കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ പരിശീലനം കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വർഷം മുതൽ അഞ്ചു പേർക്കുകൂടി നൂറുശതമാനം ഫീസിളവിൽ സൗജന്യ പരിശീലനം നൽകാൻ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി.
ഈ വർഷം മുതൽ പ്രിലിംസ് കം മെയിൻസ് പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് സ്കോളർഷിപ്പ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു വിദ്യാർഥികൾക്കാണ് സൗജന്യ പരിശീലനം നൽകുകയെന്ന് സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരള ഡയറക്ടർ ഡോ. എം.സി. ദിലീപ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അക്കാദമി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ പത്ത് ശതമാനം വിദ്യാർഥികൾക്ക് വികസന വകുപ്പ് മുഖേന സ്കോളർഷിപ്പോടെ സൗജന്യ പരിശീലനം നൽകുന്നുണ്ട്.
പൊന്നാനി ഐസിഎസ്ആർ കേന്ദ്രത്തിൽ 50 ശതമാനം മുസ്ലിം ന്യൂനപക്ഷ വിദ്യാർഥികൾക്കും പത്ത് ശതമാനം പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കും ഫീസിളവുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാതീരം പദ്ധതിയിലൂടെയും പരിശീലനം നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറ് വിദ്യാർഥികൾക്ക് പ്രതിവർഷം 40,000 രൂപ വീതം ഫീസ് തിരിച്ചുനൽകുന്ന പദ്ധതിയുമുണ്ട്.
പ്രിലിംസ്, മെയിൻസ് പരീക്ഷകൾ വിജയിക്കുന്നവർക്ക് സൗജന്യ അഭിമുഖ പരിശീലനത്തിനൊപ്പം ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ ചെലവും കേരള ഹൗസിൽ സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്.
അക്കാദമിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ ഗവേണിംഗ് ബോഡി യോഗം 25ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ ചേരും.
Tags : Civil Services Academy Free training Provide Aspirants Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash