കാരുണ്യത്തിന് കൈയാമമിടുന്നവർ
സീനോ സാജു
Saturday, August 9, 2025 12:42 AM IST
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഛത്തീസ്ഗഡിൽ സേവനം നടത്തുന്ന ക്രിസ്ത്യൻ മിഷണറിമാർക്ക് പല കാലങ്ങളിൽ പലതായിരുന്നു ശത്രുക്കൾ. കാടു കയറി സേവനം ചെയ്യുമ്പോൾ കാട്ടുമൃഗങ്ങളെയും പകർച്ചവ്യാധികളെയുമാണ് ആദ്യകാലത്ത് അവർ ഭയന്നതെങ്കിൽ പിന്നീടത് മാവോവാദവും പ്രാദേശികതാവാദവുമായി മാറി. കാടിനോടും കാട്ടുമൃഗങ്ങളോടും മനുഷ്യരോടും ഏറ്റുമുട്ടി പലരും നഷ്ടമായെങ്കിലും ബസ്തറിലും നാരായൺപുരിലും റായ്പുരിലും കാൺപുരിലും ബിജാപുരിലും അവർ ക്രിസ്തുചൈതന്യം ഉൾക്കൊണ്ട് ആദിവാസി ബാലന്മാർക്ക് അക്ഷരം പകർന്നുനൽകി, രോഗങ്ങളിൽ അവരെ ശുശ്രൂഷിച്ചു, പട്ടിണിയകറ്റാൻ അവർക്കു കൈത്താങ്ങായി.
എന്നാൽ, ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ പാവപ്പെട്ടവർക്കും നിരക്ഷരർക്കുമായി സേവനം ചെയ്യുന്നതിന് ഈ മിഷണറിമാർ 21-ാം നൂറ്റാണ്ടിൽ നേരിടേണ്ടിവരുന്ന ശത്രു മറ്റൊന്നാണ്. ഭരണാധികാരികളെ വെല്ലുവിളിച്ചും കിരാത നിയമങ്ങളുടെ മറവിൽ അഴിഞ്ഞാടിയും ഈ ശത്രുക്കൾ വളരുന്നു. കാടുകളിൽ പതുങ്ങിയിരുന്ന് ആക്രമിക്കുന്ന മൃഗങ്ങളെക്കാളും ജീവനെടുക്കുന്ന രോഗങ്ങളെക്കാളും ഭയപ്പെടുത്തുന്ന ശത്രുക്കൾ. അവർ പള്ളികൾ തകർക്കുന്നു, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു, സഭയുടെ അനുയായികൾക്കു കൈയാമം വയ്ക്കുന്നു. ശത്രുകൾ ഭീകരന്മാരാണെങ്കിലും മിഷണറിമാർ ഇപ്പോഴും ഇവിടെ സേവനം തുടരുന്നു. ദരിദ്രർക്കും അഗതികൾക്കും നിരാലംബർക്കുമായുള്ള നിസ്വാർത്ഥസേവനം.
വിളക്കേന്തിയ മിഷണറിമാർ
വലിപ്പത്തിൽ രാജ്യത്തെ ഒൻപതാമത്തെ സംസ്ഥാനമാണെങ്കിലും 44.21 ശതമാനവും വനമാണ് ഛത്തീസ്ഗഡിൽ. 2011ലെ സെൻസസ് പ്രകാരം 2,55,45,000 ആണ് ജനസംഖ്യ. ഇതിൽ 78,23,000 പേരാണ് ആദിവാസികൾ. 30.62 ശതമാനം വരുമിത്. എഴുപതിലേറെ ഗോത്രങ്ങളിൽപെട്ടവരാണിവർ. ലിപികളില്ലാത്ത, വിവിധ ഭാഷകളും വൈവിധ്യമാർന്ന വിവിധ സംസ്കാരങ്ങളും മൂലം ചിതറിക്കപ്പെട്ടു കിടക്കുന്നു വനത്തിനുള്ളിലെ ആദിവാസികൾ.
