പ്രാർഥനയുടെ അഗ്നി സംവഹിച്ച അജപാലകൻ
ഫാ. ഡൊമിനിക് വെട്ടുകാട്ടിൽ
Thursday, October 16, 2025 1:03 AM IST
1926 മാർച്ചിലെ തണുപ്പില്ലാത്ത രാത്രി. പകലിന്റെ പൊള്ളിക്കുന്ന ചൂട് രാത്രിയുടെ അന്ത്യയാമങ്ങളിലും വിട്ടുമാറിയിരുന്നില്ല. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നോന്പുകാല പോപ്പുലർ മിഷൻ ധ്യാനം നടന്നുകൊണ്ടിരിക്കുന്നു. കർമലീത്ത സഭയിലെ പ്രസിദ്ധ ധ്യാനഗുരുവായ ഫാ. ഹിലാരിയോസ് ആണ് മുഖ്യ ധ്യാനഗുരു. ഫാ. ഗ്രിഗോറിയോസ് നീരാക്കൽ, ഫാ. മാത്യു ചക്കുംകുളത്ത് എന്നീ വൈദികർ സഹായികളായി ഉണ്ട്. ആ രാത്രിയിൽ രാമപുരം ഇടവകാംഗമായ തേവർപറന്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചന് എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
രാമപുരത്തെ പള്ളിമുറിയിൽ ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുകയായിരുന്നു അച്ചൻ. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നെങ്കിലും ഉറക്കം കിട്ടുന്നില്ല. തലേദിവസം ധ്യാനഗുരുവായ ഫാ. ഹാലാരിയോസ് പറഞ്ഞ ഒരു കാര്യം മനസിലേക്ക് വീണ്ടും വീണ്ടും ഇഴഞ്ഞിഴഞ്ഞ് കയറിവരികയാണ്. ധ്യാനം നയിക്കുന്ന കർമലീത്ത വൈദികൻ ഇടവകയിലെ ദളിത് ഭവനങ്ങൾ സന്ദർശിച്ചതുകൊണ്ട് കറെ ദളിത് സഹോദരങ്ങളെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ കഴിഞ്ഞു.
ധ്യാനമൊക്കെ തീർന്നപ്പോൾ ധ്യാനഗുരു പറഞ്ഞ ആ കാര്യം “ഇനി ഈ ദളിതരുടെ കാര്യം ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ഈ ധ്യാനംകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.’’പൊക്കം കുറഞ്ഞ് കൃശാഗാത്രനായ ഫാ. അഗസ്റ്റിൻ തേവർപറന്പിൽ ഉറക്കം വരാഞ്ഞ് എഴുന്നേറ്റിരുന്നു. ഉള്ളിൽ തന്നോട് ആരോ മന്ത്രിക്കുന്നതുപോലെ ഒരു സ്വരം മുഴങ്ങിക്കേട്ടു ‘ആരെയാണ് ഞാൻ അയയ്ക്കുക, ആരാണ് നമുക്കുവേണ്ടി പോവുക’ഏശ: 6: 8). കുഞ്ഞച്ചൻ എന്ന് ആളുകൾ സ്നേഹത്തോടെ വിളിച്ചിരുന്ന അഗസ്റ്റിൻ അച്ചൻ ഒരു ഉറച്ച തീരുമാനം എടുത്തപോലെ അൽപനേരം കണ്ണടച്ച് പ്രാർഥിച്ചു. പിന്നെ ഉറങ്ങിപ്പോയത് എപ്പോഴാണെന്ന് അറിഞ്ഞില്ല.
പിറ്റേന്ന് ധ്യാനമൊക്കെ കഴിഞ്ഞ് വികാരിയച്ചനും മറ്റ് അച്ചൻമാരും ചേർന്ന് ധ്യാനം നയിച്ച കർമലീത്ത വൈദികരെ യാത്രയാക്കുന്പോൾ തേവർപറന്പിൽ അഗസ്റ്റിൻ അച്ചൻ പറഞ്ഞു: “ദളിതരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഞാൻ അവരെ ശ്രദ്ധിച്ചുകൊള്ളാം.’’കുഞ്ഞച്ചന്റെ ആ വാക്കുകൾ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. പുതിയൊരു പ്രേഷിത ദൗത്യം അവിടെ തുടങ്ങുകയായിരുന്നു.
