ഓഗസ്റ്റ് വിപ്ലവത്തിന്റെ സന്ദേശം
ഡോ. ജോസ് മാത്യു
Friday, August 8, 2025 12:14 AM IST
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ പങ്കെടുത്ത ഒരൊറ്റ ജനകീയ സമരമേ ദേശീയ പ്രസ്ഥാനത്തിന്റെ സുദീർഘമായ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അതുകൊണ്ടാണു മറ്റു സമരങ്ങളിൽനിന്ന് വിഭിന്നമായി ക്വിറ്റ് ഇന്ത്യ സമരത്തെ ‘ഓഗസ്റ്റ് വിപ്ലവം’ എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി മുന്നിൽ നിന്നു നയിച്ച അന്തിമസമരത്തിന്റെ കാഹളമായിരുന്നു “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക” എന്ന് മുഷ്ടി ചുരുട്ടിയ ക്വിറ്റ് ഇന്ത്യ സമരം അഥവാ ‘ഓഗസ്റ്റ് ക്രാന്തി.’
ബ്രിട്ടന്റെ ധാർഷ്ട്യം
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് ഇന്ത്യയിൽ ഒരു താല്കാലിക സർക്കാർ രൂപീകരിക്കേണ്ടതു ജപ്പാൻ സൈന്യത്തെ നേരിടാനും യുദ്ധം ജയിക്കാനും അനിവാര്യമാണെന്ന് ബ്രിട്ടനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും, നിരുപാധികം ഡൊമിനിയൻ പദവി നൽകാൻ അവർ തയാറായില്ല.
ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യയിലുണ്ടായ അതിശക്തമായ ജനവികാരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർ സ്റ്റഫോർഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചത്. എന്നാൽ, പ്രവിശ്യകൾക്ക് ഇഷ്ടമുള്ള നിലപാടെടുക്കാനും ഇന്ത്യയിൽനിന്ന് കൊഴിഞ്ഞുപോകാനുമുള്ള അധികാരമുണ്ടാകുമെന്നായിരുന്നു ക്രിപ്സ് മിഷന്റെ റിപ്പോർട്ട്. ഇത് ദേശീയ നേതാക്കളെ ക്ഷുഭിതരാക്കി. ഇന്ത്യയുടെ വിഭജനവും ശിഥിലീകരണവുമായിരുന്നു യുദ്ധകാലത്തുപോലും ബ്രിട്ടന്റെ മുൻഗണനയെന്നതു ഗാന്ധിജിയെ വല്ലാതെ വേദനിപ്പിച്ചു.
ക്രിപ്സിന്റെ ദൗത്യം
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി ചില ഭേദഗതികളോടെ ക്രിപ്സിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായെങ്കിലും ഉടന്പടിയിൽ പങ്കാളിയാകുന്നില്ലെന്നു പറഞ്ഞ് ഗാന്ധിജി സേവാഗ്രാമിലേക്കു മടങ്ങിപ്പോയി. ക്രിപ്സ് ആകട്ടെ തന്റെ നിർദേശങ്ങളിൽ മാറ്റം വരുത്തിയതുമില്ല. അതോടെ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിക്കും അതു സ്വീകാര്യമായില്ല.
എഐസിസിക്ക് ഗാന്ധിജി നൽകിയ പ്രമേയം
ജനങ്ങളും നേതാക്കളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ഗാന്ധിജി രംഗത്തെത്തി. മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെന്നപോലെ ഇന്ത്യയിൽനിന്നും ബ്രിട്ടൻ ഒഴിഞ്ഞുപോകണമെന്നും ജപ്പാനെ ചെറുക്കാനുള്ള ചുമതല ഇന്ത്യ സ്വയം ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം മീരാ ബഹൻ വശം ഗാന്ധിജി എഐസിസിക്ക് കൊടുത്തയച്ചു.
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രമേയം അംഗീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസം, പ്രമേയം അതേപടി അംഗീകരിച്ചാൽ താൻ രാജിവയ്ക്കുമെന്ന് കോണ്ഗ്രസ് പ്രസിഡന്റ് മൗലാനാ ആസാദ് പരസ്യപ്രഖ്യാപനം നടത്തി. പ്രസിഡന്റിന്റെ ഈ ഘട്ടത്തിലുള്ള രാജി സ്വാതന്ത്ര്യസമരത്തിനു ദോഷമാകുമെന്നു കരുതിയ നെഹ്റുവും വല്ലഭായ് പട്ടേലും മറ്റുള്ളവരും അവരുടെ നിലപാടിൽ മാറ്റംവരുത്തി. തുടർന്നു നടന്ന എഐസിസി സമ്മേളനത്തിൽ, ‘ബ്രിട്ടൻ ഇന്ത്യവിടുക-ക്വിറ്റ് ഇന്ത്യ’ എന്ന സുപ്രധാന ഭാഗം ഒഴിവാക്കുകയും ചെയ്തു.
