ക്രൈസ്തവസ്നേഹത്തിന്റെ നവയുഗ പ്രഖ്യാപനം
ഫാ. അരുൺ കലമറ്റത്തിൽ
Thursday, October 16, 2025 1:19 AM IST
സ്നേഹത്തെക്കുറിച്ച് ലോകചരിത്രത്തിൽ ഏറ്റവും ശക്തമായും ആധികാരികമായും തീവ്രമായും എക്കാലവും സംസാരിച്ചിട്ടുള്ളത് കത്തോലിക്കാ സഭയാണ്. മനുഷ്യജീവിതത്തെ മതവർഗീയതയും ജാതിസ്പർധകളും വിഘടനവാദവും വർഗസമരങ്ങളും ഭീകരവാദങ്ങളുമൊക്കെ നിരന്തരം സങ്കീർണമാക്കുമ്പോൾ മിശിഹായുടെ സഭ ലോകത്തിന് പരിചയപ്പെടുത്തുന്നത് ശത്രുക്കളെപോലും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന ആഴമേറിയ സ്നേഹത്തിന്റെ ‘തീവ്രവാദ’മാണ്. ദരിദ്രരോടുള്ള പരിഗണനയും മാറ്റിനിർത്തപ്പെട്ടവരോടുള്ള പക്ഷം ചേരലും ക്രൈസ്തവ സ്നേഹത്തിന്റെ പ്രകടമായ ധാർമിക ദൗത്യമാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ‘ദിലക്സി തേ’ (DILEXI TE) ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന അപ്പസ്തോലിക പ്രബോധനം.
ഫ്രാൻസിസും ലെയോയും
പ്രബോധനത്തിന്റെ സുന്ദരമായ ഒരു തുടർച്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പയിലേക്കു നടക്കുന്നതെന്ന് തോന്നും. ബെനഡിക്ട് മാർപാപ്പ പൂർത്തിയാക്കാതെ പോയ ‘ലൂമെൻ ഫിദേയി’ പൂർത്തീകരിച്ചുകൊണ്ട് തന്റെ പ്രഥമാചാര്യദൗത്യം ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൂർത്തീകരിക്കപ്പെടാത്ത ‘ദിലക്സി തേ’ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പിൻഗാമിയായ ലെയോ മാർപാപ്പ തന്റെ ഔദ്യോഗിക പ്രബോധന ദൗത്യം സമാരംഭിക്കുന്നതെന്നത് ശ്ലൈഹിക പിന്തുടർച്ചയുടെ മനോഹരമായ ദൃശ്യമാണ്. അസീസിയിലെ ഫ്രാൻസിസിന്റെ ആധ്യാത്മികപാത പിന്തുടർന്ന് ദൈവത്തിന്റെ മഹാകാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും നിരന്തരം പഠിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹപ്രബോധന’ത്തിന്റെ ആദ്യഭാഗമായിരുന്നു ‘ദിലെക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്ന ദൈവസ്നേഹ കേന്ദ്രീകൃതമായ ചാക്രിക ലേഖനം. അതിന്റെ രണ്ടാം ഭാഗമെന്നോണമാണ് സാമൂഹിക സ്വഭാവമുള്ള മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം അസീസിയിലെ ഫ്രാൻസിസിന്റെ സന്തതസഹചാരിയായിരുന്ന ലെയോയെ അനുസ്മരിപ്പിക്കുംവിധം ഇപ്പോൾ ലെയോ മാർപാപ്പ പ്രസിദ്ധീകരിക്കുന്നത്. ബെനഡിക്ട് പാപ്പായുടെ പ്രബോധകമനസും ഫ്രാൻസിസ് പാപ്പായുടെ ഹൃദയവുമാണ് ലെയോ പതിനാറാമൻ മാർപാപ്പയുടെതെന്ന് വീണ്ടും തോന്നിപ്പിക്കുകയാണ് ‘ദിലക്സി തേ’.