പിന്നീടങ്ങോട്ട് കുഞ്ഞച്ചന്റെ ജീവിതം ദളിത് മക്കൾക്കുവേണ്ടി തീറെഴുതിക്കൊടുക്കുന്നപോലെയായി. ഓരോ ദിവസവും അതിരാവിലെ ഉണർന്ന് അച്ചൻ പള്ളിയിലെത്തും. തനതു പ്രാർഥനകള ും കാനോ നമസ്കാരവും ചൊല്ലി പൂർത്തിയാക്കിയതിനുശേഷം ദിവ്യബലി അർപ്പിക്കും. പിന്നെ പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊക്കെ കഴിച്ചുവെന്ന് വരുത്തിയിട്ട് അന്നത്തെ യാത്രയാരംഭിക്കും. ദളിത് മക്കളെത്തേടി അവരുടെ കുടിലുകളിലേക്ക്. അവർ പണി ചെയ്യുന്ന വേല നിലങ്ങളിലേക്ക്. വയലും വരന്പും വേലിയും ഇടവഴിയും താണ്ടിയുള്ള കാൽനട യാത്ര. ഇന്നത്തെപ്പോലെ അന്ന് റോഡുകളും വാഹനങ്ങളുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഒരു നൂറു വർഷം മുന്പത്തെ കാര്യമാണെന്നോർക്കണം.
ബലിപീഠത്തിൽനിന്നെടുത്ത തീക്കനൽപോലെ അന്നത്തെ വിശുദ്ധബലിയുടെ പുണ്യവും തിരുവചനത്തിന്റെ പൊള്ളിക്കുന്ന ചൂടും നെഞ്ചിലേറ്റിക്കൊണ്ടാവും അച്ചന്റെ യാത്ര. ആ യാത്രകൾ കുഞ്ഞച്ചന് വിശുദ്ധ കുർബാനയുടെ തുടർച്ച തന്നെയായിരുന്നു. ‘അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന നിങ്ങളെല്ലാവരും എന്റെയടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’ (വി. മത്തായി 11: 28) എന്ന ദിവ്യനാഥന്റെ ആശ്വാസവചനങ്ങൾ അപ്പോൾ അച്ചന്റെ നെഞ്ചിൽ എരിയുന്നുണ്ടാകും. സമൂഹം ഭ്രഷ്ട് കൽപിച്ച് അകറ്റിനിർത്തിയിരുന്ന ഒരു ജനത്തെ ഈ സദ്വാർത്ത അറിയിക്കാനാണ് തന്റെ യാത്ര എന്നോർക്കുന്പോൾ അച്ചന്റെ നടപ്പ് കൂടുതൽ വേഗത്തിലാകും. ‘ബന്ധിതകർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും’ (വി. ലൂക്ക: 4: 18) പ്രഖ്യാപിക്കാൻ വന്ന ദിവ്യഗുരുവിനെ കാൽവരിവരെയും അല്ല കുരിശുമരണം വരെയും താൻ അനുഗമിക്കുന്നില്ലെങ്കിൽ തന്റെ പൗരോഹിത്യം ഒരു പാഴ്വേലയാകുമെന്ന് തിരിച്ചറിഞ്ഞവനാണ് തേവർപറന്പിൽ കുഞ്ഞച്ചൻ.
സുവിശേഷം ചുംബിക്കുന്നവർ തിരുവചനത്തിന്റെ ചൂടിനാൽ ജ്വലിക്കേണ്ടവനാണെന്നും അതേ വചനമാകുന്ന ഇരുതലവാൾകൊണ്ട് ലോകബന്ധനങ്ങളെയും ശരീരത്തിന്റെ ദുരാശകളെയും മുറിച്ചുവീഴ്ത്തുകയും ചെയ്യേണ്ടതുണ്ടെന്നും മനസിലാക്കിയിരുന്ന കുഞ്ഞച്ചൻ സ്വജീവിതത്തിൽ താപസതുല്യമായ നിഷ്ഠകളും ചട്ടങ്ങളും പാലിച്ചിരുന്നു.
“നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ടുമതി നീ എന്നെ അനുഗമിക്കാൻ’’ (വി. മത്താ. 19: 2) എന്ന് ധനികനായ യുവാവിനോട് പറഞ്ഞ ഈശോയെ പൂർണമായും സ്വന്തമാക്കാൻ വേണ്ടി തനിക്കുള്ളതെല്ലാം തന്റെ ദളിത് മക്കൾക്കായി കുഞ്ഞച്ചൻ കൊടുത്തുതീർത്തു. ഒന്നുമില്ലാത്തവരോട് ഒപ്പമാകാൻ ഒന്നുമില്ലാത്തവനായിത്തീർന്നു. നെല്ലായി, അരിയായി, കഞ്ഞിയായി, തുണിയായി അവരുടെ എല്ലാ ഇല്ലായ്മകളിലും അച്ചൻ അവർക്കു തുണയായി. അങ്ങനെ കുഞ്ഞച്ചൻ അവർക്കു തങ്ങളുടെ അച്ചനും കുഞ്ഞച്ചന് അവർ തന്റെ മക്കളുമായി. തന്റെ ദളിത് മക്കളെക്കാണുന്പോൾ നിധി മറഞ്ഞിരിക്കുന്ന വയൽ കണ്ടെത്തിയ രത്നവ്യാപാരിയുടെ സന്തോഷമാകും അഗസ്റ്റിനച്ചനുണ്ടാകുക. പലപ്പോഴും അവരെ കാണാൻവേണ്ടി അവർ വേലചെയ്യുന്ന പണിസ്ഥലംവരെയും അച്ചൻ പോകുമായിരുന്നു. കുരിശിലേറിയ തന്റെ ഗുരുനാഥനോടു കൂടുതൽ സംവദിക്കുന്നതിനും അവിടത്തെ അടുത്തായിരിക്കുന്നതിനും വേണ്ടി മറ്റുള്ളവരോടുള്ള സംഭാഷണത്തിന് അച്ചൻ ഒരുതരം റേഷനിംഗ് സ്വയം പാലിച്ചിരുന്നുവെന്നു പറയാം.
