അർലേക്കറും പിണറായിയും
അനന്തപുരി / ദ്വിജൻ
Sunday, August 10, 2025 2:36 AM IST
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.