വെളിപാട് പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു സ്നേഹപ്രഖ്യാപനമാണ് ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ പേരായി മാറുന്നത്. ദുർബലവും ദരിദ്രവുമായ ഫിലാദൽഫിയിലെ സഭയോട് മിശിഹാ അരുൾ ചെയ്യുന്ന വാക്കുകളാണിത് (3.9). വിശ്വാസത്തിനും നീതിക്കുംവേണ്ടി സഹനമേറ്റെടുക്കുകയും തന്റേതല്ലാത്ത കുറ്റത്താൽ ദരിദ്രരായിരിക്കുകയും ചെയ്യുന്നവരോടുള്ള മിശിഹായുടെ സ്നേഹമാണ് തിരുസഭ പ്രഖ്യാപിക്കുന്നത്.
ദരിദ്രരുടെ നിലവിളി
ദരിദ്രരുടെ അവസ്ഥ തന്നെയാണ് അവരുടെ നിലവിളി. ആ നിലവിളി മനുഷ്യ ചരിത്രത്തിൽ ഉടനീളം നമ്മുടെ ജീവിതത്തെയും സാമൂഹിക വ്യവസ്ഥയെയും രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയും, സഭയെ തന്നെയും നിരന്തരം വെല്ലുവിളിക്കുന്നുണ്ടെന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ദരിദ്രന്റെ മുറിവേൽപ്പിക്കപ്പെട്ട മുഖത്ത് നാം കാണുന്നത് നിരപരാധിയുടെ സഹനമാണ്, അത് മിശിഹായുടെതന്നെ സഹനമാണ്. അതേസമയംതന്നെ ദാരിദ്ര്യം ഒരു ബഹുമുഖ പ്രതിഭാസമാണെന്നും അത് ഭൗതിക വസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ലെന്നും പാപ്പാ നിരീക്ഷിക്കുന്നു. തങ്ങളുടെ മഹത്വത്തിനും സാധ്യതകൾക്കും ശബ്ദം നൽകാൻ കഴിയാതെപോകുന്ന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയും ദാരിദ്ര്യം തന്നെയാണ്. രോഗികൾ ആരോഗ്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരും അന്യായമായി തടവിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ്. ധാർമികവും ആധ്യാത്മികവുമായ ദാരിദ്ര്യവും സാംസ്കാരിക ദാരിദ്ര്യവും വ്യക്തിപരവും സാമൂഹികവുമായ ദുർബലതയുടെ ദാരിദ്ര്യവും അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതിരിക്കുന്നതിന്റെ ദാരിദ്ര്യവും സാമ്പത്തിക ദാരിദ്ര്യത്തേക്കാൾ കൂടുതൽ ഗൗരവമായ പരിഗണന അർഹിക്കുന്നതാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും ചൂഷണ സംവിധാനങ്ങളും ദാരിദ്ര്യത്തിന്റെ കൂടുതൽ വികൃതമായ മുഖങ്ങളാണ്. ലോകരാഷ്ട്രങ്ങളും രാജ്യാന്തര സംവിധാനങ്ങളും പലപ്പോഴും ദാരിദ്ര്യത്തെ ഒരു സാമ്പത്തിക യാഥാർഥ്യം മാത്രമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ മഹത്വത്തെ അതിന്റെ സമഗ്രതയിൽ പരിഗണിക്കാതെ നടത്തുന്ന എല്ലാ ദാരിദ്ര്യനിർമാർജന പ്രയത്നങ്ങളും അർഥശൂന്യമാണ് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
ദരിദ്രരോടുള്ള ഐക്യദാർഢ്യം
