48 വാ​ദ്യ​ ക​ലാ​കാ​ര​ന്മാ​ർ​ക്കു സ​ഹാ​യം
Monday, November 29, 2021 12:28 AM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് ത​രം​ഗ​ത്തി​ൽ നി​ശ്ച​ല​മാ​യ വാ​ദ്യ​ക​ലാ രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് സ്നേ​ഹ സാ​ന്ത്വ​ന​മേ​കി ബ​ഹ്‌​റി​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സോ​പാ​നം വാ​ദ്യ​ക​ലാ സം​ഘം.
കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ ക്ഷേ​ത്ര വാ​ദ്യ​ക​ല​ക​ൾ നി​ശ്ച​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ജീ​വ​ന​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സോ​പാ​നം വാ​ദ്യ ക​ലാ സം​ഘം സ്‌​നേ​ഹ സാ​ന്ത്വ​നം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.
​കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ 100 വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​ത്.
5,000 രൂ​പ​യ​ട​ങ്ങു​ന്ന സാ​ന്ത്വ​നം പ​ദ്ധ​തി​ക്കാ​യി ബ​ഹ്‌​റി​നി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സോ​പാ​നം വാ​ദ്യ ക​ലാ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഞ്ചു ല​ക്ഷം പി​രി​ച്ചെ​ടു​ത്ത​ത്.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് 48 വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് കൊ​യി​ലാ​ണ്ടി കോ​ര​യ​ങ്ങാ​ട് ക​ലാ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​ക കൈ​മാ​റി. പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.