വീണാ വിജയൻ.
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വേറെയും കമ്പനി ഉള്ളതായി സൂചന. എക്സാലോജിക്ക് സൊല്യൂഷൻസിന് പുറമെകോഴിക്കോട് രജിസ്റ്റർ ചെയ്ത ലേക്കര്‍ ഇന്ത്യ കോര്പറേഷന് എന്ന കമ്പനി വീണയുടെതാണെന്ന് ഇഡിക്ക് വിവരം ലഭിച്ചു. കമ്പനിയുടെ 15,57,414 രൂപ മരവിപ്പിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ സ്വത്തു കണ്ടുകെട്ടല്‍ നടപടിയിലേക്ക് കടക്കുന്നതിന് മുന്നോടിയായി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലേക്കര്‍ ഇന്ത്യ കോര്പറേഷന് എന്ന കമ്പനിയുടെയും ഉടമയാണ് വീണ എന്ന് പറയുന്നത്. വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപയും എക്സാലോജിക്കിന്റെ 27,585 രൂപയും മരവിപ്പിച്ചിട്ടുണ്ട്.
മേയ് 27ന് പിണറായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇതുസംബന്ധിച്ച നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. കേസിൽ പ്രതിരോധം ശക്തമാകുന്നതിനിടയിൽ ശശിധരൻ കർത്തയുടെ മൊഴികളും വ്യാജ ഇൻവോയ്സുകളെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നു. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് ശശിധരൻ കർത്ത മൊഴി നൽകിയിരുന്നു.
നൽകാത്ത സേവനത്തിന്റെ ഇൻവോയ്സ് ഐഫോൺ ഉപയോഗിച്ചാണ് നിർമിച്ചതെന്നും വ്യാജ ഐടി സേവനത്തിന്റെ കരാറും കർത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോൺ വഴിയായിരുന്നുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളെക്കുറിച്ചല്ല പണമിടപാടുകളെക്കുറിച്ചാണ് യഥാർത്ഥത്തിൽ ചർച്ച നടന്നതെന്നും ഇഡി വ്യക്തമാക്കുന്നു.
Tags : MasappadiCase VeenaVijayan Exalogic PinarayiVijayan EDRaid Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash