ദേ​ശീ​യപാ​ത​ക​ള്‍ ആ​റു​വ​രി​യാ​ക്കും: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, June 25, 2022 11:46 PM IST
വെ​ള്ള​റ​ട: മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ ദേ​ശീ​യ പാ​ത​ക​ള്‍ ആ​റു​വ​രി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.​മൈ​ല​ക്ക​ര,പൂ​ഴ​നാ​ട്, മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ്, മ​ണ​ക്കാ​ല പേ​രേ​ക്കോ​ണം റിം​ഗ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2025 ഓ​ടെ സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​താ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യും.

കാ​സ​ര്‍​ഗോ​ഡു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് ആ​റു​വ​രി പാ​ത​യാ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് 25 ശ​ത​മാ​നം തു​ക ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ തു​ക​യും ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ മ​ല​യോ​ര ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ഗ്രാ​മീ​ണ റോ​ഡാ​ണ് മൈ​ല​ക്ക​ര പൂ​ഴ​നാ​ട് മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് മ​ണ​ക്കാ​ല പേ​രേ​ക്കോ​ണം റിം​ഗ് റോ​ഡ്.

സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റു​പു​ഷ്പം, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.