ചരിത്രത്തിലേക്ക് ഒരു കുതിപ്പ്
Tuesday, October 21, 2025 12:15 AM IST
വി. ശിവൻകുട്ടി (പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി)
67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനനഗരിയിൽ തുടക്കം കുറിക്കുന്ന ഈ നിമിഷം അതീവ സന്തോഷകരമാണ്. ഒളിമ്പിക്സ് മാതൃകയിൽ രണ്ടാംതവണ സംഘടിപ്പിക്കുന്ന ഈ മഹാമേള ഇനി തിരുവനന്തപുരം കേരളത്തിന്റെ കായികതലസ്ഥാനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
നമ്മുടെ കായികകേരളത്തിന്റെ ഭാവിയെഴുതാൻ ഏകദേശം 20,000ത്തോളം കായികപ്രതിഭകളാണ് 12 സ്റ്റേഡിയങ്ങളിലായി 41 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ ഒത്തുചേരുന്നത്. മുഖ്യമന്ത്രിയുടെ അഭിമാനകരമായ സ്വർണക്കപ്പിൽ മുത്തമിടാൻ ഓരോ ജില്ലയും പോരാടുമ്പോൾ അത് ആരോഗ്യകരമായ മത്സരത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമായി മാറുന്നു.
ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ‘ഇൻക്ലൂസീവ് സ്പോർട്സ്’ ഒരുക്കിയും നമ്മുടെ തനത് ആയോധനകലയായ കളരിയെ മത്സര ഇനമാക്കിയും നമ്മൾ മാതൃകയാകുകയാണ്. യുഎഇയിൽനിന്നുള്ള വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രവാസിതാരങ്ങളുടെ പങ്കാളിത്തവും ഈ മേളയുടെ മാറ്റുകൂട്ടുന്നു.
നമ്മുടെ അഭിമാനതാരങ്ങളായ സഞ്ജു സാംസണും കീർത്തി സുരേഷും ഈ മേളയുടെ ഭാഗമാകുമ്പോൾ, അതിന്റെ ആവേശം വാനോളമുയരുകയാണ്. അതിലേറെ അഭിമാനകരം ഈ മേളയുടെ ചരിത്രത്തിലാദ്യമായി തീം സോംഗ് പൂർണമായും നമ്മുടെ സ്കൂൾ കുട്ടികൾതന്നെ ഒരുക്കി എന്നതാണ്. ഇത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ കരുത്താണ് കാണിക്കുന്നത്.
കായികവിദ്യാഭ്യാസത്തിന് കേരളം വലിയ പ്രാധാന്യമാണു നൽകുന്നത്. സെക്കൻഡറിതലം വരെ കേരളത്തിൽ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്സിഇആർടിയുടെ നേതൃത്വത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസ മേഖലയും പൂർണമായ നിലയിൽ പരിഷ്കരണത്തിനു വിധേയമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഉള്ളടക്കമേഖലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യ, കായിക വിദ്യാഭ്യാസ ആക്ടിവിറ്റി ബുക്കുകളാണ് കുട്ടികൾക്കുവേണ്ടി തയാറാക്കി വിതരണം ചെയ്തിട്ടുള്ളത്. ഈ പുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലുള്ള പുസ്തകങ്ങളാണു നിലവിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
നിരവധി പ്രധാനപ്പെട്ട ഉള്ളടക്കമേഖലകൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഇന്ന് നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ ശക്തമായ ബദൽമാർഗമായി കായികത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളാണ് ഈ പുസ്തകങ്ങളിൽ വളരെ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഈ ഉള്ളടക്കമേഖലകൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമാകുന്ന നിലയിൽ അധ്യാപകർക്കുവേണ്ടിയുള്ള ഹാൻഡ് ബുക്കുകൾ സമാന്തരമായി തയാറാക്കിയിട്ടുണ്ട്. ഈ ഹാൻഡ് ബുക്കിൽ കേരളത്തിലെ സ്കൂൾ സ്പോർട്സ് മാന്വലിന്റെ ഭാഗമായി ഉൾപ്പെടുന്ന കായിക ഇനങ്ങളുടെ പരിശീലനരീതി സംബന്ധിച്ച വിവരണം വളരെ കൃത്യമായി ഓരോ ക്ലാസുകളിലും ഘട്ടം ഘട്ടമായി നൽകിയിട്ടുണ്ട്.
പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര കായിക, ആരോഗ്യ പരിപോഷണത്തിനുവേണ്ടി തയാറാക്കിയിട്ടുള്ള ഹെൽത്തി കിഡ്സ് പുസ്തകങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ മുഴുവനും എസ്ഐഇടിയുടെ നേതൃത്വത്തിൽ ലഘു വീഡിയോകൾ തയാറാക്കി നിലവിൽ സംപ്രേഷണം ചെയ്തുവരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും സ്പെഷൽ സ്കൂളുകളിലും പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആരോഗ്യ, കായിക വിദ്യാഭ്യാസം വളരെ മികച്ച രീതിയിൽ നിർവഹിക്കുന്നതിന് ആവശ്യമായ അനുരൂപീകരണം നടത്തിയിട്ടുള്ള വീഡിയോ ലെസണുകളുടെ നിർമാണപ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും മികവോടുകൂടി നടക്കുന്ന ലോകത്തിനുതന്നെ മാതൃകയായ ഇൻക്ലൂസീവ് കായികമേളയുടെ സ്പോർട്സ് മാന്വൽ വളരെ ചിട്ടയോടുകൂടി തയാറാക്കുകയും പരിഷ്കരിക്കുകയും ചെയ്തത് എസ്സിഇആർടി കേരളമാണ്.
കൂടാതെ, രാജ്യത്ത് ആദ്യമായി സ്പോർട്സ് സ്കൂളുകൾക്കുവേണ്ടി പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ എസ്സിഇആർടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഈ പ്രവർത്തനത്തിന്റെ ആദ്യഭാഗമായ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി കാഴ്ചപ്പാടും സമീപനരേഖയും നിലവിൽ തയാറാക്കി സംസ്ഥാനസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണങ്ങൾ ആരംഭിച്ച ഈ ഘട്ടത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് പീരിഡുകളിൽ വിനിമയം ചെയാൻ ഉതകുന്ന നിലയിലുള്ള പ്രത്യേക പാഠപുസ്തകം നിർമിക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഹയർ സെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിൽ പഠിപ്പിക്കാൻ ആവശ്യമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പാഠപുസ്തകം ഈ അധ്യയനവർഷം അവസാനത്തോടെ തയാറാക്കി വിതരണം ചെയ്യുന്നതായിരിക്കും.
പ്രിയപ്പെട്ട കുട്ടികളേ,
ജയപരാജയങ്ങൾക്കപ്പുറം കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ‘കേരള സ്കൂൾ കായികമേള 25 തിരുവനന്തപുരം’ നിങ്ങൾക്ക് അവസരമൊരുക്കട്ടെ. നാളെയുടെ ഒളിമ്പ്യന്മാർ നിങ്ങളിൽ ഓരോരുത്തരിലുമുണ്ട്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.