വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരെയും യുഎന്നിലെ അംബാസഡർ നിക്കി ഹേലിയെയും വധിക്കാനുള്ള ആസൂത്രണം നടത്താൻ ഇറാനിലെ റവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ടതായി അറസ്റ്റിലായ പാക്കിസ്ഥാൻ വ്യവസായിയുടെ വെളിപ്പെടുത്തൽ. ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ആസിഫ് മെർചന്റ് (47) ആണ് യുഎസ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്.
2024 ജൂലൈ 12നാണ് ആസിഫ് അറസ്റ്റിലായത്. പാക്കിസ്ഥാനു പുറമേ ഇറാനിലും ആസിഫിന് കുടുംബമുണ്ട്. വധശ്രമത്തിന്റെ ആസൂത്രണം ഏറ്റെടുത്തില്ലെങ്കിൽ ഇറാനിലെ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മറ്റു മാർഗമില്ലെന്നു വന്നതോടെയാണ് റവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ട കാര്യം ഏറ്റെടുത്തതെന്ന് ആസിഫ് പറഞ്ഞു. ‘‘എന്റെ കുടുംബം ഭീഷണിയിലായിരുന്നു, അതുകൊണ്ട് എനിക്ക് ഇത് ചെയ്യേണ്ടിവന്നു. ഇത് ഞാൻ മനഃപൂർവം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല’’, ആസിഫ് മെർചന്റ് പറഞ്ഞു. ആരെങ്കിലും കൊല്ലപ്പെടുന്നതിന് മുൻപ് അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ആസിഫ് പറഞ്ഞു.
പാക്കിസ്ഥാനിൽ വ്യവസായം നടത്തുന്ന ആസിഫ് നിരവധി തവണ യുഎസ് സന്ദർശിച്ചിട്ടുണ്ട്. വധം നടത്താനായി രണ്ട് പേരെ കണ്ടെത്തി ഇവർക്ക് 5000 ഡോളർ മുൻകൂർ തുകയായി നൽകി. എന്നാൽ ഇരുവരും എഫ്ബിഐ ഏജന്റുമാരായിരുന്നു. തുടർന്ന് ആസിഫ് അറസ്റ്റിലാവുകയായിരുന്നു.