കാടിനോടു ചേർന്നു വളർന്നു ജീവിക്കുകയും കാടിനുള്ളിൽതന്നെ മരണമടയുകയും ചെയ്തിരുന്ന ആദിവാസികൾക്ക് കാട് തന്നെയായിരുന്നു അഭയവും ഭക്ഷണവും. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പുവരെ നാളെ എന്താണെന്നു ചിന്തിക്കേണ്ടതില്ലാതെ, കാടിനുള്ളിൽ വേട്ടയാടിയും കൃഷി ചെയ്തും സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നെങ്കിലും കാടിനു പുറത്തെ സംസ്കാരം വനാതിർത്തിയും കടന്നു കാടിനുള്ളിലേക്ക് ചെന്നപ്പോൾ ഭൂമിയുടെ യഥാർഥ അവകാശികളായ ഈ ഗോത്രവിഭാഗങ്ങളും ചൂഷണം ചെയ്യപ്പെട്ടുതുടങ്ങി.
ഒരു വശത്ത് ഭൂവുടമകളും ജമീന്ദർമാരും ബ്രിട്ടീഷുകാരും ഭൂമിക്കുവേണ്ടി ആദിവാസികളെ അടിച്ചമർത്താൻ തുടങ്ങിയപ്പോൾ മറുവശത്ത് പകർച്ചവ്യാധികളെ മന്ത്രവാദവും ആഭിചാരക്രിയകളുംകൊണ്ട് തുരത്താൻ നോക്കി ഇവർ തന്നെ ഇവരുടെ വംശത്തിന് മരണമണി മുഴക്കി. പുറംലോകവുമായി സമ്പർക്കമില്ലാത്ത ഗോത്രസംസ്കാരം സമാധാനത്തിന്റേതായിരുന്നെങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വിത്തിട്ടു വളർത്തിയ ചൂഷണത്തിന്റെ സംസ്കാരം കാടിനെ കാർന്നുതിന്നാൻ തുടങ്ങുമ്പോഴായിരുന്നു ക്രൈസ്തവ മിഷണറിമാർ ആദിവാസികൾക്കരികിലേക്കെത്തിയത്.
വിദ്യ പകർന്നുനൽകി തുടക്കം
1800കളുടെ മധ്യത്തിൽ ജർമൻ മിഷണറിമാരും ഫ്രഞ്ച് പുരോഹിതരുമാണ് ഛത്തീസ്ഗഡിൽ ആദ്യമായി മിഷണറി പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജമീന്ദാർമാരുടെയും ഭൂവുടമകളുടെയും പോലീസുകാരുടെയും വ്യാപാരികളുടെയും, ഛത്തീസ്ഗഡിൽ നിർമാണപ്രവർത്തനങ്ങൾക്കായി വന്ന യൂറോപ്യന്മാരുടെയും അടിച്ചമർത്തലിനു വിധേയമാക്കപ്പെട്ടിരുന്ന ആദിവാസികൾക് വിദ്യ പകർന്നു നൽകിയാണ് മിഷണറിമാർ ആദ്യകാലത്ത് അവരെ കൈപിടിച്ചുയർത്താൻ ശ്രമിച്ചത്. ലിപികളില്ലാത്ത മനുഷ്യരെ അക്ഷരങ്ങൾ പഠിപ്പിച്ചു. അക്ഷരങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നുനൽകാൻ പഠിപ്പിച്ചു. അങ്ങനെ വനവാസികളായിരുന്നവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ മലയാളികളടക്കമുള്ള മിഷണറിമാരുടെ സേവനനത്തിന്റെ ഫലമായി ആദിവാസികൾ സാക്ഷരത കൈവരിച്ചു. അവരിൽ കുറച്ചു ഭാഗം പേരെങ്കിലും വിദ്യാനൈപുണ്യമാവശ്യമായ ജോലികളിൽ ഏർപ്പെട്ടുതുടങ്ങി.
ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥാർഥത്തിൽ ആദിവാസി വിഭാഗത്തിന്റെ ശക്തീകരണത്തിൽ വലിയൊരു ഊർജമാകുകയായിരുന്നു. 1951ൽ 9.41 ശതമാനം മാത്രം സാക്ഷരതയുണ്ടായിരുന്ന സംസ്ഥാനം 2011ലെ അവസാന സെൻസസിൽ 70.30 ശതമാനം സാക്ഷരത കൈവരിച്ചു. ഈ വർധനയ്ക്ക് സർക്കാരിന്റെ നേതൃത്വത്തിലുള്ള സാക്ഷരതാ പ്രവർത്തനങ്ങളോടൊപ്പം തന്നെ ക്രൈസ്തവസഭയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഗണ്യമായ സ്ഥാനമുണ്ട്.
