കോഴിമുട്ട
മലപ്പുറം (കാളികാവ്): പക്ഷിപ്പനി ഭീതിയും കയറ്റുമതി തടസവും കാരണം മുട്ട വിപണി കടുത്ത പ്രതിസന്ധിയിൽ. നാമക്കലിൽ കോടിക്കണക്കിന് മുട്ടകൾ ഫാമുകളിൽ കെട്ടിക്കിടക്കുന്നതിനാൽ വിപണിയിൽ മുട്ടവില കുത്തനേ ഇടിയുകയാണ്. നാട്ടിലെ കടകളിൽ എട്ടര രൂപയ്ക്ക് വിറ്റിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ 6.50 മുതൽ ഏഴ് രൂപ വരെയാണു വില.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒമാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള മുട്ട ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണു തിരിച്ചടിയായത്. രാജ്യത്തെ പ്രധാന മുട്ട ഉത്പാദന-കയറ്റുമതി കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലിൽ കയറ്റുമതി തടസപ്പെട്ടതോടെ ആറു കോടിയിലധികം മുട്ടകളാണു വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്.
നാമക്കലിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കടലൂരിലെ രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിമാസം 30 മുതൽ 35 കണ്ടെയ്നർ മുട്ടകളാണ് ഇവിടെനിന്ന് ഒമാനിലേക്കു കയറ്റുമതി ചെയ്തിരുന്നത്. ഒമാനിലേക്കു മുട്ടയുമായി പോയ കപ്പൽ മടക്കിയതും പ്രതിസന്ധി രൂക്ഷമാക്കി.
നവംബർ ആദ്യവാരം ഒരു മുട്ടയ്ക്ക് 6.70 രൂപയായിരുന്ന നാമക്കലിലെ സംഭരണവില ഇപ്പോൾ 5.60 രൂപയായി താഴ്ന്നു. ഒരു മുട്ടയുടെ ഉത്പാദനച്ചെലവ് ഏകദേശം 6.50 രൂപയാണെന്നിരിക്കേ വിലയിടിവ് ഫാം ഉടമകൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
ശബരിമല തീർഥാടനകാലം ആരംഭിച്ചതോടെ ആഭ്യന്തര വിപണിയിൽ ആവശ്യം കുറഞ്ഞതും പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള ഗതാഗത തടസങ്ങളും വിലയിടിവിന് ആക്കം കൂട്ടി.
പഞ്ചാബ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം മുട്ട ഉത്പാദിപ്പിക്കുന്ന നാമക്കൽ, സേലം, ഈറോഡ്, കോയമ്പത്തൂർ മേഖലകളിലായി ആയിരക്കണക്കിന് കോഴിഫാമുകളാണുള്ളത്.
Tags : Egg Price Fall Namakkal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash