നിസ്വാർഥ സേവനങ്ങൾ
സീനോ സാജു
Sunday, August 10, 2025 2:32 AM IST
അറിവ് നൽകുക എന്ന പരമപ്രധാനമായ കർത്തവ്യത്തിനു പുറമെ മറ്റു പല സേവനങ്ങളും ഛത്തീസ്ഗഡിലെ ആദിവാസികൾക്കുവേണ്ടി ചെയ്താണ് മിഷണറിമാർ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. ഛത്തീസ്ഗഡിലെ കൃഷിക്കാരായ ആദിവാസികൾക്കു വേണ്ടി മലയാളികളായ മിഷണറിമാരുടെ നേതൃത്വത്തിൽ കൃഷിയുടെ നൂതനമായ അറിവുകൾ അവർക്കു പകർന്നു നൽകി കൃഷിയിലും അവരെ സ്വയംപര്യാപ്തരാക്കി. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന ഛത്തീസ്ഗഡിൽ ആദിവാസികൾക്ക് കേരളത്തിലെ കൃഷിമുറകളെയും കാർഷികവിളകളെയും അവർ പരിചയപ്പെടുത്തിക്കൊടുത്തു.
സൗജന്യ വിത്ത് ബാങ്ക്
കൃഷിയിറക്കാൻ സമയമാകുമ്പോൾ ആദിവാസി കർഷകരുടെ കൈയിൽ വിത്തുണ്ടാകില്ല. ജന്മികളെ സമീപിച്ചായിരുന്നു കർഷകർ വിത്ത് വാങ്ങിയിരുന്നത്. ഒരു ചാക്ക് നെല്ല് വാങ്ങിയാൽ രണ്ടു ചാക്ക് നെല്ല് തിരിച്ചു കൊടുക്കണം എന്ന ചൂഷണ വ്യവസ്ഥിതി ഒഴിവാക്കാൻ മിഷണറിമാരുടെ നേതൃത്വത്തിൽ കർഷകർക്ക് വിത്ത് സൗജന്യമായി ലഭ്യമാക്കുന്ന വിത്ത് ബാങ്ക് (grain bank) ആരംഭിച്ചു. വലിയൊരു ചൂഷണത്തിനാണ് ഇതുവഴി തടയിടാനായത്. തങ്ങളുടെ ആശ്രിതരായിരുന്ന ആദിവാസികൾ ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നത് ജന്മിമാരെ കുപിതരാക്കി. മിഷണറിമാരെ പലരും ശത്രുക്കളായി കാണാൻ തുടങ്ങി.
ഇതിനു പുറമെ ആദിവാസി സമൂഹത്തിനു കാളയെയും ആടിനെയും വാങ്ങാനുള്ള പണം നൽകാനുള്ള പദ്ധതിയും ആദിവാസികൾ സ്വന്തം പറമ്പ് കിളച്ചു കൃഷിയോഗ്യമാക്കുമ്പോൾ അതിന് ആനുപാതികമായി ഗോതമ്പും സോയാബീൻ എണ്ണയും പോലുള്ള ഭക്ഷണസാമഗ്രികൾ സൗജന്യമായി നൽകുന്ന ഫുഡ് ഫോർ വർക്ക് പ്രോഗ്രാമും ആദിവാസികളുടെ ഉന്നമനത്തിനു ഉപകരിച്ചു. ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിലൂടെ സ്വന്തമായി കിണറുകളും കുളങ്ങളും നിർമിക്കാനുള്ള സഹായവും നൽകി.10 അടി നീളം, 10 അടി വീതി, ഒരടി താഴ്ച എന്നത് ഒരു യൂണിറ്റായി കണക്കാക്കി നാലു കിലോ ഗോതമ്പും 250 ഗ്രാം സോയാബീൻ എണ്ണയും കൊടുക്കും. കാർഷിക മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് ആക്കംകൂട്ടുന്നതായിരുന്നു ഈ പദ്ധതി.
മദർ ആൻഡ് ചൈൽഡ് ഹെൽത്ത് പദ്ധതി
ആദിവാസി മേഖലയിൽ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണനിരക്ക് വളരെ ഉയർന്നതായിരുന്നു. ഗർഭിണികൾക്ക് പോഷകാഹാരമോ വൈദ്യസഹായമോ കിട്ടിയിരുന്നില്ല. ഇവിടെയാണ് മിഷണറിമാർ പ്രത്യേകിച്ച്, കന്യാസ്ത്രീമാർ മാലാഖമാരായി മാറി അവരുടെ സംരക്ഷകരായത്. മദർ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) പദ്ധതി പ്രകാരം ഗർഭിണികൾക്ക് പാൽപ്പൊടി, ചോളം, എണ്ണ എന്നിവ നൽകുകയും എല്ലാ ഗർഭിണികൾക്കും വൈദ്യപരിശോധനയും ചികിത്സയും നൽകി ആരോഗ്യരക്ഷ ഉറപ്പാക്കുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾ അവഗണിച്ചിരുന്ന ഈ മേഖലയിൽ അദ്ഭുതം സൃഷ്ടിക്കാൻ മിഷണറിമാർക്കു കഴിഞ്ഞു.
