പോരിനു ശേഷം ‘ഡീൽ’?
റ്റി.സി. മാത്യു
Friday, August 8, 2025 12:28 AM IST
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന് അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.