ഇനി വേണ്ടത് എന്ന് അദ്ദേഹം അന്താരാഷ്ട്ര വേദികളിൽ വാദിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോകം ഏറെ ചർച്ച ചെയ്യുന്ന സുസ്ഥിര കാർഷിക വികസനം ഏറെ മുമ്പേ ലോകത്തിനു മുന്നിൽ വച്ച ശാസ്ത്രജ്ഞനാണ് ഡോ. സ്വാമിനാഥൻ. അതുകൊണ്ടാണ് ഡോ. എം.എസ്. സ്വാമിനാഥനെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ‘പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്’ എന്ന് ആദരവോടെ വിശേഷിപ്പിച്ചത്.
കേരളത്തിലെ കർഷകർക്ക് ശക്തമായ പിന്തുണ
കേരളത്തിന്റെ കാർഷിക വികസനവുമായി പതിറ്റാണ്ടുകളുടെ സുദീർഘമായ ബന്ധമാണ് ഡോ. സ്വാമിനാഥനുള്ളത്. 1972ൽ ഡോ. സ്വാമിനാഥൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരിക്കുമ്പോഴാണ് കേരള കാർഷിക സർവകലാശാല പ്രവർത്തനമാരംഭിച്ചത്. സർവകലാശാലയുടെ ആദ്യകാല വളർച്ചയ്ക്ക് അദ്ദേഹം ശക്തമായ പിന്തുണ നൽകി.
ലോക വ്യാപാരസംഘടനാ കരാർ നിലവിൽ വന്നതോടെ കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന കൃഷിവകുപ്പ് രൂപീകരിച്ച ഡബ്ല്യുടിഒ കമ്മീഷൻ അധ്യക്ഷൻ ഡോ. സ്വാമിനാഥനായിരുന്നു. കുട്ടനാടിന്റെ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും സുസ്ഥിരവും സംയോജിതവുമായ കാർഷിക വികസനത്തിനും വേണ്ടി ഒന്നാം കുട്ടനാട് പാക്കേജിനും ഇടുക്കിയുടെ വികസനത്തിനു വേണ്ടി ഇടുക്കി പാക്കേജിനും ഡോ. സ്വാമിനാഥൻ രൂപം നൽകി.
ഡോ. സ്വാമിനാഥൻ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകളാടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ 100 രൂപ നാണയം പുറത്തിറക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ ഓഗസ്റ്റ് ഏഴ് എല്ലാ വർഷവും സുസ്ഥിര കാർഷിക വികസന ദിനമായി ആചരിക്കും. ഈ ദിവസം ദേശീയ കൃഷി ശാസ്ത്ര ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഡോ. സ്വാമിനാഥന്റെ ജന്മശതാബ്ദിയോടെ രാജ്യമെമ്പാടും ഗ്രാമീണ ജൈവാനന്ദ (ബയോഹാപ്പിനെസ്) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തുടക്കമിടുകയാണ്.
മഹാരാഷ്ട്രയിൽ എല്ലാ കാർഷിക സർവകലാശാലകളിലും ഈ കേന്ദ്രങ്ങൾ തുടങ്ങും. പ്രാദേശിക ജൈവവൈവിധ്യം ഉപയോഗപ്പെടുത്തി ഭക്ഷണം, ആരോഗ്യം, ഉപജീവന സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സാമൂഹികാധിഷ്ഠിത കേന്ദ്രങ്ങളാണ് ഗ്രാമീണ ജൈവാനന്ദ കേന്ദ്രങ്ങൾ. മറന്നുപോയ വിളകളും ഭക്ഷണങ്ങളും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിലൂടെ തിരികെ കൊണ്ടുവരും. പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സുസ്ഥിര കൃഷിരീതികളിലൂടെ ‘നിത്യഹരിത വിപ്ലവം’ നടപ്പാക്കണമെന്ന ഡോ. സ്വാമിനാഥന്റെ ആശയമാണ് ഗ്രാമീണ ജൈവാനന്ദ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പിന്നിലെ പ്രചോദനം.
കാർഷിക മേഖലയ്ക്കായി നിലകൊണ്ട ശാസ്ത്രജ്ഞന്
കർഷകർ, കർഷകത്തൊഴിലാളികൾ, കാർഷിക മേഖലയിലെ വനിതകൾ എന്നിവരുടെ അവകാശങ്ങൾക്കു വേണ്ടി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറ്റവുമധികം വാദിച്ച കൃഷിശാസ്ത്രജ്ഞനായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ. 2004 മുതൽ 2006 വരെ ദേശീയ കർഷക കമ്മീഷന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.
കാർഷിക വിപണനവും മൂല്യവർധനയുമുൾപ്പെടെ കർഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ നിർദേശങ്ങൾ അദ്ദേഹം കമ്മീഷൻ റിപ്പോർട്ടിൽ നൽകി. കൃഷിച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേർന്ന തുക കർഷകരുടെ ഉത്പന്നത്തിന് ഏറ്റവും കുറഞ്ഞ താങ്ങുവിലയായി നൽകണമെന്നതായിരുന്നു കമ്മീഷന്റെ പ്രധാന ശിപാർശകളിൽ ഒന്ന്. ഈ ശിപാർശ എല്ലാ കാർഷിക വിളകൾക്കും നിയമപരമായ ബാധ്യതയായി സർക്കാർ അംഗീകരിക്കണമെന്നതാണ് ഇപ്പോൾ രാജ്യത്തെ കർഷക സംഘടനകളുടെ ഏറ്റവും പ്രധാന ആവശ്യം.
ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ നിലവിൽ വന്നതിനു ശേഷം കർഷകരുടെ വിത്തിനങ്ങൾക്കും ഓരോ രാജ്യത്തിന്റെയും സ്വന്തമായ തനത് ജനിതക വിഭവങ്ങൾക്കും മേൽ ബഹുരാഷ്ട്ര കമ്പനികൾ കുത്തകാവകാശം നേടാതിരിക്കുന്നതിനുള്ള പൗരമുന്നേറ്റത്തിനും ഡോ. സ്വാമിനാഥൻ നേതൃത്വം നൽകി.
2001 ൽ ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഇന്റർനാഷണൽ ട്രീറ്റി ഓൺ പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ഫോർ ഫുഡ് ആൻഡ് അഗ്രികൾച്ചർ എന്ന രാജ്യാന്തര കരാറിൽ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് ഡോ. സ്വാമിനാഥന്റെ ഇടപെടലിനെത്തുടർന്നാണ്.
പുതിയ വിത്തിനങ്ങളുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് 2001ൽ കേന്ദ്ര ഗവൺമെന്റ് രൂപംനൽകിയ വിത്തിനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും സംബന്ധിച്ച കേന്ദ്രനിയമവും ഡോ. സ്വാമിനാഥന്റെ മാർഗനിർദേശത്തിലാണ് തയാറാക്കിയത്.
കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ രാജ്യത്തെ കാർഷിക മേഖലയിൽ പണിയെടുക്കുന്നവരിൽ 65 ശതമാനവും വനിതകളാണ്. ഇവർ നേരിടുന്ന പ്രശ്നങ്ങൾ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നയരൂപീകരണത്തിന്റെ മുഖ്യധാരയിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഡോ. സ്വാമിനാഥനാണ്.