കന്നുകാലിനോട്ടക്കാരായി ജീവിതം നഷ്ടമാക്കിയിരുന്ന ആദിവാസി കുട്ടികൾക്കായി ജഗ്ദൽപുർ രൂപത തുടക്കമിട്ട ബാലവാടി പ്രസ്ഥാനവും സാമൂഹ്യസ്ഥാപനങ്ങളും ഈ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്. 1960കളിൽ തന്നെ സിഎംഐ സഭയുടെ നേതൃത്വത്തിൽ കന്യാസ്ത്രീമാരും പുരോഹിതരും നേരിട്ടു ചെന്ന് ഛത്തീസ്ഗഡിലെ ഏതാനും ഗ്രാമങ്ങളിൽ ഗ്രാമവാസികളെ അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നു. പിന്നീട് 1977ൽ ജഗ്ദൽപുർ രൂപത സ്ഥാപിതമായപ്പോൾ ഇതിനു ഗതിവേഗമേറി. രൂപതയുടെ പ്രഥമ ബിഷപ് മാർ പൗളിനോസ് ജീരകത്ത്, അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. കുര്യൻ മേച്ചേരിൽ, പിന്നീട് ബിഷപ്പായ മാർ സൈമൺ സ്റ്റോക്ക് പാലാത്ര തുടങ്ങിയവരുടെയെല്ലാം നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ അക്ഷരവിപ്ലവം സൃഷ്ടിക്കാൻ വൈദികരും സിസ്റ്റേഴ്സും കഠിനപരിശ്രമമാണു നടത്തിയത്. ഇതുവഴി അറിവിന്റെ ലോകത്തേക്ക് അവർ ചുവടുവച്ചതിലൂടെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ ലക്ഷ്യംവച്ചതുപോലെ ഛത്തീസ്ഗഡിലെ പാർശ്വവത്കരിക്കപ്പെട്ടവർ വ്യക്തിഗത ഉന്നമനത്തിലേക്കും അതുവഴി സാമൂഹിക അഭിവൃദ്ധിയിലേക്കും നയിക്കപ്പെടുകയായിരുന്നു.
അഞ്ചു രൂപതകളിലായി നൂറിലധികം സ്കൂളുകൾ
നിലവിൽ അഞ്ചു രൂപതകളിലായി നൂറിലധികം സ്കൂളുകളുള്ള ഛത്തീസ്ഗഡിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം ഇന്നു കാണുന്ന പുരോഗതി കൈവരിച്ചത് എന്നതാണ് യാഥാർഥ്യം. ആദിവാസി ഊരുകളിലെ സ്കൂളുകളിൽ ഒരു കുട്ടിയുടെ ഫീസ് മാസം 15-20 രൂപ മാത്രമാണ്. തീർത്തും നിർധനരായ കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസമാണു നൽകുന്നത്. നഗരത്തിലെ സ്കൂളുകളിൽനിന്ന് ലഭിക്കുന്ന വരുമാനം ഗ്രാമപ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും അധ്യാപകരുടെ വേതനത്തിനുമായി ഉപയോഗിക്കുന്നു.
ഇത്തരത്തിൽ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കുവേണ്ടി വിദ്യാഭ്യാസമേഖലയിൽ കത്തോലിക്കാ സഭ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ആദിവാസി വിഭാഗത്തിൽനിന്നുള്ള പലരും ഐഎഎസ്, ഐപിഎസ് തുടങ്ങിയ ഉന്നത തസ്തികകളിൽ വരെ എത്തിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിപദവിയിലെത്തിയ സുനിൽകുമാർ കുജൂർ ഒരു ഉദാഹരണമാണ്.
വിദ്യാഭ്യാസത്തിലൊതുങ്ങുന്നതല്ല ഛത്തീസ്ഗഡിൽ സഭയുടെ സേവനം. അതേക്കുറിച്ചു നാളെ.