എല്ലാറ്റിനുപരിയായി ആതുരസേവനരംഗത്തും വിലമതിക്കാനാവാത്ത സേവനം സഭയുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ നടത്തിവന്നിരുന്നു. നാരായൺപുരിൽ കുഷ്ഠരോഗം പടർന്നപ്പോൾ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ ആദിവാസികളെ പരിചരിച്ചതും സംസ്ഥാനത്തു നിർധനർക്ക് സൗജന്യമായി ചികിത്സ നൽകുന്ന ആതുരസേവന സ്ഥാപനങ്ങൾ ആരംഭിച്ചതും ക്രൈസ്തവസഭയുടെ നിസ്വാർഥ സേവനങ്ങളുടെ മാതൃകയാണ്. ഈ സന്യാസിനീ സമൂഹത്തിൽപ്പെട്ട രണ്ടു കന്യാസ്ത്രീമാരാണ് ദുർഗിൽ അതിക്രമത്തിനിരയായി ജയിലിലടയ്ക്കപ്പെട്ടത്.
ഹെൽത്ത് സെന്ററുകളും ആശുപത്രികളും
മിഷനറിമാർ വരുന്നതിനു മുമ്പ് ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ ആദിവാസി സമൂഹം വളരെ പിന്നിലായിരുന്നു. രോഗം വന്നാൽ പൂജയും മന്ത്രവാദവും മുറിവൈദ്യവുമൊക്കെ ആശ്രയിച്ചിരുന്നതിനാൽ രോഗത്തിന് ശമനമുണ്ടാകാറില്ല. പലരും മരണത്തിനു കീഴടങ്ങും. ഇത്തരത്തിൽ അനേകം പേർ അകാലത്തിൽ മരണമടയുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഈ സാഹചര്യം മനസിലാക്കി നഴ്സുമാരായ കന്യാസ്ത്രീമാരെ നിയോഗിച്ച് ചെറിയ ഹെൽത്ത് സെന്ററുകളും ആശുപത്രികളുമൊക്കെ സ്ഥാപിച്ചാണ് ഛത്തീസ്ഗഡിലെ ആരോഗ്യരംഗത്തെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വികസിപ്പിച്ചത്.
കാടിനടുത്തുള്ള ഗ്രാമങ്ങളിൽ മാരകരോഗങ്ങളും പാമ്പുകടി പോലുള്ള അതിവേഗ ചികിത്സ ലഭ്യമാകേണ്ട പ്രശ്നങ്ങളും വരുമ്പോൾ മിഷണറിമാരുടെ നേതൃത്വത്തിലാണ് അവരെ കിലോമീറ്ററുകളോളം അകലെയുള്ള ആശുപത്രികളിൽ വാഹനങ്ങൾ സജ്ജമാക്കി അയച്ചിരുന്നത്, ഇപ്പോഴും അയയ്ക്കുന്നതും. വിഷചികിത്സ പഠിച്ച നിരവധി കന്യാസ്ത്രീമാർ അനേകരുടെ ജീവനാണ് രക്ഷിച്ചിട്ടുള്ളത്.
ഇങ്ങനെ വലിയ അളവിലുള്ള സേവനങ്ങൾ നൽകികൊണ്ടാണ് ക്രൈസ്തവസഭ ഛത്തീസ്ഗഡിന്റെ ചരിത്രം മാറ്റിയെഴുതാൻ വേണ്ട ഇടപെടലുകൾ നടത്തിയത്. മതപരിവർത്തനം ഒരിക്കലും ആ മിഷനറിമാരുടെ ലക്ഷ്യമല്ലെങ്കിലും യേശു പഠിപ്പിച്ച നീതിയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. ക്രൈസ്തവ മിഷണറിമാരുടെ നിസ്വാർഥവും സ്നേഹോഷ്മളവുമായ സേവനങ്ങൾ അനേകരെ ആകർഷിക്കുകയും അവർ ക്രിസ്തുവിനെയും സുവിശേഷത്തെയുംകുറിച്ച് മനസിലാക്കുകയും ചെയ്ത് സ്വമേധയാ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ തയാറായി. ഇത്തരത്തിൽ വിശ്വാസം സ്വീകരിച്ചവർക്ക് വ്യക്തിഗത ഉന്നമനവും സാമൂഹ്യപുരോഗതിയും കൈവരിക്കാൻ കഴിഞ്ഞുവെന്നതും യാഥാർഥ്യമാണ്. ഈ അവസ്ഥയാണ് തീവ്രഹിന്ദുത്വയുടെ വക്താക്കൾക്ക് ഇഷ്ടപ്പെടാത്തത്. അതിനാൽ അവർ ക്രൈസ്തവരെ വേട്ടയാടുകയും മിഷണറിമാരെ ശത്രുക്കളായി മുദ്രകുത്തി പീഡിപ്പിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്.