കുഞ്ഞച്ചൻ പ്രാർഥനയുടെ മനുഷ്യനായിരുന്നു. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് (വി. മത്തായി 12-7) എന്ന സുവിശേഷ തിരുവചനത്തിന്റെ പൊരുൾ കുഞ്ഞച്ചൻ ജീവിച്ചുകാണിച്ചു. ദൈവത്തിന്റെ മുഖം കരുണയുടെ മുഖമാണെന്ന് കുഞ്ഞച്ചനിലൂടെ ജനം മനസിലാക്കി. വ്യക്തികളെയും സംഭവങ്ങളെയും ഈശോയുടെ കണ്ണുകളിലൂടെ കുഞ്ഞച്ചൻ നോക്കിക്കണ്ടു.
ഈ ചെറിയവിരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക (വി. മത്തായി 18. 10), എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത് (വി. മത്തായി 25. 40) എന്നീ തിരുവചനങ്ങൾ സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടുള്ള കുഞ്ഞച്ചന്റെ ഇടപെടലുകൾക്ക് പ്രമാണരേഖകളായിരുന്നു. തങ്ങളെല്ലാം വലിയവരാണ് എന്ന് അനുഭവിച്ചറിഞ്ഞാണ് സമൂഹം തള്ളിപ്പറഞ്ഞവരൊക്കെയും കുഞ്ഞച്ചനെ കണ്ടു മടങ്ങിപ്പോയത്.
അതിർത്തികൾക്കപ്പുറത്തേക്കു വ്യാപിക്കുന്ന ഇടയസ്നേഹത്തിന്റെയും പ്രതിനന്ദിയോ പ്രത്യുപകാരമോ കാംക്ഷിക്കാതെ ആകാശത്തോളമുയരുന്ന മനുഷ്യസ്നേഹത്തിന്റെയും ദൃശ്യരൂപമായിരുന്നു കുഞ്ഞച്ചൻ. പരുഷവും പരുക്കനുമായ ആധുനിക ലോകത്തിന്റെ മുഖക്കണ്ണാടിയിൽ സ്വർഗത്തിന്റെ പ്രഭയുള്ള കാരുണ്യത്തിന്റെ ചിത്രം തന്റെ ജീവിതംകൊണ്ട് കുഞ്ഞച്ചൻ വരച്ചുകാണിച്ചു.
വേറോനിക്കയുടെ തൂവാലയിൽ പതിഞ്ഞ മുഖം പാതയോരത്തെ ഭിക്ഷക്കാരന്റെ മുഖമാണെന്ന്, ചെറ്റക്കുടിലിലെ കരഞ്ഞു തളർന്ന കുഞ്ഞിന്റെ മുഖമാണെന്ന്, ജയിൽക്കന്പിയിൽ പിടിച്ചുനിൽക്കുന്ന തടവുകാരന്റെ മുഖമാണെന്ന്, വീടില്ലാത്തവന്റെ വിഭ്രാന്തിപടർന്ന മുഖമാണെന്ന് ദളിത് മക്കളുടെ കുടിലുകളിൽപ്പോയി തിരികെയെത്തിയ കുഞ്ഞച്ചൻ നമ്മോടു പറഞ്ഞു. ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആർദ്രമായ ഒരു തൂവൽസ്പർശമായി നമ്മോടൊത്തുണ്ടായിരുന്ന കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് അപേക്ഷകളും പ്രാർഥനകളുമായി എല്ലാ ദിവസവും തീർഥാടകർ എത്തിക്കൊണ്ടിരിക്കുന്നു.
(വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്റെ നാമകരണനടപടികൾക്കായുള്ള വൈസ് പോസ്റ്റുലേറ്ററാണ് ലേഖകൻ)