പത്മിനി തോമസ്, പത്മജ വേണുഗോപാൽ
മേയ് നാലിന് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയില്ലായിരുന്നെങ്കിൽ പ്രമുഖ നേതാക്കൾ ബിജെപി വിടുമായിരുന്നോ?. ചോദ്യം ചോദിക്കുകയാണ് കോൺഗ്രസിലെ ചില നേതാക്കൾ. 102 സീറ്റുകൾ നേടി യുഡിഎഫ് ഭരണത്തിലെത്തിയതിന് പിന്നാലെയാണ് പലർക്കും കോൺഗ്രസ് പാരമ്പര്യം ഓർമവന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പത്തു വർഷത്തെ എൽഡിഎഫ് ഭരണം സംസ്ഥാനത്തെ കോൺഗ്രസിനെ തീർത്തുകളഞ്ഞു എന്നാണ് ഇവർ കണക്കുക്കൂട്ടിയിരുന്നത്. പിണറായി വിജയൻതന്നെ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നാണ് ഇത്തരക്കാർ കരുതിയിരുന്നത്.
അങ്ങനെയെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലില്ലാത്ത കോൺഗ്രസിൽ നിന്നിട്ട് എന്തിനാണ് എന്നാണ് ഇവരൊക്കെ ചിന്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബിജെപിയിൽ എത്തി തങ്ങളുടെ ഭാവി സുരക്ഷിതമാക്കി എന്നാണ് ഇവർ ചിന്തിച്ച് വച്ചിരുന്നതെന്നും തിരിച്ചുവരവിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് കോൺഗ്രസ് പാരമ്പര്യവും ഇല്ലായിരുന്നു കുടുംബ പാരന്പര്യവും ഇല്ലായിരുന്നു എന്തിനേറെ പറയുന്നു സഹോദര സ്നേഹം പോലും അത്രയ്ക്ക് ഇല്ലായിരുന്നു. രാഷ്ട്രപതി പദവിവരെയുള്ള പ്രധാന പദവികളിൽ എത്തിക്കാൻ പറ്റുന്ന പാർട്ടിയിൽ നിൽക്കുന്നതായിരുന്നു ആ സമയത്ത് നല്ലതെന്നു വിചാരിച്ച് കാണണം.
പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയത് മേയ് നാലിനാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലെത്തി. പിന്നീട് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ ഭരണം തുടങ്ങുകയും ചെയ്തു. ഈ സമയത്ത് തന്നെയാണ് ജനം തോൽപ്പിച്ച ചില നേതാക്കൾക്ക് കോൺഗ്രസ് പാരമ്പര്യം ഓർമവന്നു തുടങ്ങിയത്. പിന്നെ എത്രയും വേഗം പഴയ പാളയത്തിലേക്കു തിരിച്ച് എത്തണം എന്നു മാത്രമെ ഉണ്ടായിരുന്നുള്ളു. അന്നു തുടങ്ങിയ ആ ആലോചനകളാണ് കഴിഞ്ഞ ദിവസവും ഇന്നുമൊക്കെയായി തീരുമാനത്തിലെത്തിയത്.
പറഞ്ഞുവന്നതു മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെയും അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസിനെയും കുറിച്ചാണ്. 2024ലാണ് ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ഇതിൽ സ്റ്റാർ വാല്യു തീർച്ചയായും പത്മജയ്ക്ക് ആയിരുന്നു. കോൺഗ്രസിന്റെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകൾ പാർട്ടിയിലെത്തിയത് ബിജെപിക്കാർ ദേശീയ തലത്തിൽതന്നെ വലിയ പ്രചാരണവിഷയമാക്കി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് പത്മജ ബിജെപിയിലെത്തിയത്.
തൃശൂർ സീറ്റ് സുരേഷ് ഗോപിയിലൂടെ ലക്ഷ്യമിട്ടിരുന്ന ബിജെപിക്കു കൂടുതൽ ശക്തി പകരുന്നതായിരുന്നു പത്മജയുടെ വരവ്. പത്മജ ബിജെപിയിലെത്തിയത് പിന്നാലെ വടകര എംപിയായിരുന്ന കെ. മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുകയും ചെയ്തു കോൺഗ്രസ്. എന്നാൽ, സുരേഷ് ഗോപിക്ക് അനൂകൂലമായാണ് മണ്ഡലവും വിധിയെഴുതിയത്. കെ. മുരളീധരന്റെ പരാജയത്തിൽ പത്മജയുടെ ബിജപി പ്രവേശനത്തിനു വലിയ പങ്കുണ്ടെന്നു രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തി.