ദരിദ്രരോടുള്ള പ്രതിബദ്ധത നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് മാനവ സാംസ്കാരിക തലത്തിൽതന്നെ മാറ്റം വരുത്താൻ കഴിയുന്ന മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മാറ്റമാണ്. ആധുനികലോകത്തിൽ ദാരിദ്ര്യം അത്രവലിയ പ്രശ്നമല്ല എന്ന് കണക്കുകൾ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നവരുണ്ട്. പൊതുവിൽ സമ്പത്ത് വർധിച്ചിട്ടുണ്ട്, പക്ഷേ അതോടൊപ്പം അസമത്വവും വർധിച്ചു. ആധുനിക ലോകത്തിൽ പുതിയ തരത്തിലുള്ള ദാരിദ്ര്യമാണ് ആവിര്ഭവിക്കുന്നതും വളരുന്നതും. ഒരുകാലത്ത് വൈദ്യുതി കടന്നുചെല്ലാത്ത ഇടങ്ങളെ ദരിദ്രമായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് അതത്ര പ്രസക്തമല്ല. ദാരിദ്ര്യത്തെ കാലികമായി വ്യാഖ്യാനിക്കേണ്ടതുണ്ട്. ആനുപാതികവും യഥാർഥവുമായ അവസരങ്ങളുടെ ലഭ്യതയുമായും മനുഷ്യന്റെ സമഗ്രവികാസ സാധ്യതയുമായി കൂട്ടിച്ചേർത്തു വേണം ഓരോ കാലഘട്ടത്തിലും ദാരിദ്ര്യത്തെ അളക്കാൻ. ദാരിദ്ര്യത്തെ വിലയിരുത്തുന്നതിന്റെ പിറകിലുണ്ടാകേണ്ട ദാർശനിക വീക്ഷണമാണ് മാർപാപ്പ മുന്നോട്ടു വയ്ക്കുന്നത്. അനുഭാവപൂർണമായി ദരിദ്രരെയും ദാരിദ്ര്യത്തെയും മനസിലാക്കാൻ ഈ പുതിയ വീക്ഷണം ആവശ്യമുണ്ട്.
ദൈവം ദരിദ്രരെ തെരഞ്ഞെടുക്കുന്നു!
ദൈവം തെരഞ്ഞെടുക്കുന്നത് ദരിദ്രരെയാണെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. ദരിദ്രരെ തെരഞ്ഞെടുക്കുന്നു എന്നതിന് ദൈവം മറ്റുള്ളവരെ മാറ്റി നിർത്തുന്നു എന്ന് അർഥമില്ല. ഭൗതികദാരിദ്ര്യം ദൈവം വിലമതിക്കുന്ന ഒരു പുണ്യമായി തിരുസഭ കണക്കാക്കുന്നുമില്ല. ദൈവം ആരെയും ദരിദ്രരാക്കുകയോ ആരെങ്കിലും ദരിദ്രരാകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണുന്ന ദരിദ്രരോടുള്ള ദൈവത്തിന്റെ മമത അവരുടെ സമ്പത്തില്ലായ്മയോടുള്ള സ്നേഹമല്ല; പകരം, അവർ അനുഭവിക്കുന്ന അനീതിയിലും ചൂഷണത്തിലും ദൈവത്തിന് പങ്കില്ല എന്ന് ലോകത്തെ ഓർമിപ്പിക്കുന്നതാണ്. ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് മനുഷ്യൻതന്നെ തന്റെ സഹജീവികളോട് ചെയ്യുന്ന അനീതിയോടും ചൂഷണത്തോടുമുള്ള ദൈവത്തിന്റെ എതിർപ്പാണ് ഈ പക്ഷംചേരലിന്റെ അടിസ്ഥാനം. അതിന്റെ പ്രകടമായ പ്രഖ്യാപനമായിരുന്നു ഈശോ തന്റെ ജനനത്തിലും പരസ്യജീവിതത്തിലും സ്വീകരിച്ച ദാരിദ്ര്യവും ദരിദ്രരോടുള്ള സഹവാസവും. ഞാൻ ‘നിന്നെ സ്നേഹിച്ചു’ എന്ന് അവിടുന്ന് ദരിദ്രരോട് അരുൾ ചെയ്യാനുള്ള കാരണവും ഇതാണ്.
ദരിദ്രരോടുള്ള സ്നേഹം അടിസ്ഥാനപരമായി അവർക്കു നൽകുന്ന പരിഗണനയും മഹത്വവുമാണ്, അല്ലാതെ നാം പലപ്പോഴും കരുതുന്നതുപോലെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മാത്രമല്ല. ദരിദ്രർക്ക് നാം നൽകുന്ന പരിഗണനയും മഹത്വവുമാണ് ദരിദ്രരെ പരിഗണിക്കുന്ന ദൈവത്തോടുള്ള നമ്മുടെ സ്നേഹം. അതുകൊണ്ട് ദരിദ്രരെ സ്നേഹിക്കാത്ത, പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യാത്ത ആരും ദൈവത്തെ സ്നേഹിക്കുന്നില്ല എന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.
യഥാർഥ സമ്പത്ത്
യഥാർഥ സമ്പത്തിനെക്കുറിച്ചുള്ള ശരിയായധാരണയിൽനിന്നു മാത്രമേ ദാരിദ്ര്യത്തെക്കുറിച്ച് അർഥപൂർണമായി സംസാരിക്കാൻ കഴിയുകയുള്ളൂ എന്ന് ഈ പ്രബോധനരേഖ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. യഥാർഥ സമ്പത്ത് പണമോ അധികാരമോ വസ്തുവകകളോ അല്ല എന്ന തിരിച്ചറിവാണ് മാർപാപ്പ ലോകത്തിനു നൽകാൻ ആഗ്രഹിക്കുന്നത്. യഥാർഥ സമ്പത്ത് ദൈവംതന്നെയാണ്. ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആത്മാവും വ്യക്തിത്വവും വലിയ സമ്പത്താണ്. വിശുദ്ധിയും നൈർമല്യവും അതിലധിഷ്ഠിതമായ കൂട്ടായ്മയുടെ ബന്ധവും മനുഷ്യവംശത്തിന്റെ ശ്രേഷ്ഠമായ സമ്പത്തായി പരിഗണിക്കപ്പെടണം. സഭ എക്കാലവും ഏർപ്പെടേണ്ട ദാരിദ്ര്യനിർമാർജന പ്രവൃത്തികൾ വെറും സാമ്പത്തിക പരിഹാരപ്രവൃത്തികൾ മാത്രമായി ചുരുങ്ങിപ്പോകരുത്. യഥാർഥ സമ്പത്തായ ദൈവവും മനുഷ്യവ്യക്തിയുടെ മഹത്വവും വിലമതിക്കപ്പെടുന്ന ആധ്യാത്മിക സ്വഭാവമുള്ള ഒരു സാമൂഹിക സാമ്പത്തിക ലോകത്തെ പടുത്തുയർത്താനുള്ള ക്ഷണമാണ് ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം. അതുതന്നെയായിരിക്കും സഭയ്ക്ക് ലോകത്തിന് നൽകാവുന്ന യഥാർഥമായ സ്നേഹത്തിന്റെ പ്രകടനവും പ്രഖ്യാപനവും.
ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചുമുള്ള ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ മനോഹാരിതയും വ്യതിരക്തതയും അത് സുവിശേഷ മൂല്യങ്ങൾക്ക്, പ്രത്യേകിച്ച് സുവിശേഷാത്മക ദാരിദ്ര്യത്തിന് കൊടുക്കുന്ന ഊന്നലാണ്. അതിന്റെ അഭാവത്തിൽ ഒരുപക്ഷേ ഈ പ്രബോധന രേഖ തീർത്തും ഭൗതിക വീക്ഷണങ്ങളായി അവസാനിച്ചേനെ. തിരുസഭ വെറും ഭൗതിക ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയല്ലെന്നും, ദാരിദ്ര്യത്തിന്റെ ആധ്യാത്മികവും ധാർമികവുമായ വിഷയങ്ങളാണ് തിരുസഭയുടെ അടിസ്ഥാന പരിഗണന എന്നും മാർപാപ്പയുടെ വാക്കുകളിൽനിന്നു വ്യക്തമാണ്. സമ്പത്തും ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകളെക്കാൾ ഈ പ്രബോധന രേഖ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിശുദ്ധ ഗ്രന്ഥ പ്രബോധനങ്ങളും സഭാപിതാക്കന്മാരുടെ വാക്കുകളും സന്യാസ സമൂഹങ്ങളുടെ ജീവിത മാതൃകകളും ഒക്കെയാണ്. ഒരു സാമൂഹിക സാമ്പത്തിക വിശകലനത്തേക്കാൾ സൈദ്ധാന്തികവും പ്രബോധനാത്മകവുമാണ് ലെയോ പാപ്പായുടെ ‘ദിലക്സി തേ’.
