കൊല്ലപ്പെട്ട കുഞ്ഞാമിന, മുഖ്യപ്രതി അബ്ബാസ് അലി
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി സംഭവം നടന്ന് 10 വർഷത്തിനു ശേഷം അറസ്റ്റിൽ. ഡൽഹി സ്വദേശി അബ്ബാസ് അലിയെ (37) യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സാഹസികമായി പിടികൂടിയത്.
ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാലിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഞായറാഴ്ച്ച രാത്രി 10ന് ഡൽഹി പ്രേംനഗറിൽ നിന്ന് സാഹസികമായി അറസ്റ്റുചെയ്തത്.
ഈ കേസിൽ നേരത്തെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ സ്ത്രീകളുടെ സഹോദരനാണ് പിടിയിലായ അബ്ബാസ് അലി. കഴിഞ്ഞ 10 വർഷമായി ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
2016 ഏപ്രിൽ 30നാണ് കണ്ണൂർ ഇരിക്കൂർ സിദ്ദിഖ് നഗറിൽ മെരടൻ കുഞ്ഞാമിനയെ (60) കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാരികളെന്ന വ്യാജേന സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയും, ശേഷം സ്ക്രൂഡ്രൈവർ ഉൾപ്പെടെ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഈ കേസിൽ ഡൽഹി സ്വദേശിനികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നാണ് പൊലിസ് പറയുന്നത്. പിടികൂടിയ സംഘത്തിൽ എസ്ഐമാരായ അബ്ദുൾ റൗഫ്, മനേഷ്, സീനിയർ സിപിഒ മുഹമ്മദ് ഷംഷാദ് എന്നിവരുമുണ്ടായിരുന്നു.