ഇന്ന് ലോക ഭക്ഷ്യദിനം: മികച്ച ഭക്ഷണം, മികച്ച ഭാവി
നയന അജേഷ്
Thursday, October 16, 2025 1:13 AM IST
ജീവജാലങ്ങളുടെ നിലനില്പിനു വേണ്ട ഊർജവും പോഷകങ്ങളും നല്കുന്ന ശക്തിസ്രോതസാണ് ഭക്ഷണം. പോഷകസന്പന്നമായ ഭക്ഷണം ആരോഗ്യരക്ഷ ഉറപ്പാക്കുന്നു. ഭക്ഷണം ഔഷധമെന്നല്ലോ പഴമൊഴി. ഓരോ ദേശത്തിനും സംസ്കാരത്തിനും സമൂഹത്തിനും തനത് ഭക്ഷ്യക്രമങ്ങളും ആഹാരാചാരങ്ങളുമുണ്ട്. ഭക്ഷണം അവയുടെയെല്ലാം അനന്യതയുടെയും വ്യക്തിത്വത്തിന്റെയും അടയാളമാണ്. ഭക്ഷ്യസാധന ലഭ്യതയും കാലാവസ്ഥാ ഭേദങ്ങളും പ്രദേശത്തിന്റെ ഭക്ഷണസന്പ്രദായത്തെയും സ്വഭാവത്തെയും നിർണയിക്കും.
വിശപ്പിന്റെ വിലാപങ്ങൾ
വിശപ്പ് ആത്മാഭിമാനത്തിന്റെ നിശബ്ദനൊന്പരമാണ്. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ റിപ്പോർട്ടനുസരിച്ച് 673 ദശലക്ഷം ആളുകൾ ആഗോളതലത്തിൽ പട്ടിണിയിലാണ്. പ്രതിവർഷം ഒൻപതു ദശലക്ഷം പേർ കൊടുംവിശപ്പുകൊണ്ട് മരിക്കുന്നു. പതിനൊന്നു പേരിൽ ഒരാളെങ്കിലും ലോകത്ത് വെറുംവയറുമായി ഉറങ്ങാൻ പോകുന്നു. വിശപ്പിന്റെ വേദന സഹിക്കാനാകാതെ നിലവിളിക്കുന്ന 148 ദശലക്ഷം കുട്ടികളിൽ ഒരു കുട്ടി വീതം ഓരോ സെക്കൻഡിലും വിശപ്പില്ലാലോകത്തേക്ക് യാത്രയാകുന്നു. പ്രതിവർഷം 3.1 ദശലക്ഷം കുഞ്ഞുങ്ങളുടെ ഓമനമുഖങ്ങൾ ലോകത്തുനിന്നു മാഞ്ഞുപോകുന്നു. 822 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ, ധാതുക്കൾ, ജീവകങ്ങൾ, ഫൈബർ, വെള്ളം എന്നീ സപ്തപോഷകങ്ങളുടെ ഇല്ലായ്മയാണിവർ അനുഭവിക്കുന്നത്.
ഇന്ത്യക്കും വിശക്കുന്നു
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 194 ദശലക്ഷം ആളുകൾ പട്ടിണിവയറോടെ അന്തിയുറങ്ങുന്നു. 30 ലക്ഷത്തോളം അനാഥർ ദിവസവും പട്ടിണിയിലാണ്. പട്ടിണിരാജ്യങ്ങളുടെ പട്ടികയിൽ 42-ാം സ്ഥാനത്താണ് ഇന്ത്യ. 13.7 ശതമാനത്തോളം ഇന്ത്യക്കാർ ഗുണനിലവാരം കുറഞ്ഞ ഭക്ഷണംകൊണ്ട് തൃപ്തിപ്പെടുന്നു. വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന മാനദണ്ഡവ്യവസ്ഥയനുസരിച്ച് പട്ടിണി ലേശംപോലുമില്ലാത്ത അവസ്ഥയുടെ സൂചിക ‘പൂജ്യം’ (സീറോ) ആയിരിക്കുന്പോൾ ഇന്ത്യയുടെ സ്കോർ 27.13 ആണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സ് അനുസരിച്ച് 127 രാജ്യങ്ങളിൽ കഴിഞ്ഞവർഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 107ലേക്ക് വീണു.
ഇന്ത്യൻ വിശപ്പിന്റെ കാരണങ്ങൾ
ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലുണ്ടാകുന്ന നഷ്ടം, വിതരണത്തിലെ കാര്യക്ഷമതക്കുറവ്, അസമത്വം, അഴിമതി, ചൂഷണങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ പാഴാക്കൽ, ദുരുപയോഗം, മലിനീകരണം, ദരിദ്രകുടുംബത്തിലെ ലിംഗ അസമത്വം, പ്രകൃതിദുരന്ത പ്രത്യാഘാതങ്ങൾ, വീട്ടമ്മമാരുടെ അജ്ഞത... അങ്ങനെ വിശപ്പിന്റെ കാരണങ്ങളുടെ പട്ടിക നീളുകയാണ്.
ദിനപ്രമേയം
‘മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക’ എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിന പ്രമേയം.
ഭക്ഷ്യസന്പ്രദായം
സമകാലിക ഭക്ഷ്യസന്പ്രദായത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പോഷകാഹാരം, കൃഷി, സാമൂഹ്യബന്ധങ്ങൾ, ഇടപെടലുകൾ എന്നിവയെ സ്വാധീനിക്കുന്ന, പരസ്പരബന്ധിതമായ സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും സമുച്ചയത്തെയാണ് ഭക്ഷ്യസന്പ്രദായം എന്നു പറയുന്നത്. 100 കോടിയിൽപരം ആളുകളുടെ ഉപജീവനമാർഗമാണ് ആഗോള ഭക്ഷ്യസന്പ്രദായം.
ഭക്ഷണം പാഴാക്കലെന്ന സാമൂഹ്യതിന്മ
ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും ഭക്ഷണരീതിയിലും ആവശ്യമനുസരിച്ച് പാചകം ചെയ്യുന്നതിലും വിളന്പുന്നതിലും പുലർത്തേണ്ട ജാഗ്രത വലുതാണ്. പാഴാക്കുമ്പോൾ സംഭവിക്കുന്ന സാന്പത്തികനഷ്ടത്തേക്കാൾ ഗുരുതരമാണ് അവ ഉത്പാദിപ്പിച്ച കൃഷിഭൂമിയിൽനിന്നു പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളും രാസവള കീടനാശിനി ഉച്ഛിഷ്ടങ്ങളും മൂലം പടരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. കഴിക്കാനാവശ്യമുള്ള അളവിൽ മാത്രം വിളന്പുന്ന ശൈലി സ്വീകരിക്കണം.
മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ വിശന്നു പൊരിയുന്നവന്റെ അവകാശമാണ്. അവ നശിപ്പിക്കാൻ ഉടമയ്ക്ക് അധികാരമില്ല. മിച്ചം വരുന്ന ഭക്ഷണം വിശക്കുന്നവരെ കണ്ടെത്തി നല്കാൻ ഉടമയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഒരു കാരണവശാലും നശിപ്പിക്കരുതെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി കർശന നിർദേശം നല്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷ
‘സകലർക്കും തങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എല്ലായ്പോഴും ലഭിക്കുന്ന അവസ്ഥയെ ഭക്ഷ്യസുരക്ഷ’ എന്ന് 1996ലെ ലോകഭക്ഷ്യ ഉച്ചകോടി നിർവചിച്ചിട്ടുണ്ട്. സുരക്ഷിത ഭക്ഷണലഭ്യത മനുഷ്യാവകാശമാണ്. സർക്കാർ, ഭക്ഷ്യോത്പാദകർ, ശാസ്ത്രജ്ഞർ, പൗരസമൂഹം, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെയെല്ലാം കൂട്ടായ ഉത്തരവാദിത്വമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത്.
അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും ഭക്ഷണ ഇനങ്ങളുടെ പ്രാദേശിക വൈവിധ്യവും വ്യത്യസ്തമായ ഉപഭോഗ രീതികളും മൂലം ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാനിലവാര അഥോറിറ്റി ഭക്ഷ്യസുരക്ഷാ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാവൽക്കാരാണ്.
പരിസ്ഥിതിയും ഭക്ഷ്യസന്പ്രദായവും
ആഗോള ഭക്ഷ്യസന്പ്രദായത്തിന് പരിസ്ഥിതിയുമായി ബന്ധമുണ്ട്. രാജ്യങ്ങൾക്കിടയിലും ഉള്ളിലുമുള്ള സംഘർഷങ്ങൾ, കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങൾ, സാന്പത്തിക അനിശ്ചിതത്വം, ജൈവവൈവിധ്യനഷ്ടങ്ങൾ, മലിനീകരണം, ജലക്ഷാമം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ ഭക്ഷ്യശൃംഖലയെ ദുർബലപ്പെടുത്തുകയോ അവയുടെ വഴിമുടക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജൈവവൈവിധ്യ നഷ്ടങ്ങൾ, വനനശീകരണം, മരുഭൂവത്കരണം, മലിനീകരണം, ജലക്ഷാമം തുടങ്ങിയ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സുസ്ഥിര ഭക്ഷ്യസന്പ്രദായത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് ലോകരാഷ്ട്രങ്ങളും എഫ്എഒയും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഭക്ഷണാവകാശം
ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ ഭക്ഷണം സന്പാദിച്ച് ജീവിക്കാനുള്ള അവകാശവും ഉൾച്ചേർന്നിട്ടുണ്ടെന്നു വ്യാഖ്യാനിക്കാം.
1996ലെ ലോക ഭക്ഷ്യ ഉച്ചകോടി ഭക്ഷണത്തിനുള്ള മനുഷ്യന്റെ അവകാശം പ്രഖ്യാപിച്ചിട്ടുണ്ട്. വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽനിന്നു മുക്തരായി സുരക്ഷിതവും മാന്യവുമായ ഭക്ഷണം നേടാനുള്ള അവകാശത്തെ ഭക്ഷണാവകാശമെന്നു വിളിക്കുന്നു. എന്നും എല്ലാവർക്കും സൗജന്യഭക്ഷണം ലഭിക്കണമെന്ന് ഇതിനർഥമില്ല. എന്നാൽ യുദ്ധം, പ്രകൃതിദുരന്തം, തടവ് തുടങ്ങിയ നിയന്ത്രണാതീത സാഹചര്യങ്ങളിൽ ഭക്ഷണം കിട്ടാതെ വരുമ്പോൾ സർക്കാരിൽനിന്നു നേരിട്ടു ഭക്ഷണം ലഭിക്കാനുള്ള അവകാശം ദുരിതബാധിതർക്കുണ്ട്.