ആ തെരഞ്ഞെടുപ്പിൽതന്നെ പത്മജ ബിജെപിക്കു വേണ്ടി മറ്റൊരു മണ്ഡലത്തിൽ മത്സരിച്ചേക്കും എന്ന് റൂമറും ഉണ്ടായിരുന്നില്ല. അതു നടന്നില്ല. പിന്നീടാണ് തൃശൂർ കേന്ദ്രികരിച്ചു പ്രവർത്തിക്കാൻ പാർട്ടി പത്മജയോടു നിർദേശിച്ചത്. ഒടുവിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജയ്ക്ക് തൃശൂർ സീറ്റ് നൽകുകയും ചെയ്തു. എന്നാൽ, 28000 ത്തോളം വോട്ട് മാത്രമെ പത്മജയ്ക്കു നേടാൻ സാധിച്ചിരുന്നു. മൂന്നാം സ്ഥാനമെന്ന ദയനീയ പരാജയം നേരിടേണ്ടിയും വന്നു. അന്നു തൊട്ടുതന്നെ ബിജെപിയോട് അകലാൻ തുടങ്ങിയിരുന്നു പത്മജ. അവർ ഇപ്പോൾ പറയുന്നത് ബിജെപിയിൽ എത്തി ദിവസങ്ങൾക്കുള്ളിൽതന്നെ ബിജെപി തനിക്ക് പറ്റിയ ഇടമല്ല എന്നു മനസിലാക്കി എന്നാണ്. അത് എന്തുമാകട്ടെ.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ദേശീയ തലത്തിൽ എന്തെങ്കിലും പദവിയിൽതന്നെ എത്തിച്ചും എന്നാണ് പത്മജ കണക്ക് കൂട്ടിയിരുന്നത്. ഗവർണർ പദവിയോ? അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷനിൽ ഏതെങ്കിലും ഉന്നതമായ സ്ഥാനമോ. അങ്ങനെ എന്തെങ്കിലും. ഇത് രണ്ടും നടന്നില്ല. ഇതോടെയാണ് ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്നു പത്മജയ്ക്കു മനസിലായത്. ഒടുവിൽ ചേട്ടൻ മന്ത്രി കെ. മുരളീധരനുമായി ആലോചിച്ചു കോൺഗ്രസിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ കോൺഗ്രസിലേയ്ക്കാണെന്നു പറഞ്ഞിട്ടില്ലെങ്കിലും ചേട്ടനൊപ്പമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് തന്നെയാണ് ലക്ഷ്യമെന്നു വ്യക്തമല്ലെ.
ബിജെപി വിട്ടെങ്കിലും പത്മജ കാര്യമായ വിമർശനം ബിജെപിക്കെതിരെ നടത്തിയിട്ടില്ല. തനിക്ക് പറ്റില്ല, വ്യക്തിപരം, കോൺഗ്രസ് പാരമ്പര്യം ഇതൊക്കെയാണ് പറയുന്നത്. പറയാൻ ഒന്നുമില്ലെങ്കിൽ ഇതൊക്കെ അല്ലെ പറയാൻ പറ്റു. കോൺഗ്രസിൽ ചതിയൻമാരാണ്, തന്നെ തോൽപ്പിച്ചത് കോൺഗ്രസുകാർ തന്നെയാണ്, ബിജെപിയിൽ നല്ല മനസമാധാനമാണ് എന്നൊക്കെയുള്ള മുൻ നിലപാടുകൾ പത്മജ മാറ്റിയത് വളരെ പെട്ടെന്നാണ്. അല്ലെങ്കിലും അധികാര സ്ഥാനങ്ങൾക്കു മുന്നിൽ നിലപാടുകൾക്ക് എന്ത് പ്രസക്തി അല്ലെ?..
സമാനം തന്നെയാണ് ഇന്ന് പാർട്ടി വിട്ട പത്മിനി തോമസിന്റെ കാര്യവും. സ്ഥാനമാനങ്ങൾ കണ്ട് ബിജെപിയിലെത്തിയ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനിക്കും ഒരു തെരഞ്ഞെടുപ്പ് പരാജയവും യുഡിഎഫ് ഭരണത്തിലെത്തേണ്ടിയും വന്നു കോൺഗ്രസ് പാരമ്പര്യം ഓർമവരാൻ. ഇപ്പോൾ മനസിലാക്കിയത്രെ താൻ കോൺഗ്രസ് കുടുംബമാണ് എന്നത്. അധികാരം നോക്കി പോയപ്പോൾ ഇതൊന്നും ഓർമയുണ്ടായിരുന്നില്ല.
എന്തായാലും രണ്ട് പേരെയും ജനം തോൽപ്പിച്ചതാണ്. ഇവരുടെ നിലപാടുകൾ മനസിലാക്കാൻ ജനത്തിനു കഴിഞ്ഞിട്ടുണ്ടാവണം. ഇനിയും അധികാരത്തിനു വേണ്ടി പാർട്ടി മാറാൻ നിൽക്കുന്നവർ ഒരു കാര്യം മറക്കരുത്. ജനം എല്ലാം കാണുന്നുണ്ട്. നിങ്ങൾക്ക് ഇനിയും അവരെ അഭിമുഖീകരിക്കേണ്ടി വരും...
Tags : Padmaja Venugopal Padmini Thomas left Bjp Return Congress UDF Kerala Politics