ദരിദ്രർക്കായുള്ള മിശിഹായുടെ സഭ
‘ദരിദ്രർക്കായി നിലകൊള്ളുന്ന സഭ’ എന്നാണ് മൂന്നാം അധ്യായത്തിന്റെ ശീർഷകം തന്നെ. തിരുസഭ ഈശോമിശിഹായുടെ തുടർച്ചയാകയാൽ അടിസ്ഥാനപരമായി ദരിദ്രർക്കായി നിലകൊള്ളുന്ന സഭയാണെന്ന് പാപ്പാ പ്രഖ്യാപിക്കുന്നു. ഇത് കത്തോലിക്കാ സഭയുടെ നയപ്രഖ്യാപനമാണ്. സമ്പന്നരും പ്രബലരും അധികമില്ലാതിരുന്ന ആദിമസഭ പക്ഷേ, പങ്കുവയ്ക്കാനും പൊതുവായി കരുതാനുമുള്ള മനോഭാവത്തിൽ സമ്പന്നമായിരുന്നു. തിരുസഭയുടെ യഥാർഥ സമ്പത്ത് ഈ മനോഭാവമായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നു. സഭാപിതാക്കന്മാർ ആവർത്തിച്ച് പഠിപ്പിക്കുകയും വിശുദ്ധർ ജീവിക്കുകയും സന്യാസ സമൂഹങ്ങൾ സാക്ഷ്യം നൽകുകയും ചെയ്ത സഭ, സമ്പത്തിന്റെ സ്നേഹപൂർണമായ പങ്കുവയ്ക്കലിന്റെയും ഭൗതികവസ്തുക്കളുടെ പൊതുവായ കരുതലിന്റെയും സഭയാണ്. ‘അവർ തങ്ങൾക്കുള്ളതെല്ലാം പൊതുവായി കരുതി’ എന്നും ‘അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല’ എന്നും ആദിമസഭയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 4.32-34). ഈ ചൈതന്യമാണ് സഭയുടെ വ്യക്തിത്വം എന്ന് പാപ്പാ ഉറപ്പിച്ച് പഠിപ്പിക്കുന്നു.
സുഖസമ്പുഷ്ടമായ ജീവിതത്തിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷത്തിന്റെ മിഥ്യാബോധം പലപ്പോഴും മനുഷ്യനെ തള്ളിവിടുന്നത് ഏതുവിധേനയും സമ്പത്തു വാരിക്കൂട്ടാനും സമൂഹത്തിൽ വിജയം നേടാനുമുള്ള പ്രവണതയിലേക്കാണ്. ശക്തരായവരോട് മാത്രം പക്ഷം പിടിക്കുന്ന നീതിരഹിതമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഉപയോഗിച്ച് സമ്പന്നരാകുന്നവർ വിജയിച്ചവരായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
ഒരു വശത്ത് അത്യാഡംബരമായ ജീവിതം നയിക്കുന്ന മനുഷ്യരും മറുവശത്ത് മറ്റൊരു ലോകത്തിലെന്നോണം വിശന്നു മരിക്കുകയോ ജീവൻ നിലനിർത്താൻ പാടുപെടുകയോ ചെയ്യുന്ന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും. ഈ അന്തരം ദരിദ്രരാജ്യങ്ങളിൽ മാത്രമല്ല, വികസിത രാജ്യങ്ങളിലും ദൃശ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സഭ നിലകൊള്ളേണ്ടത് ആ മാറ്റിനിർത്തപ്പെട്ടവരോടൊപ്പമാണ് എന്നാണ് പാപ്പാ പഠിപ്പിക്കുന്നത്. അങ്ങനെയൊരു നിലപാടെടുക്കുന്നതിന്റെ പേരാണ് സഹോദരസ്നേഹം.