ഗാന്ധിജി ഒറ്റപ്പെടുന്നു
ഗാന്ധിജി ‘ഹരിജനി’ൽ കൂടി, ബ്രിട്ടൻ ഇന്ത്യ വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്ന് സേവാഗ്രാമിൽ വിളിച്ചുകൂട്ടിയ വർക്കിംഗ് കമ്മിറ്റിയിൽ ചുരുക്കം ചില നേതാക്കൾ മാത്രമേ ഗാന്ധിജിയുടെ ‘ക്വിറ്റ് ഇന്ത്യ’ എന്ന നിലപാടിനോട് യോജിച്ചിരുന്നുള്ളൂ. മൗലാനാ ആസാദ്, സർദാർ പട്ടേൽ, നെഹ്റു, വല്ലഭായ്, പാന്ത്, ആസിഫ് അലി തുടങ്ങിയ പ്രമുഖരെല്ലാം ഗാന്ധിജിയുടെ നിലപാടിനെ എതിർത്തിരുന്നു.
ജനങ്ങൾ ഒപ്പമായിരുന്നതിനാൽ ഗാന്ധിജി ഒറ്റയ്ക്ക് ക്വിറ്റ് ഇന്ത്യ സമരം നടത്തുമെന്ന് നേതാക്കൾക്കു ബോധ്യമായി. അതോടെ ഗാന്ധിജിയുടെ പ്രമേയം ഭേദഗതികളില്ലാതെ അംഗീകരിച്ചു. “ബ്രിട്ടൻ ഇന്ത്യ വിടുക” എന്ന ആവശ്യവുമായി ദേശവ്യാപകമായി സമരം നടത്താൻ കോണ്ഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു.
ഗാന്ധിജിയുടെ ഏറ്റവും നീണ്ട പ്രസംഗം
1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന മന്ത്രം ആ പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തിനു പകർന്നുനല്കി.
ഗാന്ധിജി ഇന്ത്യയുടെ ശബ്ദമായി
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെ മുഹമ്മദലി ജിന്ന എതിർത്തു. ലിബറൽ നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടിയും രാജഗോപാലാചാരിയും ബ്രിട്ടീഷുകാർ ഇന്ത്യവിടുകയെന്ന ആശയത്തെ എതിർത്തു. സവർക്കറും മറ്റു ഹിന്ദു മഹാസഭാ നേതാക്കളും നിസഹരണ സമരത്തിനു പിന്തുണ നൽകേണ്ടെന്നു തീരുമാനിച്ചു.
എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഗാന്ധിജിയും കോണ്ഗ്രസും സമരവുമായി മുന്നോട്ടു നീങ്ങി. ഓഗസ്റ്റ് ഒന്പതിന് വെളുപ്പിനു നാലിന് ഗാന്ധിജി ഉൾപ്പെടെയുള്ള എല്ലാ കോണ്ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു, എല്ലാ നഗരങ്ങളും സ്തംഭിച്ചു. വിദ്യാർഥികൾ കലാലയങ്ങൾ വിട്ടിറങ്ങി. ഗ്രാമപ്രദേശങ്ങളിൽ സമരം കത്തിപ്പടർന്നു. ലാത്തിചാർജിലും വെടിവയ്പിലും ആയിരങ്ങൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.
മുസ്ലിം ലീഗും ഹിന്ദു മഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും സമരത്തെ പിന്തുണച്ചില്ല. അഹമ്മദാബാദിലെയും ബോംബെയിലെയും കാൺപുരിലെയും മറ്റു വ്യാവസായിക നഗരങ്ങളിലെയും മില്ലുകളും ഫാക്ടറികളും പൂർണമായി സ്തംഭിച്ചു.
ബ്രിട്ടന്റെ നരനായാട്ടിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു. ബ്രിട്ടനിലെ ഒരു വിഭാഗം ആളുകൾ സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകേണ്ടതാണെന്ന് അമേരിക്കയും ചൈനയും റഷ്യയും ബ്രിട്ടനെ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യപ്രാപ്തിയിലേക്കുള്ള വേഗം കൂട്ടാൻ ക്വിറ്റ് ഇന്ത്യാ സമരം ഏറെ സഹായിച്ചു.