പെരിന്തൽമണ്ണ: കായിക, ജീവകാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയ പെരിന്തൽമണ്ണ കാദറലി ക്ലബ് പെരിന്തൽമണ്ണയിൽ ആധുനിക സ്റ്റേഡിയം നിർമിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നു. ഇതിനായി ജനപ്രതിനിധികളടക്കം വിവിധ സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള യോഗം ഇന്നു ചേരും. വിജയകരമായി പൂർത്തിയാക്കിയ 49-ാമത് കാദറലി സെവൻസ് ഫുട്ബോളിന്റെ വരവുചെലവുകൾ അവതരിപ്പിച്ച സംഘാടകസമിതി യോഗത്തിലാണ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് ഇക്കാര്യം അറിയിച്ചത്. ആറു എക്കറോളം സ്ഥലം ഇതിനായി കണ്ടെത്തേണ്ടതുണ്ട്. സ്റ്റേഡിയം നിർമാണത്തിനു സർക്കാർ സഹായത്തോടെയോ ’സിയാൽ’ മാതൃകയിൽ കന്പനിയുണ്ടാക്കിയോ നടപ്പാക്കാനാണ് ആലോചന. എംഎൽഎ, നഗരസഭാധ്യക്ഷൻ, നിയോജകമണ്ഡലത്തിലേതടക്കം എട്ടു പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, പെരിന്തൽമണ്ണിലെ ക്ലബുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഐഎംഎ തുടങ്ങിയവയുടെ പ്രതിനിധികളടക്കം 30 പേരുടെ പ്രാഥമിക യോഗമാണ് ഇന്നു കാദറലി ക്ലബിൽ ചേരുക.
ഇത്തവണത്തെ സെവൻസ് ടൂർണമെന്റിലൂടെ ലഭിച്ച വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. 42,93,500 രൂപ വരവും 38,11,085 രൂപ ചെലവും 4,82,415 രൂപ ലാഭവുമുള്ള കണക്ക് യോഗത്തിൽ അവതരിപ്പിച്ചു. ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാറ്റിവയ്ക്കുന്നതിന്റെ ഭാഗമായി രണ്ടു പദ്ധതികൾ ക്ലബ്് ഇത്തവണ ഏറ്റെടുത്തു നടത്തും. നഗരസഭാപരിധിയിലെ വൃക്കരോഗികൾക്കു മാസം തോറും സഹായധനം നൽകുന്ന പദ്ധതി നടപ്പാക്കും. കൂടാതെ പെരിന്തൽമണ്ണയിലെ കിടപ്പുരോഗികൾക്കു മെഡിക്കൽ ഉപകരണങ്ങൾ വീട്ടിലെത്തിച്ചു നൽകും.
ഓഗസ്റ്റിൽ ആരംഭിക്കുന്ന ഈ പദ്ധതികളുടെ പ്രാഥമിക ഒരുക്കങ്ങളായി. ടൂർണമെന്റ് ഫൈനലിൽ തന്നെ പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിനു ഒരു ലക്ഷം രൂപയുടെയും ഗവണ്മെന്റ് മോഡൽ സ്കൂളിന് അരലക്ഷം രൂപയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് 25,000 രൂപയുടെയും ചെക്കുകൾ വിതരണം ചെയ്തിരുന്നു.
വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ്് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണയിലെ കായിക, രാഷ്ട്രീയ, സന്നദ്ധ, സേവന മേഖലകളിലുള്ളവർ പങ്കെടുത്തു.