ജനഹിതമാണു ജനാധിപത്യം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, September 20, 2025 12:59 AM IST
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
ജനവിധി അട്ടിമറിക്കപ്പെടരുത്
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.