തിരുവനന്തപുരം : തിളച്ചുമറിയുന്ന കുംഭച്ചൂടിലും ശംഖുമുഖത്ത് ആവേശം വിതറി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട നടന്ന സമാപന സമ്മേളനത്തിന്റെ വേദിയിൽ രാഹുൽ ഗാന്ധിയെത്തിയതോടെയാണ് യുഡിഎഫ് പ്രവർത്തകരുടെ ആവേശം അണപൊട്ടിയത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ മണിക്കൂറുകൾക്കു മുൻപേ പ്രവർത്തകർ ശംഖുമുഖത്തെ മണൽപ്പരപ്പിൽ തന്പടിച്ചിരുന്നു. വൈകുന്നേരം ആറോടെ രാഹുൽ ഗാന്ധി വേദിയിലെത്തിയതോടെ പ്രവർത്തകർ ആവേശഭരിതരായി. പിന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു. മുദ്രാവാക്യങ്ങൾ കൊണ്ട ് മുഖരിതമായ ശംഖുമുഖത്ത് രാഹുൽ ഗാന്ധി മടങ്ങും വരെ ആവേശത്തിരമാല ഇരന്പി.
വൈകുന്നേരം അഞ്ചിനാണ് സമ്മേളന നടപടികൾ ആരംഭിച്ചതെങ്കിലും ഉച്ചയോടെ തന്നെ സമ്മേളന സ്ഥലത്തേക്ക് യുഡിഎഫ് പ്രവർത്തകർ ഒഴുകിയെത്തി. യുവാക്കളും മുതിർന്നവരും സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട ായിരുന്നു അക്കൂട്ടത്തിൽ. കോണ്‍ഗ്രസ് പതാകകളും യുഡിഎഫിലെ മറ്റു പാർട്ടികളുടെ പതാകകളുമേന്തി എത്തിയ ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ ഒന്നായി ശംഖുമുഖത്തെ മണൽപ്പരപ്പിൽ ഒരുത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. അതിനിടയിൽ ദേശഭക്തി ഗാനങ്ങളും നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും അരങ്ങ് കൊഴുപ്പിച്ചു. ഡോ. ശശി തരൂർ എംപി പ്രസംഗിക്കാനെത്തിയപ്പോൾ മാസ്ക്ക് മാറ്റണമെന്നായി പ്രവർത്തകരുടെ ആവശ്യം. ഇതേതുടർന്ന് സ്വന്തം മാസ്ക്ക് മാറ്റി പ്രസംഗിക്കാൻ തുടങ്ങിയ തരൂർ പ്രവർത്തകർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ഓർമിപ്പിച്ചു.
യുഡിഎഫ് നേതാവ് പി.ജെ. ജോസഫ് പതിവുപോലെ പാട്ടു പാടിയാണ് പ്രവർത്തകരെ കെയിലെടുത്തത്. പാട്ടിലൂടെ പിണറായി സർക്കാരിന്റെ നടപ്പിലാകാത്ത വാഗ്ദാനങ്ങളെ അദ്ദേഹം കളിയാക്കിയതോടെ പ്രവർത്തകർ ആവേശഭരിതരായി കൈയടിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി പിണറായി സർക്കാരിനെ കടന്നാക്രമിച്ചപ്പോൾ യുഡിഎഫിന്റെ ന്യായ് പദ്ധതിയെ കുറിച്ചാണ് സിഎംപി നേതാവ് സി.പി. ജോണ്‍ വാചാലനായത്.
സമ്മേളനത്തിൽ നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, എം.എം. ഹസൻ, പി.കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശിതരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോണ്‍, ബെന്നിബഹ്നാൻ, ജോണ്‍ജോണ്‍, പി.സി. വിഷ്ണുനാഥ്, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ശരത്ചന്ദ്രപ്രസാദ്, ജോണിനെല്ലൂർ, ഡീൻകുര്യാക്കോസ്, വി.എസ്. ശിവകുമാർ, തന്പാനൂർ രവി, മോൻസ് ജോസഫ്, നെയ്യാറ്റിൻകര സനൽ, പി.ടി. തോമാസ്, സി.പി മുഹമ്മദ്, ലതികാ സുഭാഷ്, മാത്യു കുഴൽനാടൻ, ശൂരനാട് രാജശേഖരൻ, ബാബു പ്രസാദ്, എൻ. ശക്തൻ, ഷാനിമോൾ ഉസ്മാൻ, ആർ. ചന്ദ്രശേഖരൻ, പി.കെ. വേണുഗോപാൽ, ബീമാപ്പള്ളി റഷീദ്, മണ്‍വിള രാധാകൃഷ്ണൻ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.