വേട്ടയാടൽ
ക്രിസ്ത്യൻ പള്ളികൾക്കും വൈദികർക്കും കന്യാസ്ത്രീമാർക്കും നേരേയുള്ള ആക്രമണങ്ങൾ ഛത്തീസ്ഗഡിൽ തുടർകഥയായി മാറിയെങ്കിലും ഭയപ്പെടുത്തുന്ന മറ്റു ചില വസ്തുതകൾകൂടി ഇവിടത്തെ ക്രൈസ്തവർ നേരിടുന്നുണ്ട്. സ്വന്തം ഗ്രാമത്തിൽ പിതാവിന്റെ മൃതദേഹം മറവു ചെയ്യുന്നതിനായി സുപ്രീംകോടതി വരെ പോകേണ്ടിവന്ന രമേശ് ഭാഗെലിന്റെ പോരാട്ടത്തിന്റെ കഥ ഛത്തീസ്ഗഡിൽ ക്രൈസ്തവർ നേരിടുന്ന പീഡനത്തിന്റെ സമീപ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ്. ബസ്തറിലെ സ്വഗ്രാമത്തിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ മറവ് ചെയ്യാൻ ആവശ്യപ്പെട്ടാണ് പരമോന്നത കോടതി ആ മകന്റെ ഹർജിയിൽ വിധി പറഞ്ഞത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട വ്യക്തികളുടെ മൃതദേഹം ഗ്രാമങ്ങളിൽ അടക്കം ചെയ്യാൻ സമ്മതം നൽകാത്ത ആദ്യസംഭവമായിരുന്നില്ല ഇത്. കൊണ്ടഗാവോൺ ജില്ലയിലെ ഖലിബെഡി ഗ്രാമത്തിൽ ഒരു ക്രിസ്ത്യൻ ആദിവാസിയുടെയും കാൺകർ ജില്ലയിലെ കുരുത്തോല ഗ്രാമത്തിൽ ഒരു ആദിവാസി സ്ത്രീയുടെയും മൃതദേഹങ്ങൾ ക്രൈസ്തവവിരുദ്ധർ കുഴി തോണ്ടിയെടുത്തതും ഇതേ സംസ്ഥാനത്താണ്.
മതത്തെ വളർത്താനല്ല, മനുഷ്യരെ വളർത്താൻ
യേശുക്രിസ്തു പഠിപ്പിച്ച പാഠങ്ങൾക്കനുസൃതമായി ഛത്തീസ്ഗഡിൽ പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം ചെയ്യുന്ന വൈദികർക്കും കന്യാസ്ത്രീമാർക്കും ഇന്ന് പല ഗ്രാമങ്ങളിലും ഭ്രഷ്ട് കല്പിച്ചിരിക്കുകയാണ്. പലർക്കും ഗ്രാമങ്ങളിൽ സഭാവസ്ത്രങ്ങൾ ധരിക്കാൻ അനുവാദമില്ല. ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നേരിടേണ്ടിവരികയും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ടു ജയിലിലടക്കപ്പെടുകയും ചെയ്യേണ്ടിവന്ന രണ്ട് കന്യാസ്ത്രീമാരുടെ അനുഭവം.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ യഥാർഥത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ലംഘനംതന്നെയാണ്. ഇത്തരം പീഡനങ്ങൾക്കെതിരേ നീതിന്യായ വ്യവസ്ഥയും കണ്ണടയ്ക്കുമ്പോൾ രാജ്യത്തു ക്രൈസ്തവസഭ ചെയ്തുവരുന്ന കാരുണ്യപ്രവൃത്തികൾക്കു തന്നെയാണ് ഭരണകൂടം കൈയാമമിടുന്നത്. ഇരുകൈകളും ചങ്ങലയാൽ ബന്ധിച്ചിട്ടും ഛത്തീസ്ഗഡിലെ മിഷണറിമാർ അവരുടെ സേവനം തുടരുന്നു; മതത്തെ വളർത്താനല്ല, മനുഷ്യരെ വളർത്താൻ.
(തുടരും)