വോട്ട് കൊള്ളയുടെ കാണാപ്പുറങ്ങള്‍
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, August 9, 2025 12:39 AM IST
ഭരണഘടനയും ജനാധിപത്യവും തമാശയല്ല. തമാശയാക്കുകയുമരുത്. രാഷ്ട്രത്തിന്റെ അടിത്തറയും ആത്മാവുമാണത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം അതീവ ഗുരുതരമാണ്.
ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടുകൊള്ള നടത്തുന്നുവെന്നാണു രാഹുല്‍ പറഞ്ഞത്. തെളിവുകളും ഉദാഹരണങ്ങളും സഹിതം വോട്ടുതട്ടിപ്പിന്റെ അഞ്ച് മാര്‍ഗങ്ങള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജനങ്ങള്‍ക്കു മുന്നില്‍ നിരത്തി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലെങ്കിലും ബിജെപിക്ക് അനുകൂലമായി ഫലം അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയില്‍ വലിയ ചോദ്യചിഹ്നമാണു പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങളും ചോദ്യങ്ങളും. രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ക്കു മിക്ക ദേശീയ മാധ്യമങ്ങളും പ്രാധാന്യം കുറച്ചതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടാകും. പ്രധാന ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഉടമസ്ഥത അദാനി അടക്കമുള്ള പ്രധാനമന്ത്രി മോദിയുടെ ചങ്ങാത്ത മുതലാളിമാര്ക്കായതിനാല് ഒന്നിലും അദ്ഭുതപ്പെടാനില്ല. ഭരിക്കുന്നവരെ പിണക്കാതെ സ്വന്തം വ്യവസായ, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാണു വന്‍കിട പ്രാദേശിക മാധ്യമ മുതലാളിമാരും ശ്രമിക്കുന്നത്.
വിശ്വാസ്യത; അതാണെല്ലാം
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ചട്ടപ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പുവച്ചു സത്യവാങ്മൂലം നല്‍കണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചു രാഹുല്‍ അക്കമിട്ടു നിരത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നു കമ്മീഷന് പറയുന്നില്ല. പകരം, ജയില്‍ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന ഭീഷണിയാണു മുഴക്കിയത്. തെറ്റായ ആരോപണം ഉന്നയിച്ചു ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നുവെന്നാണ് ബിജെപി പറഞ്ഞത്. സത്യവാങ്മൂലം നല്കുന്നില്ലെങ്കില് രാജ്യത്തോടു രാഹുല്‍ മാപ്പു പറയണമെന്നും ആവശ്യമുണ്ട്. തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ താന്‍ ജനങ്ങളുടെ മുന്നിലാണു സത്യം പറയേണ്ടതെന്നു രാഹുല്‍ തിരിച്ചടിച്ചു. തന്റെ പത്രസമ്മേളനം സത്യവാങ്മൂലമായി കണക്കാക്കാം. താന്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തേ രേഖാമൂലം കോണ്‍ഗ്രസ് പാര്‍ട്ടി എഴുതി നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനിലോ, കോടതിയിലോ പരാതിയായി നല്കാന് ഉദ്ദേശ്യമില്ലെന്നു രാഹുല്‍ പറയുന്നു. പരാതി കൊടുത്തിട്ടു കാര്യമില്ലെന്നാണ് മുതിര്‍ന്ന എഐസിസി നേതാവ് വിശദീകരിച്ചത്. തെറ്റുചെയ്ത കമ്മീഷനില്‍നിന്നു പരിഹാരം ഉണ്ടാകുമെന്ന വിശ്വാസമില്ല. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും മുന്നില്‍ നിലവിലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വ്യാജന്മാരുടെ മഹാദേവപുര
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്നു രാഹുല്‍ വിശദീകരിച്ചു. ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് അനുകൂലമാക്കിയതു ഈ വോട്ടുകൊള്ളയിലൂടെയാണ്.
