എസ്ഡി സന്യാസിനീസമൂഹ സ്ഥാപകന്‍ ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 150-ാം ജന്മദിനം ഇന്ന്
Friday, August 8, 2025 12:40 AM IST
സിസ്റ്റര്‍ ലിസ് ഗ്രേസ് (എസ്ഡി സുപ്പീരിയര്‍ ജനറല്‍)
അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹം (എസ്ഡി) സ്ഥാപകപിതാവ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ 150-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ ശതോത്തര സുവര്‍ണജൂബിലി കൊണ്ടാടുവാന്‍ ഈ ജന്മത്താല് അനുഗൃഹീതയായ എസ്ഡി മക്കളും അഗതിസഹോദരങ്ങളും ആനന്ദനിര്‍വൃതിയിലാണ്.
1876 ഓഗസ്റ്റ് എട്ടിനാണു കൊച്ചി കോന്തുരുത്തിയില്‍ ഫാ. പയ്യപ്പിള്ളിയുടെ ജനനം. കരുണാമയനായ കര്‍ത്താവിന്റെ കരുതൽ കൈമുതലാക്കി ലോകം മുഴുവനും കരുണയുടെ സ്പര്‍ശനവും മനുഷ്യത്വത്തിന്റെ തലോടലും നൽകാന് ജീവിതം മുഴുവന്‍ ഹോമിച്ച ധന്യന്റെ സ്വപ്നങ്ങള്‍ക്കു ചിറകു നൽകാന് ദൈവം തന്നെ മുന്‍കൈയെടുത്തു. കേരളത്തിന്റെ ഒരു ചെറിയ കോണില്‍ ചെറുതായി തുടങ്ങിയ കരുണയുടെ ശുശ്രൂഷ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭാഷകളിലും നൂതനമായ രീതിയില്‍ ആവിഷ്കരിക്കാനും സ്ഥാപകസിദ്ധിയില് അടിയുറയ്ക്കുവാനും ദൈവം ഈ സന്യാസിനീ സമൂഹത്തെ കനിഞ്ഞ് അനുഗ്രഹിച്ചു.
13 രാജ്യങ്ങളിലായി അഗതികളായ അനേകരോടു ഭാവാത്മകമായി പ്രത്യുത്തരിച്ച് ആയിരക്കണക്കിന് അഗതിമക്കള്ക്ക് അഭയമാകുന്ന 239 കരുണയുടെ ഭവനങ്ങള്‍ ഇന്ന് എസ്ഡിയ്ക്കുണ്ട്. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത് (മത്താ: 25. 40) എന്ന തിരുവചനത്തില്‍നിന്നു ചൈതന്യം ഉള്‍ക്കൊണ്ട ധന്യന്‍ വര്ഗീസച്ചന് തുടങ്ങിവച്ചത് എന്നും പ്രസക്തവും എന്നും നൂതനവുമായ സിദ്ധിവിശേഷമാണ്.
സമൂഹമനഃസാക്ഷിയെ തൊട്ടുണര്‍ത്തി സര്‍വമത ജനപങ്കാളിത്തത്തോടെ, ശബ്ദമില്ലാത്തവരുടെ ശബ്ദത്തിനുനേരെ ചെവിയോര്‍ക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നൂറു ശതമാനവും വിജയത്തിലെത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. താന്‍ പറഞ്ഞതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ ആ തപോധനന്റെ വാക്കുകള്‍ക്ക് പ്രവാചകശബ്ദത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു. ആര്‍ദ്രഹൃദയനായ യേശുവിന്റെ കരുണാസ്പര്‍ശം ഉണ്ടായിരുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ഉന്നതസ്ഥാനീയര്‍ പോലും ആ പ്രവാചകശബ്ദത്താല്‍ ആകൃഷ്ടരായി, അഗതിശുശ്രൂഷ ദൈവികശുശ്രൂഷയായി കണ്ടു.
സ്ഥാപകപിതാവിന്റെ സിദ്ധിയും സഹോദരിമാരുടെ നിഷ്കാമകര്മങ്ങളും നേരില്‍ക്കണ്ടറിഞ്ഞ തോണ്ടന്‍കുളങ്ങര കൃഷ്ണന് കൃഷ്ണവാര്യര്‍ എഴുതിയ കുറിപ്പില്‍ ഇപ്രകാരം പറയുന്നു; കൈകാലുകളുടെ ചലനം നഷ്ടപ്പെട്ടവരെ, സ്വന്തക്കാരാല്‍ തള്ളപ്പെട്ടവരെ സ്വന്തമായി സ്വീകരിച്ച്, അവരുടെ കൈകളും കാലുകളുമായി മാറി, അവര്‍ക്കുവേണ്ടി മൈലുകള്‍ താണ്ടി ഭിക്ഷ യാചിച്ച്, ദിനരാത്രങ്ങള്‍ ഉറക്കമിളച്ച്, അവര്‍ ചെയ്യുന്ന സേവനങ്ങള്‍ വാക്കുകളില്‍ ഒതുക്കാവുന്നതല്ല.
ശബ്ദമില്ലാത്തവരെ ഉദ്ധരിക്കാൻ ധന്യന്‍ നടത്തിയ പരിശ്രമങ്ങള്‍
നാനാജാതി മതസ്ഥര്‍ പിന്തുണച്ചതുകൊണ്ട് ജാതിമത വ്യത്യാസമില്ലാതെ അനേകം മക്കള്‍ക്ക് അമ്മയും സ്നേഹിതയും സഹോദരിയുമാകാന്‍ സന്യാസിനീസമൂഹാംഗങ്ങള്ക്ക് കഴിഞ്ഞു.
അഗതികളാണ് അഗതികളുടെ സഹോദരിമാരായ എസ്ഡി സിസ്റ്റേഴ്സിന്റെ സമ്പത്ത്. 1929 ഒക്ടോബര്‍ അഞ്ചിനാണ് പയ്യപ്പിള്ളിയച്ചന് ദിവംഗതനായത്. 2018 ഏപ്രില്‍ 14ന് ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഈ ലോകം എല്ലാ മനുഷ്യമക്കള്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍വേണ്ടി ദൈവം നല്‍കിയതാണെന്നും എല്ലാവര്ക്കും വേണ്ട വിഭവങ്ങള്‍ ഇവിടെയുണ്ടെന്നും ഭാഗ്യ സ്മരണാര്‍ഹനായ ഈ വലിയ മനുഷ്യന്റെ ജന്മദിനത്തില് നമുക്കോര്‍ക്കാം.
എല്ലാ സ്ഥാനമാനങ്ങളും പദവിയും പാണ്ഡിത്യവും ഉണ്ടായിരുന്നിട്ടും അതെല്ലാം തൃണവത്കരിച്ചുകൊണ്ട് തന്റെ തലയില്‍ വച്ചിരുന്ന തൊപ്പിയെടുത്തുപിടിച്ച് പാവങ്ങള്‍ക്കുവേണ്ടി ഭിക്ഷ യാചിക്കുന്ന പയ്യപ്പിള്ളിയച്ചന്റെ ചിത്രം ഈ ജന്മദിനത്തില് എല്ലാ വായനക്കാരുടെയും മനസില്‍ പതിഞ്ഞുനില്ക്കട്ടെ. എസ്ഡിയുടെ സ്ഥാപകപിതാവ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് മക്കളുടെ ഒരായിരം ജന്മദിനാശംസകള്.