സ്ത്രീവിരുദ്ധത പരിധിവിടുന്പോൾ
Sunday, October 13, 2019 1:24 AM IST
കഴിഞ്ഞ ഒരാഴ്ചയോളമായി കൂടത്തായി എന്ന ഭൂപ്രദേശം കേരളത്തിന്റെ മാധ്യമ തലസ്ഥാനമായി മാറുന്ന കാഴ്ചയ്ക്ക് നാമൊക്കെ ദൃക്സാക്ഷികളാണ്. ദൃശ്യ അച്ചടി മാധ്യമങ്ങളിലും സമൂഹത്തിന്റെ തന്നെ സ്പന്ദനമായി മാറിക്കൊണ്ടിരിക്കുന്ന സമൂഹ മാധ്യമങ്ങളിലുമൊക്കെ മറ്റൊരു വാർത്തയ്ക്കിടമില്ലാത്ത വിധം ഈ ശ്രേണീ കൊലപാതക വാർത്ത നിറഞ്ഞുനിൽക്കുകയാണ്. വാക്കുകളിലും ശ്രവണത്തിലും ദൃശ്യങ്ങളിലും സത്യങ്ങളായും ഉൗഹാപോഹങ്ങളായും കാർട്ടൂണുകളായും ട്രോളുകളായും ആക്ഷേപഹാസ്യങ്ങളായും കളവും കോളവും നിറഞ്ഞു കവിഞ്ഞുകൊണ്ടിരിക്കുന്നു.
ഏതൊരു കുറ്റകൃത്യവും നിയമവിരുദ്ധവും പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഇവിടെ അച്ചടിമാധ്യമങ്ങളിൽ പുലരുന്ന മാന്യതയുടെയുടെ സംസ്കാരത്തിന്റെയും പരിധികൾക്കപ്പുറം സമൂഹമാധ്യമങ്ങളിലെ ആക്ഷേപങ്ങൾ സർവ സീമകളും ലംഘിച്ച് അരങ്ങ് തകർക്കുകയാണ്. പ്രകൃതിക്കും ഭൂമിക്കും സ്ത്രീലിംഗം ചാർത്തിയ അതേ സംസ്കൃതി തന്നെ അവളെ തെരുവിൽ വലിച്ചിഴയ്ക്കുന്നതും അവഹേളിക്കുന്നതും കൈയുംകെട്ടി നിർവികാരതയോടെ നോക്കി നിൽക്കുന്നുവെന്നത് എത്ര വിരോധാഭാസമാണല്ലേ?
ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് ഈ സവിശേഷ കേസിൽ പ്രതിയായ ഈയൊരൊറ്റ സ്ത്രീ മാത്രമാണ്. ഒരു സ്ത്രീയുടെ പ്രവൃത്തി മാത്രം മുഖവിലയ്ക്കെടുത്ത്, ലക്ഷോപലക്ഷം വരുന്ന നമ്മുടെ അമ്മയും പെങ്ങളും ആയ സ്ത്രീ ജന്മങ്ങളെ ഇത്തരത്തിൽ ട്രോളുകളായും ആക്ഷേപഹാസ്യമായും അപഹസിക്കുന്നത് എത്രയോ അസഹനീയവും പൊറുക്കാനാകാത്തതുമാണ്. ജനസംഖ്യയിൽ പകുതി വനിതകളുണ്ട്. ആരുടെയോ കുൽസിത പ്രവൃത്തികളുടെ പേരിൽ അവർക്കു നേരെ നടക്കുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും നീതീകരിക്കാനാവാത്തതാണ്.
അത്തരം ഹാസ്യങ്ങളുടെ പങ്കുവയ്ക്കലുകളിലും ഫോർവേഡുകളിലും ആത്മസംതൃപ്തി തോന്നുന്നുണ്ടെങ്കിൽ, ഒരു സംശയവും വേണ്ട നാം മലയാളികൾ പാതി മാനസിക രോഗികളായിക്കഴിഞ്ഞു. ട്രോളും ആക്ഷേപഹാസ്യങ്ങളും വേണ്ടെന്നല്ല; മറിച്ച് അവ ക്രിയാത്മകവും വിമർശനാത്മകവുമായിരിക്കണം. എന്നാൽ, ഇപ്പോൾ കാണുന്ന ഇടപെടലുകൾ അരോചകവും ഒപ്പം നിന്ദാത്മകവുമാണ്.
ഡോ.ഡെയ്സൻ പാണേങ്ങാടൻ,അസി. പ്രഫസർ, സെന്റ് തോമസ് കോളജ്, തൃശൂർ