ഒരേ വിലാസത്തിലുള്ള 10,452 വോട്ടര്‍മാര്‍, 11,965 ഡ്യൂപ്ലിക്കറ്റ് വോട്ടര്‍മാര്‍, 40,009 വ്യാജ വിലാസക്കാര്‍, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടര്‍മാര്‍, ഫോം ആറ് ദുരുപയോഗിച്ചു ചേര്‍ത്ത 33,692 വ്യാജ കന്നിവോട്ടര്‍മാര്‍ എന്നിവരുടെ തെളിവുകളാണു രാഹുല്‍ നിരത്തിയത്. ഒരു ബ്രൂവറിയുടെ വിലാസത്തില്‍ 68 വോട്ടര്‍മാര്‍. ഇതിലൂടെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,00,250 വ്യാജവോട്ടുകള്‍ ഉണ്ടായി. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലോക്സഭാ മണ്ഡലത്തിലെ ഫലം മാറ്റിമറിക്കാന്‍ ഇത്തരത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ തിരിമറി മതിയാകും. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ അട്ടിമറിയും രാഹുല്‍ ആവര്‍ത്തിച്ചു. വോട്ടര്‍പട്ടിക പരിശോധിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുത്തുന്ന വീഴ്ച പരിഹരിക്കാനും ഈ വിവാദം വഴിയാകേണ്ടതുണ്ട്.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ബംഗളൂരുവില്‍ ഇന്നലെ നടന്ന വോട്ട് അധികാര്‍ റാലിയിലും വോട്ടുകൊള്ളയെക്കുറിച്ചു ഡല്‍ഹിയില്‍ പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചു. ഉത്തരം കിട്ടാനിടയില്ലാത്ത അഞ്ചു ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനോടു ചോദിക്കുകയും ചെയ്തു. ഡല്‍ഹി സുനേഹരി ബാഗിലെ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഇന്ത്യ സഖ്യം നേതാക്കള്‍ക്കു നല്കിയ വിരുന്നിലും രാഹുല്‍ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ തെളിവുകള്‍ അവതരിപ്പിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കള്‍ തിങ്കളാഴ്ച പ്രതിഷേധധര്‍ണ പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ച്ചയിലേക്കു പോയ ഇന്ത്യ സഖ്യത്തെ വീണ്ടും ഒരുമിപ്പിച്ചതിനു തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കുമാണ് അവര്‍ നന്ദി പറയേണ്ടത്. ബിഹാറിലെ വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്കരണത്തിന്റെ (എസ്ഐആര്‍) മറവില്‍ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനും വോട്ട് കൊള്ളയ്ക്കുമെതിരേയാണു പ്രതിഷേധം.
ആസൂത്രിതം ഈ നീക്കങ്ങള്‍
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പവിത്രത കാക്കാനും സുതാര്യത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവ രാജ്യത്തെ 140 കോടി ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനു കടമയുണ്ട്. വോട്ടര്‍പട്ടികയും തെരഞ്ഞെടുപ്പ് ഷെഡ്യൂളും വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ചെയ്ത സ്ലിപ്പുകള്‍ പരിശോധിക്കാവുന്ന വിവിപാറ്റ് യന്ത്രങ്ങളുമെല്ലാം സുതാര്യമാകണം. അതിനാല്‍തന്നെ രാഹുല്‍ ചൂണ്ടിക്കാട്ടിയ വോട്ടുതട്ടിപ്പിന്റെ സത്യം പുറത്തുവരേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം ക്രമക്കേടിനുള്ള പഴുതുകള്‍ അടയ്ക്കാനും അക്കാര്യം രാജ്യത്തെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പു കമ്മീഷനു ബാധ്യതയുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണതു യാദൃച്ഛികമായല്ല. കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കം വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ മോദി സര്‍ക്കാരിന്റെ നടപടി മനഃപൂര്‍വമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ 2023 മാര്‍ച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഇതു മറികടക്കാനാണു പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചിട്ടുമില്ല.
വസ്ത്രമില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന്
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിച്ചിരുന്ന സംവിധാനത്തില്‍ കുറെയെങ്കിലും നിഷ്പക്ഷത ഉണ്ടായിരുന്നു. എന്നാല്‍, മോദിയും അമിത് ഷായും ചേര്‍ന്ന് ആളെ നിശ്ചയിച്ചതോടെ അതില്ലാതായി. പ്രതിപക്ഷനേതാവിനു ഫലത്തില്‍ റോള്‍ ഇല്ലാതായി. മോദിയുടെയും ഷായുടെയും ഇഷ്ടക്കാര്‍ മാത്രമുള്ള തെരഞ്ഞെടുപ്പു കമ്മീഷനില്‍നിന്ന് നിഷ്പക്ഷതയും നീതിയും പ്രതീക്ഷിക്കാനാകില്ല.
വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ 45 ദിവസത്തിനുശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ ഉത്തരവിലും ദുരൂഹതയേറെ. കഴിഞ്ഞ മേയ് 30നാണ് സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കില്‍ ദൃശ്യങ്ങളെല്ലാം നശിപ്പിക്കണമത്രേ. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം കേന്ദ്ര നിയമമന്ത്രാലയം ഇതിനായി ഭേദഗതി ചെയ്തു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കുമെന്നതാണു പറഞ്ഞ ന്യായം. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കരുതാന്‍ വഴികളേറെ.
അട്ടിമറിക്കപ്പെടുന്ന ജനവിധി
കംപ്യൂട്ടറില്‍ വായിക്കാവുന്ന, വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ കോപ്പി നല്‍കാതിരിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയിലും കാപട്യവും കള്ളവുമുണ്ടെന്ന രാഹുലിന്റെ ആക്ഷേപവും ഗൗരവമുള്ളതാണ്. ഡിജിറ്റല്‍ കോപ്പികളുണ്ടെങ്കില് വ്യാജ വോട്ടര്‍മാരെയും ഡ്യൂപ്ലിക്കറ്റ് വോട്ടര്മാരയും ഓരോ സംസ്ഥാനത്തും വളരെവേഗം കണ്ടെത്താനാകും. ഓരോ മണ്ഡലത്തിലെയും വോട്ടര്‍പട്ടിക മുഴുവന്‍ ക്രോഡീകരിക്കാനും തെറ്റുകളും ക്രമക്കേടുകളും കണ്ടെത്താനും ഡിജിറ്റല്‍ കോപ്പി അനിവാര്യമാണ്.
വോട്ടുകൊള്ളയിലൂടെ കര്‍ണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേടിയ 1,14,000ത്തിലധികം വോട്ടുകളുടെ ലീഡ് ബംഗളൂരു സെന്‍ട്രലിലെ ചിത്രം മാറ്റി. മഹാദേവപുരയിലെ കൊള്ളയിലൂടെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ ലീഡ് ഇല്ലാതാക്കുകയും ലോക്സഭാ സീറ്റില്‍ ബിജെപിക്ക് അനുകൂലമായി 32,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായി മാറുകയും ചെയ്തുവെന്നാണു രാഹുല്‍ പറയുന്നത്. ജനവിധി പാടെ അട്ടിമറിക്കപ്പെട്ടെങ്കില്‍ അതീവ ഗുരുതരമാണത്.
ജനാധിപത്യം പാളം തെറ്റരുത്
തെരഞ്ഞടുപ്പുകളുടെയും അതുവഴി ജനവിധിയുടെയും വ്യവസ്ഥാപിത അട്ടിമറി രാജ്യത്തിന്റെ ഐക്യത്തിനും നിലനില്‍പ്പിനും വെല്ലുവിളിയും ഭീഷണിയുമാണ്. തെരഞ്ഞെടുപ്പുപ്രക്രിയ പാളംതെറ്റാന്‍ പാടില്ല. തെരഞ്ഞെടുപ്പുകളുടെ പവിത്രത കാക്കാനായില്ലെങ്കില് ജനാധിപത്യം തകരും. ഭരണഘടനയും ജനാധിപത്യവും വെള്ളം ചേര്‍ക്കാതെ സംരക്ഷിക്കണം.